കേന്ദ്രസര്‍ക്കാരിന്റെ വാക്കില്‍ വിശ്വാസമില്ല; വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ സമരത്തിന് പിന്തുണയുമായി കേന്ദ്രമന്ത്രി വികെ സിങിന്റെ മകള്‍

single-img
23 August 2015

oropന്യൂഡല്‍ഹി: വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്ന വിമുക്തഭടന്മാര്‍ക്ക് പിന്തുണയുമായി കേന്ദ്രമന്ത്രി വികെ സിങിന്റെ മകള്‍. ഡല്‍ഹിയിലെ ജന്തര്‍മന്ദിറില്‍ എത്തിയാണ് മൃണാളിനി പിന്തുണ അറിയിച്ചത്. പദ്ധതി നടപ്പാക്കുമെന്ന പ്രഖ്യാപനം ആവര്‍ത്തിക്കുകയല്ലാതെ പ്രാവര്‍ത്തികമാക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ മെല്ലപ്പോക്ക് തുടരുന്നതിനിടയിലാണ് മുന്‍ കരസോനാ മേധാവി കൂടിയായ വികെ സിങിന്റെ മകള്‍ സമരത്തില്‍ പങ്കെടുത്തത്.

സമരാനുകൂലികള്‍ക്ക് പിന്തുണ നല്‍കാന്‍ വേണ്ടിയാണ് സമരത്തില്‍ പങ്കെടുത്തതെന്ന് മൃണാളിനി പറഞ്ഞു. താന്‍ ഒരു സൈനിക കുടുംബത്തിലാണ് ജനിച്ചത്. തന്റെ മുത്തച്ഛനും സൈനികനായിരുന്നു. ചിലപ്പോള്‍ തന്റെ മകനും അതിലേക്ക് കടന്നേക്കാം.  ഈ വിഷയം അച്ഛനുമായി സംസാരിച്ചതാണ് അദ്ദേഹം പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്നും മൃണാളിനി പറഞ്ഞു. സമരക്കാരുടെ ആവശ്യം അംഗീകരിക്കാന്‍ സര്‍ക്കാര്‍ ഉടന്‍ ഇടപെടുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ജൂണ്‍ 12 മുതലാണ് ഡല്‍ഹി ജന്തര്‍ മന്ദിറില്‍ വിമുക്തഭടന്മാരുടെ അനിശ്ചിതകാല സമരം തുടങ്ങിയത്.  ആഗസ്ത് 15 ന്  സ്വാതന്ത്ര്യദിനാഘോഷത്തിന് പൊലിമ നഷ്ടപ്പെടുമെന്നതിനാല്‍ സമരം നടത്തുന്നവരെ ബലം പ്രയോഗിച്ച് നീക്കാനുള്ള ശ്രമം ഉണ്ടായിരുന്നു.

2014നെ അടിസ്ഥാനമാക്കി വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി നടപ്പാക്കണമെന്നാണ് വിമുക്തഭടന്മാരുടെ ഇപ്പോഴത്തെ ആവശ്യം. 2011 അടിസ്ഥാനമാക്കി പെന്‍ഷന്‍ അനുവദിക്കുന്നതിനായിരുന്നു സര്‍ക്കാര്‍ പരിഗണന. ഇതുവഴി 20,000 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാകുമെന്ന് സര്‍ക്കാര്‍ കണക്കാക്കുന്നു. ഓരേ റാങ്കില്‍ ഒരേ സര്‍വ്വീസ് കാലവാധി പൂര്‍ത്തിയാക്കി വിരമിച്ചവര്‍ക്ക് തുല്യ പെന്‍ഷന്‍ എന്നതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി.