ഏഴുവര്‍ഷം മുമ്പ് കല്ലെറിഞ്ഞ ഓര്‍മ്മയില്‍ നീറിനീറി കലാമിന്റെ ആത്മശാന്തിക്കായി ഭോല മഹാതോ നിരാഹാരത്തിലാണ്

single-img
30 July 2015

APJ-Abdul-Kalam

ബിഹാര്‍ സ്വദേശിയായ ഭോല മഹാതോയെന്ന ഗ്രാമീണന്‍ നിരാഹാരത്തിലാണ്. ഏഴുവര്‍ഷംമുമ്പ് എ.പി.ജെ. അബ്ദുല്‍ കലാമിനെ കല്ലെറിഞ്ഞതിന്റെ ഓര്‍മയില്‍ മനംനൊന്ത് കരഞ്ഞ്, കുറ്റബോധത്താല്‍ തലകുനിച്ച് കലാമിന്റെ ആ ത്മശാന്തിക്കായി അദ്ദേഹം നിരാഹാരമനുഷ്ഠിക്കുന്നു. കലാമിന്റെ ശവസംസ്‌കാരം കഴിയുന്ന വ്യാഴാഴ്ചവരെ മഹാതോ ജലപാനമില്ലാതെ ആ കല്ലേറിന് പ്രായശ്ചിത്തം ശചയ്യുന്നു.

രാഷ്ട്രപതിസ്ഥാനമൊഴിഞ്ഞ ശേഷം 2007ല്‍ നാളന്ദ സര്‍വകലാശാലയുടെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് ബിഹാറിലെ പിഖി ഗ്രാമത്തിലെത്തിയപ്പോഴായിരുന്നു മഹാതോയുടെ നേതൃത്വത്തില്‍ അദ്ദേഹത്തിന് നേരെ കല്ലേറുണ്ടായത്. ബിഹാര്‍ മുഖ്യമന്ത്രിയായിരുന്ന നിതീഷ്‌കുമാറും അന്ന് കലാമിനൊപ്പമുണ്ടായിരുന്നു.

കലാമിന്റെ സ്വപ്‌നപദ്ധതിയായിരുന്നു നാളന്ദ സര്‍വകലാശാലയുടെ പുനരുദ്ധാരണത്തിനായി 446 ഏക്കര്‍ സ്ഥലമാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. എന്നാല്‍ ഭൂമിക്ക് സര്‍ക്കാര്‍ നിശ്ചയിച്ച നഷ്ടപരിഹാരം കുറവാണെന്നാരോപിച്ച് ക്ഷുഭിതരായ ഗ്രാമീണരോട് സംസാരിക്കാന്‍ സ്ഥലത്തെത്തിയ കലാമിനും നിതീഷ്‌കുമാറിനും നേരെ മഹാതോ ഉള്‍പ്പെടെയുള്ളവര്‍ കല്ലും ചെളിയും എറിയുകയായിരുന്നു. പക്ഷേ അതിനുശേഷവും പുഞ്ചിരിയോടെ മഹാതോ ഉള്‍പ്പെടെ മൂന്നു ഗ്രാമീണരുമായി പ്രശ്‌നത്തെക്കുറിച്ച് കലാം സംസാരിച്ച് തീര്‍പ്പെത്തുകയുമായിരുന്നു.

തങ്ങളുടെ സങ്കടം കേള്‍ക്കാന്‍ തയ്യാറായ കലാം തന്ന സമ്മാനമാണ് വരും തലമുറകള്‍ക്കുപകാരപ്പെടുന്ന ഈ വലിയ സര്‍വകലാശാലയെന്നും മഹാതോ പറയുന്നു. മഹതോയെപ്പോലെ തന്നെ കലാമിനെ കല്ലെറിഞ്ഞതില്‍ ഗ്രാമീണര്‍ക്കെല്ലാം കുറ്റബോധമുണ്ടെന്നും അദ്ദേഹം പറയുന്നു.