പാകിസ്താന്‍ ഇന്ത്യുമായുള്ള ചര്‍ച്ചയില്‍ നിന്നും പിന്മാറി

single-img
23 August 2015

india-pakന്യൂഡല്‍ഹി: കശ്മീര്‍ അജണ്ടയിലില്ലാത്ത ചര്‍ച്ചയ്ക്കില്ലെന്ന് പ്രഖ്യാപിച്ച് പാകിസ്താന്‍ ഇന്ത്യുമായുള്ള ചര്‍ച്ചയില്‍ നിന്നും പിന്മാറി. ഇന്ത്യ മുന്നോട്ടുവെച്ച ഉപാധികള്‍ അംഗീകരിക്കാനാവില്ലെന്ന് പാകിസ്താന്‍ വ്യക്തമാക്കി. സുഷമാ സ്വരാജിന്റെ വാര്‍ത്താ സമ്മേളനത്തെ കുറിച്ച് ഉന്നത തല യോഗം ചര്‍ച്ച ചെയ്തശേഷം പാക് സര്‍ക്കാര്‍ പത്രക്കുറിപ്പിലൂടെയാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ ചര്‍ച്ചയില്‍ നിന്നും പിന്മാറ്റം അറിയിച്ചത്.

സുഷമാ സ്വരാജ് മുന്നോട്ടുവെച്ച രണ്ട് ഉപാധികളുടെ അടിസ്ഥാനത്തില്‍ ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള എന്‍എസ്എ തലത്തിലുള്ള ചര്‍ച്ചയ്ക്ക് താല്‍പര്യമില്ലെന്ന് പാകിസ്താന്‍ വ്യക്തമാക്കി. തീവ്രവാദത്തില്‍ മാത്രം ചര്‍ച്ചയാകാമെന്നായിരുന്നു ഇന്ത്യുടെ നിലപാട്.

കശ്മീര്‍ പ്രശ്‌നം ചര്‍ച്ച ചെയ്യില്ലെന്നും ഹുര്‍റിയത് പോലെ മൂന്നാമതൊരു കക്ഷിയെ ഉള്‍പ്പെടുത്തരുതെന്നും പാകിസ്താന്‍ ഇന്ന് അര്‍ദ്ധരാത്രിക്കകം നിലപാട് വ്യക്തമാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ചര്‍ച്ചയില്‍ നിന്നും പാകിസ്താന്‍ പിന്മാറിയതോടെ ഡല്‍ഹിയില്‍ കശ്മീരി വിഘടനവാദികളുമായി പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് നിശ്ചയിച്ചിരുന്ന ചര്‍ച്ചയും ഇല്ലാതായി.

അതേസമയം ചര്‍ച്ചയില്‍ നിന്നും പിന്മാറാനുള്ള പാകിസ്താന്റെ തീരുമാനം നിര്‍ഭാഗ്യകരമാണെന്നും ഇന്ത്യ ഒരു ഉപാധിയും മുന്നോട്ടുവെച്ചിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഷിംല കരാറും ഉപാധിയിലെ ധാരണയും പാകിസ്താനെ ഓര്‍മപ്പെടുത്തുക മാത്രമാണ് ചെയ്തത്. തീവ്രവാദം മാത്രമെ ചര്‍ച്ച ചെയ്യൂ എന്ന് ഉഫയിലെ ധാരണയാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഇന്ത്യ-പാക് പ്രധാനമന്ത്രിമാര്‍ തമ്മില്‍ റഷ്യയിലെ ഉഫയില്‍ ഉണ്ടാക്കിയ ധാരണയനുസരിച്ചായിരുന്നു നാളെ ഡല്‍ഹിയില്‍ ഇരു രാഷ്ട്രങ്ങളുടെയും സുരക്ഷാ ഉപദേഷ്ടാക്കള്‍ യോഗം ചേരാനിരുന്നത്. ഇന്ത്യുടെ അജിത് ഡോയലും പാകിസ്താന്റെ സര്‍താജ് അസീസും തമ്മിലാണ് ചര്‍ച്ച നിശ്ചയിച്ചിരുന്നത്. തീവ്രവാദം മാത്രമല്ല കശ്മീരും പ്രധാന വിഷയമാണെന്ന് പാകിസ്താന്‍ കൂട്ടിച്ചേര്‍ത്തു.

ഭീകരതയെ കുറിച്ച് മാത്രമായിരിക്കും ഇരു രാഷ്ട്രങ്ങളുടെയും സുരക്ഷാ ഉപദേഷ്ടാക്കള്‍ തമ്മിലുള്ള ചര്‍ച്ചയെന്നും കശ്മീരിനെ കുറിച്ച് ചര്‍ച്ചയില്ലെന്നും വിദേശകാര്യമന്ത്രി സുഷമാസ്വരാജ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ഭീകരവാദവും അക്രമവും ചര്‍ച്ച ചെയ്യാനാണ് ഉഫയില്‍ ധാരണയായത്. കശ്മീര്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാമെന്ന് ധാരണയായിരുന്നില്ല. പാകിസ്താന്‍ പതിവായി ചര്‍ച്ചകള്‍ വഴിതെറ്റിച്ചിട്ടുണ്ട്. 98ല്‍ വാജ്‌പേയ് സര്‍ക്കാര്‍ തുടങ്ങിയ സമഗ്ര ചര്‍ച്ച പാകിസ്താന്‍ അട്ടിമറിച്ചു. തീവ്രവാദവും ചര്‍ച്ചയും ഒന്നിച്ച് കൊണ്ടുപോകാനാകില്ലെന്നും സുഷമ പറഞ്ഞു.

