ചാവക്കാട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ കൊലപാതകം; ഐ ഗ്രൂപ്പ് പാര്‍ട്ടി പരിപാടി ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറി

single-img
13 August 2015

haneefതിരുവനന്തപുരം: ചാവക്കാട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എ.സി ഹനീഫയുടെ കൊലപാതകത്തിന്റെ പേരില്‍ തങ്ങളെ ബലിയാടാക്കുകയാണെന്ന് ആരോപിച്ച് ഐ ഗ്രൂപ്പ് പാര്‍ട്ടി പരിപാടി ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറി.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനും മന്ത്രി സി.എന്‍ ബാലകൃഷ്ണനുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണിത്. ഗുരുവായൂര്‍ ബ്ലോക്ക് കമ്മിറ്റി പിരിച്ചുവിടുകയും പ്രസിഡന്റ് ഗോപപ്രതാപനെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തതില്‍ പ്രതിഷേധിച്ച് കെ.പി.സി.സി സര്‍ക്കാര്‍ ഏകോപനസമിതി യോഗത്തില്‍ നിന്നും സി.എന്‍ ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം വിട്ടുനിന്നിരുന്നു.

ഗ്രൂപ്പ് പോരിനെ തുടര്‍ന്നാണ് എ ഗ്രൂപ്പുകാരനായ എ.സി ഹനീഫ കുത്തേറ്റ് മരിച്ചത്. കൊലപാതകത്തിന്റെ പേരില്‍ തങ്ങളെ ഏകപക്ഷീയമായി കുറ്റക്കാരായി ചിത്രീകരിക്കുകയാണെന്നും മന്ത്രി സി.എന്‍ ബാലകൃഷ്ണനെ പ്രതിസ്ഥാനത്ത് നിര്‍ത്താന്‍ ബോധപൂര്‍വ്വം ശ്രമിക്കുകയാണെന്ന് ആരോപിച്ചാണ് ഐ ഗ്രൂപ്പ് തൃശൂര്‍ ജില്ലയിലെ പാര്‍ട്ടി പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്.