ഇനി ഇരുചക്രവാഹനത്തിന്‍െറ പിന്നിലിരുന്ന് യാത്ര ചെയ്യുന്നവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധം; ഗതാഗതനിയമം ലംഘിക്കുന്നവരുടെ ലൈസന്‍സ് മൂന്നുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്യും; മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കുന്നവര്‍ക്ക് തടവുശിക്ഷ

single-img
20 August 2015

helmet_2456991gന്യൂഡല്‍ഹി: ഇരുചക്രവാഹനത്തിന്‍െറ പിന്നിലിരുന്ന് യാത്ര ചെയ്യുന്നവരും ഹെല്‍മറ്റ് നിര്‍ബന്ധമാക്കണം.  സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് രാധാകൃഷ്ണന്‍ അധ്യക്ഷനായ റോഡ് സുരക്ഷാസമിതി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ഗതാഗതനിയമം ലംഘിക്കുന്നവരുടെ ലൈസന്‍സ് മൂന്നുമാസം സസ്പെന്‍ഡ് ചെയ്യണം. കൂടാതെ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കുന്നവര്‍ക്ക് തടവുശിക്ഷ ഉറപ്പാക്കണമെന്നും സമിതി നിര്‍ദേശിച്ചു.

അപകടം നിയന്ത്രിക്കാന്‍ മോട്ടോര്‍ വാഹനനിയമത്തിലെ 19ാം വകുപ്പു പ്രകാരം കുറ്റക്കാര്‍ക്കെതിരെ സംസ്ഥാനങ്ങള്‍ കര്‍ശനനടപടി സ്വീകരിക്കണമെന്നും സുരക്ഷാസമിതി നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നു. കാറുകളില്‍ യാത്രചെയ്യുന്നവര്‍ക്ക് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കണം. അമിതവേഗം, സിഗ്നല്‍ ലംഘനം, മദ്യപിച്ച് വാഹനമോടിക്കുക, വാഹനമോടിക്കുന്നതിനിടയില്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്ക് പിടിക്കപ്പെടുന്നവരുടെ ലൈസന്‍സ് മൂന്നുമാസം സസ്പെന്‍ഡ് ചെയ്യണം.

ചരക്കുവാഹനങ്ങളില്‍ യാത്രക്കാരെ കയറ്റുന്നവര്‍ക്കും അമിതഭാരം കയറ്റുന്നവര്‍ക്കുമെതിരെ നടപടിയെടുക്കണം. ലഹരിമരുന്ന് ഉപയോഗിച്ച് വാഹനമോടിക്കുന്നവര്‍ക്കും കടുത്തശിക്ഷ നല്‍കണം. നിയമലംഘകരെ ശിക്ഷിക്കുന്നതിനൊപ്പം, രണ്ടുമണിക്കൂര്‍ ട്രാഫിക് നിയമങ്ങളെക്കുറിച്ച് ബോധവത്കരിക്കണം. ഈ നിര്‍ദേശങ്ങള്‍ നടപ്പാക്കിയതിന്‍െറ പുരോഗതി അറിയിക്കാനും റോഡ് സുരക്ഷാ സമിതി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.