പോലീസ് സുരക്ഷയെ വെല്ലുവിളിച്ച് തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമിക്ഷേത്ര മുറ്റത്ത് പോലീസ് നിരീക്ഷണത്തിലുള്ള കടകള്‍ കുത്തിത്തുറന്ന് ഗുജറാത്തി കള്ളന്‍ പണം കവര്‍ന്നു

single-img
7 August 2015

sree-padmanabhaswamy-temple-thiruvananthapuramപോലീസ് സുരക്ഷയെ വെല്ലുവിളിച്ച് തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമിക്ഷേത്ര മുറ്റത്ത് കള്ളന്റെ വിളയാട്ടം. ഒരു പഴുതുപോലുമില്ലാത്ത സുരക്ഷയെന്ന് വീമ്പിളക്കിയ കേരള പോലീസിന്റെ സുരക്ഷയെ മറികടന്ന് ക്ഷേത്രത്തിന് തിരുമുമ്പിലെ കടകള്‍ കുത്തിത്തുറന്ന് പണവുമായി മുങ്ങിയ ഗുജറാത്തി കള്ളന്‍ പോലീസിനായി തന്റെ ചെരുപ്പുകളും ഉപേക്ഷിച്ചിരുന്നു..

വൈകുന്നേരം തമ്പാനൂര്‍ മേല്‍പ്പാലത്തിന് മുന്നില്‍ വെച്ച് മപാലീസിനെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച കള്ളനെ പോലീസ് ഓടിച്ചിട്ട് പിടിച്ചപ്പോഴാണ് മോഷണകാര്യങ്ങള്‍ തെളിഞ്ഞത്. കൂട്ടത്തില്‍ കുര്യാത്തി അമ്മന്‍കോവിലിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് ആയിരം രൂപയും താന്‍ കവര്‍ന്നെന്നു പിടിയിലായ ഫരീദ് (22) പൊലീസിനോടു സമ്മതിച്ചു. പദ്മനാസ്വാമി ക്ഷേത്രത്തിന് മുന്നിലെ കടകളില്‍ നിന്നും പോയത് 8300 രൂപ മാത്രമാണെങ്കിലും അന്താരാഷ്ട്ര സുരക്ഷയൊരുക്കി ഒരു ഈച്ചയെ പോലും അകത്തുവിടാതെ തടയുന്ന പോലീസ് സംവിധാനത്തിന് ഈ മോഷണം ഒരു കനത്ത അടിതന്നെയാണ് സമ്മാനിച്ചത്.

ക്ഷേത്രത്തിന് മുന്നിലെ കടകളില്‍ പെയിന്റടിച്ചാല്‍ പോലും ഓടിയെത്തി നിര്‍ത്തിവെയ്ക്കാന്‍ ഉത്തരവിടുന്ന പോലീസുകാര്‍ക്ക് കള്ളന്‍കയറിയ കാര്യം അറിയാന്‍ കഴിഞ്ഞില്ല എന്നുള്ളതാണ് ഒരു അത്ഭുതമായി തന്നെയാണ് നാട്ടുകാര്‍ കാണുന്നത്. കോടിക്കണക്കിന് മൂല്യമുള്ള നിധികള്‍ ക്ഷേത്രത്തിന്റെ ഉള്ളിലിരിക്കുമ്പോള്‍ തൊട്ടുമുന്നില്‍ ഒരു കള്ളന്‍ പോലീസിനെ കബളിപ്പിച്ച് മോഷണം നടത്തിയത് വരും നാളുകളില്‍ വന്‍ ചര്‍ച്ചകള്‍ക്കു വഴിവയ്ക്കും.