മുന്‍ രാഷ്ട്രപതി അബ്ദുള്‍കലാമിന്റെ ഭൗതിക ശരീരത്തിന് ഇന്ത്യന്‍വ്യോമസേനയില്‍ ജീവിച്ചിരിക്കുന്നവരില്‍ ഫൈവ് സ്റ്റാര്‍ റാങ്ക് പദവിയുള്ള ഏകവ്യക്തി മാര്‍ഷല്‍ അര്‍ജന്‍ സിങിന്റെ സല്യൂട്ട്

single-img
29 July 2015

July-Marshal

ജീവിതം വീല്‍ചെയറിലാണെങ്കിലും തന്റെ 96മത്തെ വയസ്സില്‍ ഇന്ത്യയുടെ മുന്‍ സുപ്രീം കമാന്‍ഡറെ കാണാന്‍ മാര്‍ഷല്‍ അര്‍ജന്‍ സിങ് എത്തി. ഇന്ത്യന്‍വ്യോമസേനയില്‍ ഫൈവ് സ്റ്റാര്‍ റാങ്കിലേക്കു സ്ഥാനക്കയറ്റം ലഭിച്ചിട്ടുള്ള ജീവിച്ചിരിക്കുന്ന ഏക ഓഫിസര്‍ മാര്‍ഷല്‍ അര്‍ജന്‍ സിങ് മുന്‍ രാഷ്ട്രപതി അബ്ദുള്‍കലാമിന്റെ ഭൗതിക ശരീരത്തിന് സല്യൂട്ട് നല്‍കി.

അബ്ദുല്‍ കലാമിന്റെ ഭൗതികശരീരം സ്വീകരിക്കാന്‍ അര്‍ജന്‍ സിങ് ഇന്നലെ രാവിലെ ഡല്‍ഹിയിലെ വിമാനത്താവളത്തിലെത്തിയിരുന്നു. ഒരു ഊന്നുവടിയുടെയും ഒരു യുവ ഓഫിസറുടെയും സഹായത്തോടെ മൃതദേഹത്തിനരികിലെത്തി റീത്ത് സമര്‍പ്പിച്ച് സല്യൂട്ട് ചെയ്ത് മുന്‍ സുപ്രീം കമാന്‍ഡര്‍ക്ക് അദ്ദേഹം വിടനല്‍കി. തന്റെ പ്രായത്തെയും പ്രായാവശതകളേയും തോല്‍പ്പിച്ച മഹത്തായ സല്യൂട്ട്.

ഇന്ത്യയില്‍ ഫൈവ് സ്റ്റാര്‍ റാങ്ക് ലഭിച്ചവരില്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ഏക ഓഫിസര്‍ മാര്‍ഷല്‍ അര്‍ജന്‍ സിങ്ങാണ്. രണ്ടുപേരുണ്ടായിരുന്നതില്‍ ഫീല്‍ഡ് മാര്‍ഷല്‍ സാം മനേക് ഷാ 2008ല്‍ മരിച്ചു. പഞ്ചാബിലെ ലിയാള്‍പൂര്‍ സ്വദേശിയായ അര്‍ജന്‍ സിങ് 1939ല്‍ പൈലറ്റ് ഓഫിസറായി കമ്മിഷന്‍ ചെയ്തതാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1964 മുതല്‍ 1969 വരെ അദ്ദേഹം വ്യോമസേനാ മേധാവി ആയിരുന്നു. 1965ല്‍ പത്മ വിഭൂഷണ്‍ ലഭിച്ചു.

1969ല്‍ എയര്‍ഫോഴ്‌സില്‍ നിന്നും വിരമിച്ചശേഷം സ്വിറ്റ്‌സര്‍ലന്‍ഡില്‍ അംബാസഡറായും അതിനുശേഷം കെനിയയില്‍ ഹൈക്കമ്മിഷണറുമായി സേവനം അനുഷ്ഠിച്ചു. 1989ല്‍ ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണറായും അദ്ദേഹം ചുമതലവഹിച്ചിട്ടുണ്ട്.