ഉഫയില്‍ ഇരു രാജ്യത്തെയും പ്രധാനമന്ത്രിമാര്‍ തമ്മില്‍ സമ്മിശ്ര ചര്‍ച്ച പുനരാരംഭിക്കാന്‍ ധാരണയായിട്ടില്ല. മൂന്ന് ചര്‍ച്ചകള്‍ക്കാണ് ധാരണയായത്. ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ തമ്മിലുള്ള ചര്‍ച്ച, ഇരു രാഷ്ട്രങ്ങളുടെയും അതിര്‍ത്തി സൈന്യത്തിലെ ഡയറക്ടര്‍ ജനറല്‍ മാര്‍ തമ്മിലുള്ള ചര്‍ച്ച, അതുപോലെ ഡിജിഎംഒ തലത്തിലുള്ള ചര്‍ച്ച എന്നിവയ്ക്കാണ് ധാരണയായത്.

എന്നാല്‍ ഉഫയിലെ ധാരണയ്ക്ക് പാക് പ്രധാനമന്ത്രി നവാസ് ശരീഫിന് പാകിസ്താനില്‍ എതിര്‍പ്പ് നേരിടേണ്ടിവന്നെന്നും അതാണ് എന്‍എസ്എ തലത്തിലുള്ള ചര്‍ച്ച റദ്ദാക്കാനുള്ള നീക്കങ്ങള്‍ക്ക് പിന്നിലെന്നും സുഷമ ആരോപിച്ചു.

ഉഫ ധാരണയ്ക്ക് ശേഷം ഗുര്‍ദാസ്പൂരില്‍ ഭീകരാക്രമണമുണ്ടായി. അതിന് ശേഷം ഉധംപൂരിലും. പാകിസ്താനുമായുള്ള ചര്‍ച്ചയില്‍ നിന്ന് പിന്മാറാന്‍ സമ്മര്‍ദ്ദമുണ്ടെങ്കിലും ഭീകരതയ്‌ക്കെതിരെ ചര്‍ച്ച അനിവാര്യമായതിനാലാണ് അതിന് മുതിര്‍ന്നത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചയ്ക്ക് ഒരുക്കമാണ്. അത് ഭീകരതയില്‍ മാത്രമായിരിക്കും. ആ തരത്തിലുള്ള ചര്‍ച്ചയ്ക്ക് പാകിസ്താനെ സ്വാഗതം ചെയ്യുന്നു. ഷിംല കരാര്‍ അടിസ്ഥാനത്തില്‍ മൂന്നാമതൊരു കക്ഷി പാടില്ലെന്നും ഹുര്‍യത്തിനെ കക്ഷിയാക്കരുതെന്നും സുഷമ പറഞ്ഞു. ഉഫയിലെ ധാരണ പ്രകാരം ഭീകരതയെ കുറിച്ചുള്ള ചര്‍ച്ചയ്ക്ക് സര്‍താജ് അസീസിനെ സ്വാഗതം ചെയ്യുന്നതായും സുഷമ വ്യക്തമാക്കിയിരുന്നു.

പാകിസ്താന്‍ നയതന്ത്ര പ്രതിനിധി സംഘം ഹുറിയത് നേതാക്കളുമായും വിഘടനവാദി നേതാക്കളുമായും ചര്‍ച്ച നടത്തുന്നതിനെ ന്യായീകരിച്ച് പാക് ദേശീയ ഉപദേഷ്ടാവ് സര്‍താജ് അസീസ് രംഗത്തെത്തിയിരുന്നു.  ഇതിന് പിന്നാലെയാണ് സുഷമ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്.

കശ്മീര്‍ തന്നെ പ്രധാനമെന്ന് പാകിസ്താന്‍

ഹുറിയത് നേതാക്കളെ ഡല്‍ഹിയില്‍ അറസ്റ്റ് ചെയ്തത് അസ്വസ്ഥതയുണ്ടാക്കുന്ന കാര്യമാണെന്നും അറസ്റ്റ് അവരുടെ മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്നും സര്‍താജ് അസീസ് പറഞ്ഞു. സമാധാനം നിലനിര്‍ത്താന്‍ ഇന്ത്യയും പാകിസ്താനും തുല്യ ഉത്തരവാദികളായിരിക്കുമെന്ന യുഎഫ്എ പ്രസ്താവനയെക്കുറിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി മോഡി ആലോചിക്കണമെന്നും സര്‍താജ് ആവശ്യപ്പെട്ടു.

ഹുറിയത് നേതാക്കളെ കാണരുതെന്ന നിബന്ധന മുന്നോട്ടു വെച്ചത് ഇന്ത്യയാണ്. ഓഗസ്റ്റ് 24ന് നിശ്ചയിച്ചിരിക്കുന്ന ചര്‍ച്ച നടന്നില്ലെങ്കില്‍ സെപ്തംബറില്‍ ന്യൂയോര്‍ക്കില്‍ വെച്ച് പാക്‌സിതാന്റെ കൈവശമുള്ള ഫയലുകളും മറ്റും അജിത് ഡോവലിന് കൈമാറും.

യുഎഫ്എ സ്റ്റേറ്റ്‌മെന്റിനെ ഇന്ത്യ വ്യാഖ്യാനിക്കുന്നത് ശരിയല്ലെന്നും പാകിസ്താന് കശ്മീര്‍ പ്രശ്‌നം വളരെ പ്രധാനപ്പെട്ടതാണെന്നും സര്‍താജ് പറഞ്ഞു. തീവ്രവാദത്തിനൊപ്പം കശ്മീര്‍ പ്രശ്‌നവും ചര്‍ച്ച ചെയ്യണമെന്നാണ് പാകിസ്താന്റെ ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.