സാക്ഷാല്‍ കുമാരാനാശാനെ പോലും ‘കുയില്‍കുമാരന്‍’ എന്നു വിളിച്ചാക്ഷേപിച്ച വരേണ്യനേതൃത്വം എസ്എന്‍ഡിപി യോഗചരിത്രത്തില്‍ ഉണ്ടായിരുന്നു; വെള്ളാപ്പള്ളിയെ പരിഹസിച്ച് വിഎസിന്റെ ലേഖനം

single-img
14 August 2015

18tvcgn03_VS_Re_19_1242346fബിജെപിയുമായുള്ള എസ്എന്‍ഡിപി യോഗത്തിന്റെ ബന്ധത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചും, വെള്ളാപ്പള്ളി നടേശനെ പരിഹസിച്ചും പ്രതിപക്ഷ നേതാവ് വിഎസ് അച്ചുതാനന്ദന്റെ ലേഖനം. നേരത്തെ വെള്ളാപ്പള്ളിയെ അതിനിശിതമായി വിമര്‍ശിച്ച് പിണറായി വിജയന്‍ രംഗത്ത് വന്നിരുന്നു. ഇതിനു പിന്നാലെയാണ് എസ്എന്‍ഡിപി നേതൃത്വത്തിന്റെ സംഘപരിവാര്‍ ചങ്ങാത്തത്തിന്റെ അപകടങ്ങള്‍ വ്യക്തമാക്കി വിഎസും മാധ്യമങ്ങളില്‍ എഴുതിയത്. ഗുരുവിന്റെ ദര്‍ശനം ഉയര്‍ത്തിപ്പിടിക്കാനുളള ബാധ്യത ഏറ്റെടുത്തവര്‍ തന്നെ ഗുരുദര്‍ശനത്തെ അടിയറവെക്കുന്നു എന്നതാണ് ഏറെ പരിതാപകരം.

എസ്എന്‍ഡിപി യോഗനേതൃത്വം കൈയാളുന്ന വരേണ്യവര്‍ഗം ഇതാദ്യമായല്ല യോഗത്തെ സംഘപരിവാര്‍ കുടക്കീഴില്‍ കുടിയിരുത്താന്‍ ശ്രമങ്ങള്‍ നടത്തിയിട്ടുളളത്. മുന്‍പൊരിക്കല്‍ ഫലപ്രാപ്തിയിലെത്താതെ പോയ സംഘപരിവാര്‍ ബാന്ധവത്തിനാണ് ഇപ്പോഴത്തെ നേതൃത്വം കോപ്പ് കൂട്ടിക്കൊണ്ടിരിക്കുന്നത്. എസ്എന്‍ഡിപി യോഗത്തിലെ പട്ടിണിക്കാരും പാവപ്പെട്ടവരുമായ ദശലക്ഷക്കണക്കിന് സാധാരണക്കാര്‍ക്ക് സംഘപരിവാര്‍ ചങ്ങാത്തം കൊണ്ട് ഒരുനേട്ടവും ഉണ്ടാകാന്‍ പോകുന്നില്ല.

നടേശന്‍ എന്ന മുതലാളിക്ക് മോദി-അമിത് ഷാ- തൊഗാഡിയ ത്രയങ്ങളുമായി അദ്ദേഹം ഉണ്ടാക്കുന്ന കൂട്ടുകെട്ടില്‍ പുളകം കൊള്ളാം. എന്നാല്‍ ശ്രീനാരായണ പ്രസ്ഥാനത്തിന്റെ പേരില്‍ ആകുമ്പോള്‍ അതില്‍ ജനാധിപത്യവാദികള്‍ക്ക് ഇടപെടേണ്ടി വരുമെന്നും വിഎസ് ലേഖനത്തില്‍ പറയുന്നു. സാക്ഷാല്‍ കുമാരാനാശാനെ പോലും ‘കുയില്‍കുമാരന്‍’ എന്നു വിളിച്ചാക്ഷേപിച്ച വരേണ്യനേതൃത്വം എസ്എന്‍ഡിപി യോഗചരിത്രത്തില്‍ ഉണ്ടായിരുന്നു എന്നോര്‍ക്കണമെന്നും വ്യക്തമാക്കുന്ന വി.എസ് അച്ചുതാനന്ദന്‍. കേരളം ചര്‍ച്ച ചെയ്യേണ്ട ഏറ്റവും ഗൗരവതരമായ പ്രശ്‌നം ഇതാണെന്ന് പറഞ്ഞാണ് ലേഖനം അവസാനിപ്പിക്കുന്നത്‌