മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യ സൂത്രധാരന്‍ ഹാഫിസ് സെയ്ദ് ഭീകരവാദ പരിശീലന ക്യാംപ് സന്ദര്‍ശിച്ചിരുന്നു; ഉധംപൂര്‍ ഭീകരാക്രമണത്തില്‍ പാകിസ്താന്റെ പങ്ക് വ്യക്തമാകുന്ന വെളിപ്പെടുത്തലുമായി മുഹമ്മദ് നവേദ്

single-img
20 August 2015

NAVED_UDHAMPUR_PTIന്യൂഡല്‍ഹി: ഉധംപൂര്‍ ഭീകരാക്രമണത്തിലുള്ള പാകിസ്താന്റെ പങ്ക് വ്യക്തമാകുന്നു. പിടിയിലായ പാക് ഭീകരന്‍ മുഹമ്മദ് നവേദ് ചോദ്യം ചെയ്യലിനിടെയാണ് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തിയത്. ദേശീയ അന്വേഷണ ഏജന്‍സികള്‍ കഴിഞ്ഞ ദിവസം മുഹമ്മദ് നവേദിനെ നുണ പരിശോധന ഉള്‍പ്പെടെയുള്ള ശാസ്ത്രീയ പരിശോധനകള്‍ക്ക് വിധേയനാക്കിയിരുന്നു. മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യ സൂത്രധാരന്മാരില്‍ ഒരാളുമായ ഹാഫിസ് സെയ്ദ്, പാകിസ്താന്‍ പട്ടാള ഉദ്യോഗസ്ഥര്‍ എന്ന് തോന്നിപ്പിക്കുന്ന ചിലര്‍, തുടങ്ങിയവര്‍ ഷവായി നല്ലയിലെ ഭീകരവാദ പരിശീലന ക്യാംപില്‍ എത്തിയിരുന്നതായി നവേദ് പറഞ്ഞിരുന്നു.

ഫാഫിസ് സെയ്ദ് ഉള്‍പ്പെടെയുള്ള ആളുകള്‍ കൃത്യമായ ഇടവേളകളില്‍ പരിശീല ക്യാംപ് സന്ദര്‍ശിച്ചിരുന്നെന്നും ക്യാംപിലെ ആളുകള്‍ക്ക് പ്രചോദനം നല്‍കുന്ന തരത്തിലുള്ള പ്രസംഗങ്ങള്‍ നടത്തിയിരുന്നെന്നും നവേദ് പറഞ്ഞു. പാകിസ്താനില്‍ ഭീകരവാദ പരിശീലനം നടന്നു വരുന്ന ചില ക്യാംപുകളെ കുറിച്ചുള്ള വിവരങ്ങളും ഇവ എവിടെയാണ് പ്രവര്‍ത്തിക്കുന്നതെന്നുമുള്ള വിവരങ്ങള്‍ നവേദില്‍നിന്ന് സുരക്ഷാ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ട്.

ലഷ്‌കര്‍-ഇ-തൊയ്ബ നടത്തുന്ന ബയ്തൂള്‍ മുസാഹിദ്ദീന്‍ പരിശീലന ക്യാംപില്‍ തനിക്ക് പരിശീലനം ലഭിച്ചിട്ടുണ്ടെന്ന വിവരവും നവേദിനെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.  നവേദിന്റെ വെളിപ്പെടുത്തലുകള്‍ പാക് മണ്ണില്‍ ഭീകരവാദത്തിന് പ്രോത്സാഹനം നല്‍കുന്നുണ്ടെന്ന വാദത്തിന് തെളിവാണ്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സുരക്ഷാ ഉപദേശക തല ചര്‍ച്ചകള്‍ ഓഗസ്റ്റ് 23ന് നടക്കാനിരിക്കയാണ് മുഹമ്മദ് നവേദിന്റെ വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്.