‘വിഷന് 2020’: കേരളം സ്മാർട്ടാകാൻ ഒരുങ്ങുന്നു. സംസ്ഥാനത്തെ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത കൈവരിക്കാൻ കേരളം ഒരുങ്ങി

single-img
14 August 2015

Information-Technologyകേരളത്തെ ഇന്ത്യയിലെ  ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ -സാക്ഷരത സംസ്ഥാനമാക്കാനുള്ള പദ്ധതികൾക്ക് സർക്കാർ തുടക്കമിടുന്നു. വിഷൻ 2020 എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ഡിജിറ്റl മേഖലയിൽ നിലനില്‍ക്കുന്ന ന്യൂനതകളെ പരിഹരിച്ച് വിവിധ പദ്ധതികളാൽ 2020ഓടെ സമ്പൂർണ്ണ ഡിജിറ്റൽ -സാക്ഷരതയുള്ള സംസ്ഥാനമായി മാറ്റുക എന്നതാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

 

പ്രധാന ലക്ഷ്യങ്ങൾ

 

  • സംസ്ഥാന സർക്കാർ നടപ്പാക്കിയിട്ടുള്ള വിവിധ ഇ-സേവനങ്ങൾ എല്ലാ വിഭാഗം ജനങ്ങൾക്കും ലഭ്യമാക്കുന്നതിലൂടെ സാമൂഹിക മൈത്രിയും ഉന്നത ജീവിതനിലവാരവും ഉറപ്പാക്കുക.
  • ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ എല്ലാവർക്കും കുറഞ്ഞ ചെലവിൽ ലഭ്യമാക്കുക.
  • കൂടുതൽ നിക്ഷേപം ആകർഷിച്ച് സംസ്ഥാനത്ത് വിവരസാങ്കേതികവിദ്യ പ്രോത്സാഹിപ്പിക്കുക, ഇതിലൂടെ സാമ്പത്തിക വളർച്ച സുസ്ഥിരമാക്കുക.
  • സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും പങ്കാളിത്തം അവരുടെ ഇഷ്ടപ്രകാരംതന്നെ ഉറപ്പാക്കുക.
  • സംരംഭകത്വം പ്രോത്സാഹിപ്പിച്ച് കൂടുതല്‍ യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ പ്രദാനം ചെയ്യുക.

തുടങ്ങിയവയാണ് ഈ നയത്തിലൂടെ സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നതെന്ന് വ്യാവസായിക വകുപ്പ്മന്ത്രി ശ്രീ പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇത് കൂടാതെ വിഷൻ 2020-ലൂടെ നിരവധി പുത്തൻ സംരംഭങ്ങള്‍ക്കും തുടക്കമിടുമെന്നും മന്ത്രി വ്യക്തമാക്കി.

 

വിഷൻ 2020 ലൂടെ തുടങ്ങാനുദ്ദെശിക്കുന്ന സംരംഭങ്ങൾ

 

  • 2017-നകം വീടുകളിലും സ്ഥാപനങ്ങളിലും കുറഞ്ഞ ചെലവിൽ ആവശ്യാനുസരണം രണ്ട് എം.ബി.പി.എസ് മുതല്‍ 20 എം.ബി.പി.എസ് വരെ ശേഷിയുള്ള ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ ഭാരത് നെറ്റ് മൊബൈല്‍ ഗവേണന്‍സ്.
  • ഒറ്റ മൊബൈൽ ആപ്ലിക്കേഷനിലൂടെ വിവിധ സർക്കാർ സേവനങ്ങൾ ലഭ്യമാക്കുന്ന മൊബൈൽ ഗവേണന്‍സ് സംവിധാനം നടപ്പക്കുക.
  • ഫയൽ നീക്കം സുതാര്യമാക്കാനും കാര്യക്ഷമമാക്കാനുമായി  2015-2016 സാമ്പത്തിക വർഷത്തിൽ സർക്കാർ ഓഫീസുകൾ കടലാസ് രഹിതമാക്കുക.
  • ഉയര്‍ന്ന ശേഷിയുള്ള ഇന്റര്‍നെറ്റ് സംവിധാനമുപയോഗിച്ച് സര്‍ക്കാര്‍ സ്‌കൂളുകളില്‍ സൗജന്യ വൈഫൈ സൗകര്യം നല്‍കുന്ന ഹോട്ട്‌സ്‌പോട്ടുകള്‍ സ്ഥാപിക്കുക. സ്‌കൂളുകള്‍ക്ക് സമീപത്തുള്ളവർക്കും സൗജന്യമായി ഈ വൈഫൈ സൗകര്യം ലഭ്യമാകുക.

