മുംബൈ സ്‌ഫോടനക്കേസ് പ്രതി യാക്കൂബ് മേമനെ തൂക്കിലേറ്റിയത് മുംബൈ ഭീകരാക്രമണക്കേസ് പ്രതി അജ്മല്‍ കസബിനെ തൂക്കിലേറ്റിയ അതേ ആരാച്ചാര്‍

single-img
31 July 2015

o-YAKUB-MEMON-facebook

മുംബൈ സ്‌ഫോടനക്കേസ് പ്രതി യാക്കൂബ് മേമനെ തൂക്കിലേറ്റിയത് മുംബൈ ഭീകരാക്രമണക്കേസ് പ്രതി അജ്മല്‍ കസബിനെ യേര്‍വാഡ ജയിലില്‍ തൂക്കിലേറ്റിയ അതേ ആരാച്ചാരാണെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ സുരക്ഷാ കാരണങ്ങളാല്‍ ഇയാളുടെ പേര് സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല.

മേമന്റെ വധശിക്ഷാ നടപടികള്‍ക്കായി 22 ലക്ഷത്തില്‍പരം രൂപയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ചെലവഴിച്ചതെന്നാണ് റിപ്പോര്‍ട്ട്. വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് ജയില്‍ ചട്ടപ്രകാരം പലതവണ ഡമ്മി ഉപയോഗിച്ചുള്ള പരീക്ഷണങ്ങള്‍ ജയിലില്‍ നടത്തിയിരുന്നു. അതിനായി മേമന്റെ വധശിക്ഷ നടപ്പാക്കുന്നതിന് നിയോഗിക്കപ്പെട്ട 20 അംഗ സംഘത്തോടൊപ്പം ആരാച്ചാര്‍ ഒരാഴ്ച മുന്‍പുതന്നെ യേര്‍വാഡ ജയിലില്‍നിന്നും നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിയിരുന്നതായാണ് വിവരം.

2012 നവംബര്‍ 21നാണ് അജ്മല്‍ കസബിനെ തൂക്കിലേറ്റുമ്പോള്‍ പ്രസ്തുത നടപടികള്‍ക്ക് നേതൃത്വം നല്‍കിയ യേര്‍വാഡ ജയില്‍ സൂപ്രണ്ട് യോഗേഷ് ദേശായിയെ മാസങ്ങള്‍ക്ക് മുന്‍പുതന്നെ നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് യാക്കൂബിന്റെ വധശിക്ഷാ നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ സ്ഥലം മാറ്റിയിരുന്നു. ആരാച്ചാരോടൊപ്പം യേര്‍വാഡ ജയിലില്‍നിന്നെത്തിച്ച മറ്റൊരാള്‍ക്കുകൂടി വധശിക്ഷ നടപ്പാക്കുന്നതിനുള്ള പരിശീലനം നല്‍കിയിരുന്നു.