ഇ ശ്രീധരന്റെ വൈദഗ്ദ്യത്തെ ചോദ്യം ചെയ്ത് ഇന്ത്യന്‍ റെയില്‍വെ

single-img
20 August 2015

E Sreedharan - 1ദില്ലി: ഇ ശ്രീധരന്റെ വൈദഗ്ദ്യത്തെ ചോദ്യം ചെയ്ത് ഇന്ത്യന്‍ റെയില്‍വെ. ജമ്മു കശ്മീരിലെ കത്ര ബനിഹാള്‍ റെയില്‍വെ ലൈന്‍ നിലവിലെ രൂപത്തില്‍ സുരക്ഷിതമല്ലെന്ന് ഇ ശ്രീധരന്‍ കമ്മറ്റി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതാണ് റെയില്‍വെയെ ചൊടിപ്പിച്ചത്. ഇ ശ്രീധരന്‍ നിര്‍മ്മിച്ച കൊങ്കണ്‍ റെയില്‍വെയിലും അപകടങ്ങളുണ്ടായെന്നും ഏത് വിദഗ്ധനും തെറ്റ് പറ്റാമെന്നും റെയില്‍വെ ദില്ലി ഹൈക്കോടതിയില്‍ നല്‍കിയ മറുപടിയില്‍ പറയുന്നു.

പദ്ധതി രൂപകല്‍പ്പനയിലെ പോരായ്മ, ടണലുകളുടെ ബലക്കുറവിനുള്ള സാധ്യത, അതിര്‍ത്തിയിലെ സംഘര്‍ഷ സാധ്യത എന്നിവ ചൂണ്ടിക്കാട്ടിയാണ് മുന്‍ റെയില്‍വെ ഉദ്യോഗസ്ഥന്‍ കൂടിയായ ഇ ശ്രീധരന്‍ കത്ര ബനിഹാള്‍ റെയില്‍വെ ലൈനില്‍ മാറ്റം നിര്‍ദ്ദേശിച്ചത്. എന്നാല്‍ നിലവില്‍ പദ്ധതി പൂര്‍ത്തിയാക്കുന്നതില്‍ റെയില്‍വെ 13 വര്‍ഷം വൈകിച്ചു. ശ്രീധരന്റെ നേതൃത്വത്തില്‍ നിര്‍മ്മിച്ച കൊങ്കണ്‍ റെയില്‍വെയില്‍ അപകടത്തില്‍ ഇതു വരെ കൊല്ലപ്പെട്ടത് 79 പേരാണെന്ന് റെയില്‍വെ കുറ്റപ്പെടുത്തുന്നു.

എന്നാല്‍ ജമ്മു കത്ര റെയില്‍വെയില്‍ ഇത് വരെ ഒരപകടം പോലും നടന്നിട്ടില്ലെന്നും റെയില്‍വെ വാദിക്കുന്നു. കൊങ്കണ്‍ പാത നിര്‍മ്മിച്ചിട്ട് നാല് പതിറ്റാണ്ട് പിന്നിടുമ്പോള്‍ ജമ്മു കത്ര പാത തുറന്നിട്ട് ഒരു വര്‍ഷം പോലുമായിട്ടില്ല എന്നത് റെയില്‍വെ സൗകര്യപൂര്‍വ്വം മറക്കുന്നു. റെയില്‍വെയുടെ പരാമര്‍ശത്തോട് കോടതിയില്‍പ്രതികരിക്കാമെന്നാണ് ഇ ശ്രീധരന്റെ നിലപാട്. പ്രശാന്ത് ഭൂഷണാണ് പദ്ധതി സുരക്ഷിതമല്ലെന്ന് കാട്ടി ദില്ലി ഹൈക്കോടതിയെ സമീപിച്ചത്.