 

കേരളത്തെ നൂറുശതമാനം ഡിജിറ്റൽ-സാക്ഷര, ഡിജിറ്റൽ സംസ്ഥാനമാക്കി മാറ്റാനും രാജ്യത്തെ ഏറ്റവും മികച്ച ഐടി/ഐടി അധിഷ്ഠിത സേവന നിക്ഷേപ കേന്ദ്രമെന്ന നിലയിലുള്ള ആസൂത്രണം നടത്തി വികസിപ്പിച്ച് വിപണനം ചെയ്യാനുമാണ് ലക്ഷ്യമിടുന്നതെന്ന് സംസ്ഥാന വ്യവസായ-ഐടി പ്രിന്‍സിപ്പൽ സെക്രട്ടറി ശ്രീ പി.എച്ച്.കുര്യൻ വ്യക്തമാക്കി. ഡിജിറ്റല്‍ സാക്ഷരതാ പദ്ധതിയുടെ രണ്ടാംഘട്ടമായി ഈ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന വിവിധ ഏജന്‍സികളെ ‘കേരള ബഹുജന ഡിജിറ്റല്‍ സാക്ഷരത’ എന്ന പൊതുപരിപാടിക്ക് കീഴിൽ കൊണ്ടുവരുമെന്നും എല്ലാ അര്‍ത്ഥത്തിലുമുള്ള ഡിജിറ്റൽ സമൂഹമായി ക്രമേണ പരിണമിക്കാനുള്ള  കേരളത്തിന്റെ ശ്രമങ്ങൾക്ക് താങ്ങാവുന്ന പദ്ധതികൾ അക്ഷയ, ഐടി അറ്റ് സ്‌കൂൾ,  ഡിജിറ്റല്‍ അടിസ്ഥാന സൗകര്യ ലഭ്യത, സംസ്ഥാന ഡേറ്റ സെന്റർ എന്നിവയാണെന്നും അദ്ദേഹം പറഞ്ഞു.

. മലപ്പുറത്ത് 2002ൽ തുടങ്ങിയ അക്ഷയ പദ്ധതിയുടെ ലക്ഷ്യം കുടുംബത്തിലെ ഒരു അംഗത്തിനെങ്കിലും ഡിജിറ്റൽ സാക്ഷരതയിലേക്ക് വഴി തുറന്നുകൊടുക്കുക എന്നതായിരുന്നു. വൻവിജയമായതിനെത്തുടർന്ന് ഈ പദ്ധതി എല്ലാ ജില്ലകളിലും നടപ്പാക്കിയിരുന്നു.

‘ഇതുവരെ അക്ഷയയിലൂടെ കേരളത്തിലെ 75 ലക്ഷം കുടുംബങ്ങളിലെ 33 ലക്ഷത്തെയും ഇ-സാക്ഷരതയിലേക്ക് നയിക്കാന്‍ കഴിഞ്ഞു’, ശ്രീ പിഎച്ച് കുര്യൻ ചൂണ്ടിക്കാട്ടി.

നഗര-ഗ്രാമ ഭേദമില്ലാതെ തുടങ്ങിയ 2300 അക്ഷയ കേന്ദ്രങ്ങളിലൂടെ ഇ-ഗവേണന്‍സ് സാധാരണ പൗരന്റെ വീട്ടുപടിക്കലെത്തി. 2002ൽ തുടക്കമിട്ട ഐടി അറ്റ് സ്‌കൂള്‍  പദ്ധതി ഓരോ വര്‍ഷവും സ്‌കൂള്‍ വിട്ടിറങ്ങുന്ന നാലുലക്ഷം കുട്ടികളെ കമ്പ്യൂട്ടർ സാക്ഷരതയിലേക്ക് നയിച്ചു. ഇതുവരെ 12,600 സ്‌കൂളുകളിലെ 39 ലക്ഷം കുട്ടികൾ ഇങ്ങനെ ഉന്നത കമ്പ്യൂട്ടർ സാക്ഷരത കൈവരിച്ചിട്ടുണ്ട്. ഏതായാലും സംസ്ഥാന സർക്കാറിന്റെ ഇത്തരം പുതിയ പദ്ധതികളിലൂടെ കേരളം ഒരു സമ്പൂർണ്ണ  ടിജിറ്റൽ സ്റ്റേറ്റായി മാറുമെന്ന് പ്രത്യാശിക്കാം.