പുതിയ ഇക്കോടൂറിസം കേന്ദ്രങ്ങളാകാന്‍ കോന്നിയും അടവിയും

single-img
12 August 2015

mail.google.comതിരുവനന്തപുരം: കേരള വിനോദസഞ്ചാര ഭൂപടത്തില്‍ സ്ഥാനമുറപ്പിക്കാന്‍ പത്തനംതിട്ട ജില്ലയിലെ കോന്നിയും അടവിയും  തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെ ജില്ലാ ടൂറിസം പ്രെമോഷന്‍ കൗണ്‍സിലും കോന്നി ഫോറസ്റ്റ് ഡവലപ്‌മെന്റ് ഏജന്‍സിയും സംയുക്തമായി ഈ മാസം അടവിയില്‍ കുട്ടവഞ്ചിയാത്രയും കോന്നിയില്‍ ഗജവിജ്ഞാനോത്സവവും സംഘടിപ്പിക്കും. പത്തനംതിട്ടയില്‍നിന്ന് 17 കിലോമീറ്റര്‍ അകലെയുള്ള അടവിക്ക്  ഇക്കോടൂറിസം കേന്ദ്രമെന്ന പെരുമ നേടിക്കൊടുക്കുകയാണ് ഓണാഘോഷത്തോടനുബന്ധിച്ചു നടത്തുന്ന പരിപാടിയുടെ ലക്ഷ്യം.

 

ആഗസ്റ്റ് 21 ന് ടൂറിസം വകുപ്പ് മന്ത്രി ശ്രീ എ.പി. അനില്‍കുമാര്‍ അടവി കുട്ടവഞ്ചിയാത്രയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും.  അഞ്ച് കിലോമീറ്ററോളം കല്ലാര്‍ നദിക്കഭിമുഖമായി സ്ഥിതി ചെയ്യുന്ന അടവിയിലെ പ്രധാന ആകര്‍ഷണമാണ് കുട്ടവഞ്ചിയാത്ര. കേരളത്തില്‍ ആദ്യമായി വിനോദസഞ്ചാരാര്‍ഥം  കുട്ടവഞ്ചിയാത്ര ഏര്‍പ്പെടുത്തുന്നതും  ഇവിടെയാണ്.

പ്രകൃതി അനുഗ്രഹിച്ചു നല്‍കിയ വനമേഖലയും നദിയുമുള്ള അടവി കേരളത്തിലെ പരിസ്ഥിതി വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പ്രധാന സ്ഥാനം ലഭിക്കാന്‍ പര്യാപ്തമാണെന്ന് വനംവകുപ്പ് മന്ത്രി ശ്രീ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

അടവിയുടെ പ്രകൃതി മനോഹാരിതയില്‍ ആകൃഷ്ടരായി വരും ദിവസങ്ങളില്‍ ആഭ്യന്തര, വിദേശ  വിനോദസഞ്ചാരികള്‍ എത്തുമെന്ന് സ്ഥലം എംഎല്‍എയും റവന്യു-കയര്‍ വകുപ്പ് മന്ത്രിയുമായ  ശ്രീ അടൂര്‍ പ്രകാശ് പറഞ്ഞു.

മലകയറ്റം, ഏറുമാടങ്ങള്‍, ടെന്റുകള്‍, നടപ്പാത തുടങ്ങിയവയും താമസസൗകര്യങ്ങളും ഉടന്‍ നിലവില്‍വരും. വിശ്രമസങ്കേതവും പാര്‍ക്കിംഗ് ഉള്‍പ്പെടെയുള്ള മറ്റു സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മറ്റൊരു ആകര്‍ഷണമായ മുളങ്കുടിലുകള്‍ ഒരു മാസത്തിനുള്ളില്‍ തന്നെ സ്ഥാപിക്കും.

വിനോദസഞ്ചാര മേഖലയില്‍ പത്തനംതിട്ട ജില്ലയ്ക്ക് അനന്ത സാധ്യതകളുണ്ടെന്ന് ജില്ലാ കളക്ടര്‍ ശ്രീ. എസ് ഹരികിഷോര്‍ പറഞ്ഞു. പൈതൃക ഉല്‍പ്പന്നമായ  ആറന്‍മുള കണ്ണാടിക്കും ആറന്‍മുള വള്ളം കളിക്കും പുറമേ  കോന്നിയുടേയും അടവിയുടേയും ഇക്കോടൂറിസം സാധ്യതകള്‍ ആഗോള ടൂറിസം ഭൂപടത്തില്‍ കേരളത്തിന്റെ സ്ഥാനം  അരക്കിട്ടുറപ്പിക്കുന്നതിനു സഹായകമാകുമെന്നും  അദ്ദേഹം വ്യക്തമാക്കി.

നിര്‍ദ്ദിഷ്ട അച്ചന്‍കോവില്‍- ചിറ്റാര്‍ ഹൈവേയിലെ മൂന്നാമ്മൂഴിയില്‍ നിന്നും അഞ്ചുകിലോമീറ്റര്‍ മാറി സ്ഥിതിചെയ്യുന്ന അടവിയില്‍  പ്രത്യേകിച്ച് കൊച്ചിയില്‍നിന്നും തിരുവനന്തപുരത്തുനിന്നും വരുന്ന വിനോദസഞ്ചാരികള്‍ക്ക് അനായാസം എത്തിച്ചേരാനാകും. മൂന്നാറിലും തേക്കടിയിലും എത്തുന്ന വിദേശ സഞ്ചാരികള്‍ക്ക് ഒരു ദിവസത്തെ യാത്രയ്ക്കായി തിരഞ്ഞെടുക്കാവുന്ന സമീപപ്രദേശം കൂടിയാണിത്.

ത്രിദിന ജലമേളയുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്കായി ട്രെഷര്‍ ഹണ്ട്, സാംസ്‌കാരിക പരിപാടികള്‍ എന്നിവ  സംഘടിപ്പിക്കും. കൂടാതെ  കോന്നി ആനക്കൊട്ടിലില്‍ ‘ആനയെ അറിയാന്‍’ എന്ന ഗജവിജ്ഞാനോത്സവ പരിപാടി നടക്കും. വനം, ആന സംരക്ഷണത്തെക്കുറിച്ച് അറിവു പകരുന്നതിനും വിനോദസഞ്ചാര കേന്ദ്രമായി അടവിയെമാറ്റുന്നതില്‍ പൊതുജന പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും  വിനോദ സഞ്ചാരികളിലൂടെ പ്രാദേശിക സമൂഹത്തിന്റെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുമാണ് ഓഗസ്റ്റ് 20 മുതല്‍ അഞ്ചു ദിവസത്തെ ഗജവിജ്ഞാനോത്സവം നടത്തുന്നത്.