മലപ്പുറം നഗരസഭയെ രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ്ണ വൈഫൈ നഗരസഭയായി പ്രഖ്യാപിച്ചു

single-img
22 August 2015

Kottaരാജ്യത്തെ ആദ്യ സമ്പൂര്‍ണ സൗജന്യ വൈഫൈ നഗരസഭയായി മലപ്പുറം നഗരസഭയെ പ്രഖ്യാപിച്ചു. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയാണ് പ്രഖ്യാപനം നടത്തിയത്. ഇന്റര്‍നെറ്റിന്റെ വമ്പന്‍ സാധ്യതകളിലേക്കുള്ള കേരളത്തിന്റെ കാല്‍വയ്പാണു സൗജന്യ വൈഫൈ എന്നു മന്ത്രി പറഞ്ഞു.

നഗരസഭാപരിധിയിലെ മുഴുവനാളുകള്‍ക്കും റയില്‍ടെല്‍ കോര്‍പറേഷന്റെ സഹകരണത്തോടെയാണു സൗജന്യ വൈഫൈ ലഭ്യമാക്കുന്നത്. ഒരു വര്‍ഷം 40 ലക്ഷം രൂപയാണു പദ്ധതിക്കായി നഗരസഭ ചെലവഴിക്കുന്നത്. ആദ്യഘട്ടത്തില്‍ കോട്ടപ്പടിയിലും കുന്നുമ്മലിലും മാത്രമേ വൈഫൈ ലഭിക്കുകയുള്ളു.

വൈഫൈ ഉപയോഗിക്കാനുള്ള പാസ്‌വേഡുകള്‍ അപേക്ഷകരുടെ മൊബൈലിലേക്ക് എസ്എംഎസ് ആയി എത്തും. ആദ്യം അപേക്ഷിച്ച 5,000 പേര്‍ക്കാണ് തുടക്കത്തില്‍ പാസ്‌വേഡ് കിട്ടുകയെന്നും അധികൃതര്‍ അറിയിച്ചു. വൈഫൈയ്ക്ക്250 കെബിപിഎസ് വേഗം കിട്ടുമെന്നു നഗരസഭാധ്യക്ഷന്‍ പറഞ്ഞു.

നഗരസഭ നടപ്പാക്കുന്ന ഇലക്ട്രോണിക് മെഡിക്കല്‍ റെക്കോര്‍ഡ്, ഇ-ട്യൂട്ടറിങ് പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി മഞ്ഞളാംകുഴി അലി നിര്‍വഹിച്ചു. പി. ഉബൈദുല്ല എംഎല്‍എ ആധ്യക്ഷ്യം വഹിച്ചു. ഫോട്ടോയും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പുമായി നഗരസഭാ ഓഫിസിലെത്തി ഫോം പൂരിപ്പിച്ച് കൗണ്‍സിലറുടെ ഒപ്പും ചേര്‍ത്ത് നല്‍കി വൈഫൈയ്ക്ക് അപേക്ഷിക്കാന്‍ ഇനിയും അവസരമുണ്ടെന്നും നഗരസഭാധ്യക്ഷന്‍ അറിയിച്ചു.