വിഴിഞ്ഞം തുറമുഖം: അദാനി പോര്‍ട്‌സുമായി കേരളം ഇന്ന് കരാര്‍ ഒപ്പിടും

single-img
17 August 2015

17TH_VIZHINJAM_2512762fവിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണത്തിനും നടത്തിപ്പിനുമായി അദാനി പോര്‍ട്‌സുമായി കേരളം ഇന്ന് കരാര്‍ ഒപ്പിടും. മുഖ്യമന്ത്രി ഉമ്മൻചാണ്ടി, അദാനി പോർട്‌സ് കമ്പനി ഉടമ ഗൗതം അദാനി, അദാനി ഗ്രൂപ്പ് ഡയറക്ടർമാർ, മന്ത്രിമാർ, എം.എൽ.എമാർ   എന്നിവരുടെ സാന്നിദ്ധ്യത്തിൽ വൈകിട്ട് അഞ്ചിന് സെക്രട്ടേറിയറ്റ് ഡർബാർ ഹാളിലാണ് കരാർ ഒപ്പിടൽ. കരാറിൽ സുതാര്യത ഇല്ലെന്നാരോപിക്കുന്ന  ഇടതുമുന്നണി ചടങ്ങ് ബഹിഷ്കരിക്കും.തിങ്കളാഴ്ച രാവിലെ സ്വന്തം വിമാനത്തില്‍ തലസ്ഥാനത്ത് എത്തുന്ന ഗൗതം അദാനി രാവിലെ 11.30ന് സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിക്കും. 5552 കോടിയാണ് ഒന്നാം ഘട്ടത്തിലെ മുതൽ മുടക്ക്. ഇതിൽ 3600 കോടിയുടെ നിക്ഷേപം സംസ്ഥാനത്തിന് പുറത്ത് നിന്നാണ്. കേരളപ്പിറവി ദിനമായ നവംബർ  ഒന്നിന്  നിർമ്മാണം തുടങ്ങും. രണ്ട് വർഷത്തിനുള്ളിൽ ആദ്യഘട്ടം പൂർത്തിയാക്കും. തുറമുഖ നിർമ്മാണത്തിന്റെ  രൂപരേഖ, ഒപ്പിടൽ ചടങ്ങിനൊപ്പം അദാനി ഗ്രൂപ്പ് പ്രഖ്യാപിക്കും. നാല് വർഷത്തിനകം നിർമ്മാണം പൂർത്തിയാവും.