ദാവൂദ് ഇബ്രാഹിം പാകിസ്ഥാനിൽ തന്നെയുണ്ടെന്ന് തെളിയിക്കുന്ന പുതിയ ചിത്രങ്ങള്‍ ഇന്ത്യ പുറത്തുവിട്ടു

single-img
22 August 2015

dawood-ibrahimഇന്ത്യ തേടുന്ന കൊടും കുറ്റവാളി ദാവൂദ് ഇബ്രാഹിം പാകിസ്ഥാനിൽ തന്നെയാണെന്നതിന്റെ കൂടുതൽ തെളിവുകൾ പുറത്ത്. കറാച്ചിയിലെ ക്ലിഫ്ടൺ റോഡിലെ വസതിയിലാണ് ദാവൂദ് താമസിക്കുന്നതെന്ന് വ്യക്തമാക്കിയ ഇന്ത്യ അധോലോകനായന്റെ ഏറ്റവും പുതിയ ചിത്രവും പുറത്തുവിട്ടു. ഈ മാസം നടക്കുന്ന ഇന്ത്യ- പാക് ഉപദേഷ്‌ടാക്കളുടെ ചര്‍ച്ചയില്‍ രേഖകള്‍ ഇന്ത്യ പാകിസ്ഥാന് കൈമാറും. ഇതോടെ ദാവൂദ് ഇബ്രാഹിം തങ്ങളുടെ രാജ്യത്തില്ലെന്ന പാകിസ്ഥാന്റെ വാദം വീണ്ടും ദുര്‍ബലമായി.

കറാച്ചിയിൽ ദാവൂദ് താമസിക്കുന്ന സ്ഥലത്തെ ടെലിഫോൺ ബില്ലുകൾ രഹസ്യാന്വേഷണ ഏജൻസികൾ കണ്ടെത്തി. 2015 ഏപ്രില്‍ മാസത്തിലേതാണ് ബില്‍. ദാവൂദിന്റെ കുടുംബം പാകിസ്ഥാനില്‍ നിന്ന് ദുബായിലേക്കും തിരിച്ചും ഒട്ടേറെ തവണ യാത്ര ചെയ്തതിന്റെ രേഖകളും ലഭിച്ചിട്ടുണ്ട്.

ദാവൂദിന്റെ കൈവശം മൂന്നു പാകിസ്ഥാൻ പാസ്‌പോർട്ടുകളുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ദാവൂദ് പാകിസ്ഥാനിലുണ്ടെന്ന് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇന്ത്യയുടേത് വെറും ആരോപണങ്ങള്‍ മാത്രമാണെന്ന് പറഞ്ഞ് പാകിസ്ഥാന്‍ ആരോപണങ്ങള്‍ തള്ളിയിരുന്നു.