മനകരുത്തിനുമുൻപിൽ മറ്റൊന്നും വിലപോകില്ലെന്ന് തെളിയിച്ചുകൊണ്ട് സൈമൺ ബ്രിട്ടോ ഭാരതപര്യടനം കഴിഞ്ഞ് കൊച്ചിയില്‍ തിരിച്ചെത്തി

single-img
19 August 2015

16kihun01--simo_16_2513386gനെഞ്ചിന് താഴെ മുഴുവനായും തളർന്ന ശരീരവുമായി നാലുമാസം കൊണ്ട് ഭാരതപര്യടനം പൂർത്തിയാക്കിയിരിക്കുകയാണ് മുൻ എം.എൽ.എ സഖാവ് സൈമൺ ബ്രിട്ടോ റോഡ്രിഗ്സ്. ശാരീരിക പ്രശ്നങ്ങളെ മാറ്റി നിർത്തികൊണ്ടാണ് അദ്ദേഹം യാത്ര തിരിച്ചത്.

പഠിക്കുന്ന കാലത്ത് സോഷ്യൽ പുസ്തകത്തിലൂടെ കണ്ണോടിക്കുമ്പോൾ കാണുന്ന ഇന്ത്യയുടെ വൈവിദ്യമാർന്ന പ്രദേശങ്ങൾ നേരിട്ടു കാണണം എന്നാഗ്രഹിച്ചിരുന്നു അദ്ദേഹം. കോളേജിലെ രാഷ്ട്രീയ പ്രവർത്തനത്തിനിടയ്ക്ക് സമ്മേളനങ്ങൾക്കും പ്രസംഗങ്ങൾക്കുമായി ധാരാളം യാത്രകൾ ചെയ്യുമായിരുന്നു. ഇന്ത്യയെ മൊത്തത്തിലൊന്ന് കാണണമെന്ന് അദ്ദേഹം മനസിലുറപ്പിച്ചു. എന്നാൽ സാഹചര്യം അതിന് അനുവദിച്ചില്ല. രാഷ്ട്രീയ സംഘർഷത്തിനിടയിൽ സഖാവിന് കുത്തേറ്റു. അതിന്റെ അനന്തരഫലമായി നെഞ്ചിനു കീഴെയുള്ള ശരീരം തളർന്നുപോയി. 80 ശതമാനം പ്രവർത്തന രഹിതമായി. അവശേഷിക്കുന്ന 20 ശതമാനം മതി തനിക്ക് ജീവിക്കാൻ എന്ന് അദ്ദേഹം വിശ്വസിച്ചു . ഈ മനക്കരുത്ത് അദ്ദേഹത്തെ എം.എൽ.എ സീറ്റിലെത്തിക്കുകയായിരുന്നു. എഴുത്തുകാരൻ കൂടിയായ അദ്ദേഹം അഗ്രഗാമി എന്ന നോവലിന് അവാർഡുകളും കരസ്ഥമാക്കി.

തന്റെ മുൻകാല ജീവിതത്തിൽ നിലനിർത്തിയ ആത്മധൈര്യം അല്പം പോലും ചോർന്നിട്ടില്ല എന്ന് തന്റെ ഭാരതപര്യടനത്തിലൂടെ തെളിയിച്ചിരിക്കുകയാണ് സൈമൺ ബ്രിട്ടോ റോഡ്രിഗ്സ്. ഏറെക്കാലത്തെ ആഗ്രഹമാണ് അദ്ദേഹം ഇപ്പോൾ സാക്ഷാത്കരിച്ചിരിക്കുന്നത്. മേൽക്കൂര പണിയാനായി സൂക്ഷിച്ച കാശുമായി യാത്ര തുടങ്ങി. നന്ദിഗ്രാമം, അജന്ത, അയോധ്യ, എല്ലോറ അങ്ങനെ അദ്ദേഹം കാണാനാഗ്രഹിച്ച സ്ഥലങ്ങൾ കണ്ടു. യു.പി യിലെ രാത്രികാല യാത്രകളെ ഒഴിവാക്കാൻ അവിടത്തെ രാഷ്ട്രീയ നേതാക്കളും സന്ന്യാസിമാരും ഉപദേശിച്ചു. മരണത്തെ ഭയമില്ലാത്തവർക്ക് രാത്രിയെന്നോ പകലെന്നോ ഇല്ല എന്നായിരുന്നു സഖാവിന്റെ മറുപടി. യു.പി യിലെ രണ്ട് രാത്രികൾ അദ്ദേഹം പകലാക്കി.. പൊന്തകാടുകളും കായലുകളും അടങ്ങിയ ഒറീസ്സയിലെ ചില ഗ്രാമങ്ങൾ കേരളത്തിന്റെ അസൽ പകർപ്പാണെന്ന് അദ്ദേഹം പറയുന്നു. ബംഗാളിലെ മമതയുടെ പ്രബലവും നാട്ടുകാരുടെ ദാരിദ്രാവസ്ഥയും നേരിൽ കാണാനും അദ്ദേഹത്തിനു കഴിഞ്ഞു.

തന്റെ ശരീരം യാത്രയിൽ പലപ്പോഴും തടസ്സമായിട്ടുണ്ടെന്ന് സൈമൺ ബ്രിട്ടോ ഓർക്കുന്നു. പെരുമഴയത്തും 45 ഡിഗ്രി ചൂടിലുമായിരുന്നു യാത്രകൾ. ചില ദിവസങ്ങളിൽ അസുഖം അദ്ദേഹത്തെ വേട്ടയാടി. ഹോമിയോ- ആയുർവേദ മരുന്നുകൾ കൈവശം ഉണ്ടായിരുന്നതിനാൽ ആശ്വാസകരമായി മുന്നോട്ട് പോയി.

ഭാരതപര്യടനം പൂർത്തിയാക്കുന്നതിനായി സൈമൺ ബ്രിട്ടോയ്ക്ക് 8 ഡ്രൈവർമാരെ ആശ്രയിക്കേണ്ടിവന്നു. ഓരോ സ്ഥലങ്ങളിൽ നിന്നുമായി പുതിയ ഡ്രൈവർ. കൈ സഹായത്തിന് ആളില്ലാത്ത സന്ദർഭത്തിൽ അദ്ദേഹത്തെ സഹായിക്കാൻ മാവോയിസ്റ്റുകൾ എത്തുകയുണ്ടായി. വീൽ  ചെയറിലിരുത്തി കൃത്യസ്ഥലത്ത് അദ്ദേഹത്തെ എത്തിച്ചു. രാത്രികളിൽ പല സ്ഥലങ്ങളിലായി കിടന്നുറങ്ങി. പലരേയും കണ്ടുമുട്ടി, സുഹൃത്തുക്കളായി. മനോധൈര്യവും ആത്മവിശ്വാസവും മാത്രം മുറുകെ പിടിച്ച് സൈമൺ ബ്രിട്ടോ നാലര മാസത്തെ ഭാരതപര്യടനത്തിലൂടെ മറക്കാനാവാത്ത ഒരുപാട് നിമിഷങ്ങളാണ് സ്വന്തമാക്കിയിരിക്കുന്നത്.