ശാസ്ത്രിയുടെ മരണവും നേതാജിയുടെ തിരോധാനവും തമ്മിൽ ബന്ധം; രഹസ്യാന്വേഷണരേഖകൾ വെളിപ്പെടുത്തണമെന്ന ആവശ്യവുമായി ശാസ്ത്രിയുടെ കുടുംബാംഗം

single-img
17 August 2015

sastri-bosകൊൽക്കത്ത: മുൻപ്രധാനമന്ത്രി ലാൽബഹാദൂർ ശാസ്ത്രിയുടെ മരണവും നേതാജിയുടെ തിരോധാനവും തമ്മിൽ ബന്ധമുണ്ടെന്ന് സംശയമുയർന്ന സാഹചര്യത്തിൽ രഹസ്യാന്വേഷണരേഖകൾ വെളിപ്പെടുത്തണമെന്ന ആവശ്യവുമായി ശാസ്ത്രിയുടെ കുടുംബാംഗം അനൂജ് ധർ. നേതാജിയെക്കുറിച്ചുള്ള ‘ഇന്ത്യാസ് ബിഗെസ്റ്റ് കവർ അപ്” എന്ന പുസ്തകത്തിന്റെ രചയിതാവാണ് അനൂജ് ധർ.

നേതാജിയുടെ തിരോധാനത്തിൽ ശാസ്ത്രി എടുത്ത നിലപാടും സംഭവത്തിലെ ദുരൂഹത നീക്കുന്നതിന് രണ്ടാം അന്വേഷണ കമ്മിഷനെ നിയമിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമവും ദുഷ്ടശക്തികൾക്ക് പ്രചോദനമായിട്ടുണ്ടെന്നാണ് അനൂജിന്റെ നിഗമനം.

1966ൽ ശാസ്ത്രി മരണമടയുന്നതിന് മിനിട്ടുകൾക്ക് മുമ്പ് വീട്ടുകാരുമായി ഫോണിൽ സംസാരിച്ചിരുന്നു. താൻ ഒപ്പുവച്ച താഷ്കെന്റ് കരാറിനെക്കാൾ രാജ്യത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റാൻ പോകുന്ന മറ്റൊരു വിഷയം വെളിപ്പെടുത്താനുണ്ടെന്ന് അദ്ദേഹം സംഭാഷണത്തിൽ സൂചിപ്പിച്ചിരുന്നു.

ഇത് കഴിഞ്ഞ് ഒരു മണിക്കൂറിന് ശേഷം  അദ്ദേഹം മരണമടഞ്ഞ വിവരം പുറത്ത് വരുകയായിരുന്നു. പക്ഷപാതരഹിതമായ അന്വേഷണത്തിനായിരുന്നു ശാസ്ത്രിയുടെ ശ്രമം. വെളിപ്പെടുത്താനുണ്ടെന്ന് കുടുംബാംഗങ്ങളോട് പറഞ്ഞ വിഷയം പുറത്തുവരാത്ത വിധം ശാസ്ത്രി പെട്ടെന്ന് മരണമടഞ്ഞതാണ് സംശയമുണർത്തുന്നതെന്ന് അനൂജ്  ധർ പറയുന്നു.

കുടുംബാംഗങ്ങളോട് ശാസ്ത്രി സംസാരിക്കുമ്പോൾ ശാസ്ത്രിയുടെ ചെറുമകൻ സഞ്ജയ് നാഥ് സിംഗ്  മുറിയിലുണ്ടായിരുന്നു. അന്ന് ഒമ്പത് വയസായിരുന്നു സഞ്ജയിന്റെ പ്രായം.  കരാറിനെക്കുറിച്ച് രാജ്യം മറക്കുന്ന മറ്റൊരു വിഷയം താൻ വെളിപ്പെടുത്തുമെന്ന് പറഞ്ഞിരുന്നു. അതിന് ശേഷം മുക്കാൽ മണിക്കൂറോളം കഴിഞ്ഞ് ലഭിച്ച വിവരം  അദ്ദേഹം ഗുരുതരാവസ്ഥയിലാണെന്നും.

പത്ത് മിനിട്ടുകള്‍ക്ക് ശേഷം അദ്ദേഹം മരണപ്പെട്ട് വിവരം അറിയിക്കുകയായിരുന്നു. നേതാജി ഉണ്ടെന്ന് കരുതിയിരുന്ന ഇടമായ റഷ്യയിൽ തന്നെ ശാസ്ത്രിക്കും അന്ത്യം സംഭവിച്ചതിനാൽ  രണ്ടു സംഭവങ്ങളും തമ്മിൽ ബന്ധമുണ്ടെന്നാണ് ഇപ്പോഴത്തെ സംശയം.

ശാസ്ത്രിയുടെ മരണവുമായി ബന്ധപ്പെട്ട രഹസ്യരേഖ ഉണ്ടെന്ന്  വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയ അനൂജ് ധറിന്  പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് 2009  ൽ ലഭിച്ച മറുപടിയിൽ  വ്യക്തമാക്കിയിരുന്നു. എന്നാൽ, വിദേശരാജ്യങ്ങളുമായുള്ള  സൗഹൃദത്തിന്  കോട്ടം തട്ടുമെന്നതിനാലും പാർലമെന്റിന്റെ  അവകാശം ലംഘിക്കുമെന്നതിനാലും വെളിപ്പെടുത്താൻ കഴിയില്ലെന്ന്  മറുപടിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.

1965 ൽ താഷ്കെന്റ്  സന്ദർശനത്തിന് തൊട്ടു മുമ്പ്  കൊൽക്കത്തയിലെ മയോ റോഡിൽ നേതാജിയുടെ പ്രതിമ ശാസ്ത്രി അനാവരണം ചെയ്തിരുന്നു. റഷ്യയിൽ പോകുമ്പോൾ അവി‌ടെ നേതാജിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുമോ എന്ന് അന്വേഷിക്കുമെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോട് ശാസ്ത്രി പറഞ്ഞിരുന്നു.

താഷ്കെന്റിൽ ഹോട്ടലിൽ തങ്ങേണ്ടിയിരുന്ന ശാസ്ത്രി പകരം  വില്ലയിലാണ് കഴിഞ്ഞത്. ഇന്ത്യയിൽ മൃതദേഹമെത്തിച്ചപ്പോൾ  വായിലും മൂക്കിലും നെഞ്ചിലും രക്തം കട്ടപിടിച്ചിരിക്കുന്നത് കാണാൻ കഴിഞ്ഞു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ്  ഔദ്യോഗികമായി അറിയിച്ചത്.