അബുദാബിയിലെ താമസസ്ഥലത്ത് മലയാളി കൊല്ലപ്പെട്ടതിന്റെ പേരില്‍ വധശിക്ഷയ്ക്ക് വിധേയനായ സന്തോഷിനെ രക്ഷപ്പെടുത്താന്‍ കൊല്ലപ്പെട്ടയാളുടെ കുടുംബം ചോദിക്കുന്ന 50 ലക്ഷം രൂപയ്ക്ക് കനിവുള്ളവരുടെ സഹായം പ്രതീക്ഷിച്ച് സന്തോഷിന്റെ ഭാര്യയും മകളും

single-img
10 August 2015

Santhosh

മലയാളി യുവാവ് കൊല്ലപ്പെട്ട കേസില്‍ അബുദാബി കോടതി വധശിക്ഷയ്ക്ക് വിധിച്ച തിരുവനന്തപുരം ആറ്റിങ്ങള്‍ പുറമ്പച്ചാനി ഹൗസില്‍ സന്തോഷിന് രക്ഷപ്പെടാന്‍ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് നല്‍കേണ്ടത് 50 ലക്ഷം രൂപ. കോട്ടയം കറുകച്ചാല്‍ പുത്തന്‍പുരയ്ക്കല്‍ ചമ്പക്കര സുബിന്‍ കൊല്ലപ്പെട്ട കേസിലാണ് സന്തോഷിനെ വധശിക്ഷയ്ക്ക് വിധിച്ചത്. 50 ലക്ഷം രൂപ സന്തോഷിന്റെ ബന്ധുക്കള്‍ സുബിന്റെ കുടുംബത്തിന് നല്‍കിയാല്‍ അവര്‍ മാപ്പ് നല്‍കി സന്തോഷിനെ മോചിപ്പിയ്ക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

2011 ജൂലൈ 29നാണ് സംഭവം നടക്കുന്നത്. സുഹൃത്തുക്കള്‍ തമ്മിലുള്ള വഴക്കിനെത്തുടര്‍ന്ന് സുബിന് അബദ്ധത്തില്‍ കുത്തേല്‍ക്കുകയായിരുന്നുവെന്നാണ് കുടുംബം പറയുന്നത്. അബുദാബിയില്‍ ഇലക്ട്രീഷ്യനായി ജോലിചെയ്ത് വരികയായിരുന്ന സന്തോഷ് ജോലി കഴിഞ്ഞെത്തിയപ്പോള്‍ അടുത്ത മുറിയിലുള്ളവര്‍ മദ്യപിച്ച് ബഹളമുണ്ടാക്കുന്നതിനെപ്പറ്റി വഴക്കുണ്ടാകുകയും ബഹളത്തിനിടയില്‍ സന്തോഷിന്റെ പക്ഷത്തു നിനന് സുബിന് അബദ്ധത്തില്‍ കുത്തേല്‍ക്കുകയുമായിരുന്നു.

സാഹചര്യ തെളിവുകളെല്ലാം എതിരായതിനാലും സ്വന്തമായി വക്കീലിനെ ഏര്‍പ്പാടാക്കാന്‍ പോലും കഴിയാതിരുന്നതിനാലും സന്തോഷ് ജയിലിലാകുകയായിരുന്നു. സന്തോഷിന്റെ ഭാര്യയും അമ്മയും കൂടി മുഖ്യമന്ത്രി ക്ക് നല്‍കിയ നിവേദന പ്രകാരം ജില്ലാ കളക്റ്റര്‍ സുബിന്റെ വീട്ടുകാരെ വിളിപ്പിച്ചിരുന്നു. 50 ലക്ഷം രൂപ ബ്ലഡ് മണി നല്‍കിയാല്‍ മാപ്പ് നല്‍കാന്‍ തയ്യാറാണെന്ന് ആ കുടുംബം അറിയിക്കുകയായിരുന്നു. എന്നാല്‍ കടക്കെണിയില്‍ പെട്ട സ്വന്തം കുടുമ്പത്തെ ആത്മഹത്യയില്‍ നിന്ന് രക്ഷിക്കുവാന്‍ ഉള്ളതെല്ലാം വിറ്റുപെറുക്കി മണലാരണ്യത്തിലേക്ക് വിമാനം കയറേണ്ടി വന്ന സന്തോഷിനും കുടുംബത്തിനും കൂട്ടിയാല്‍ കൂടുന്നതല്ല ഈ തുക.

ഗള്‍ഫില്‍ പോയതിന്റെ പേരില്‍ നാട്ടില്‍ വായ്പ ഇനത്തിലും മറ്റും വന്‍ ബാധ്യതയുള്ളതായി സഹോദരന്‍ സതീഷ് പറഞ്ഞു. ട്യൂഷന്‍ സെന്ററിലെ തുച്ഛ വരുമാനം കൊണ്ടാണ് താനും മൂന്നാം ക്ലാസില്‍ പഠിക്കുന്ന മകളുമുള്‍പ്പെടെയുള്ള കുടുംബം ജീവിക്കുന്നതെന്ന് സന്തോഷിന്റെ ഭാര്യ  ഷീന പറയുന്നു. അച്ഛന്‍ അങ്ങകലെ ജയിലിലാണെന്നും വധശിക്ഷ കാത്ത് കഴിയുകയാണെന്നുമുള്ള വിവരം കുഞ്ഞിന് ഇപ്പോഴും അറിയില്ല. കനിവുള്ളവരുടെ സഹായം കാത്ത് പ്രതീക്ഷകള്‍ മാത്രം മുന്നില്‍ നിര്‍ത്തി ഈ കുടുംബം ഇന്ന് കഴിയുകയാണ്.

ഷീന നകുലൻ (സന്തോഷിന്റെ ഭാര്യ ,)
A/C NO:10570100232974
ഫെഡറൽ ബാങ്ക്
കടയ്ക്കൽ ബ്രാഞ്ച്
കടയ്ക്കൽ പി ഓ
കൊല്ലം (ജില്ല ),
കേരള
മൊബൈൽ : 8281554845