ഇംഗ്ലീഷില്‍ പറഞ്ഞ പ്രേമം അഥവാ ലവ് 24×7

single-img
22 July 2015

22-wed-06ദൃശ്യമാധ്യമങ്ങള്‍ കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി മലയാളിയുടെ ജീവിതത്തില്‍ വിലയ പങ്കാണ് വഹിക്കുന്നത്. സാമൂഹിക സാംസ്‌കാരിക, രാഷ്ട്രീയ മണ്ഡലങ്ങളെ അവ സ്വാധീനിച്ചിട്ടുണ്ട്. പറഞ്ഞു കേട്ട പ്രണയത്തെ ടാഗ്‌ലൈന്‍ പോലെ വീണ്ടും ആവര്‍ത്തിക്കപ്പെട്ടപ്പോള്‍ സംവിധായക ഉദ്ദേശിച്ചതിന്റെ അയലത്തെത്താതെ പോയ ഒരാവറേജ് ചിത്രം. അതാണ് ദിലീപ് നായകനായ ശ്രീബാല കെ. മേനോന്റെ ലവ് 24×7 എന്ന ചിത്രം.

സ്‌കൂപ്പുകളും എക്‌സ്‌ക്ലൂസീവുകളും മാത്രം കൈകാര്യം ചെയ്യുന്ന വാര്‍ത്താവതാരകന്‍ രൂപേഷ് നമ്പ്യാറായി ദിലീപ് വേഷമിടുന്നു. മാധ്യമലോകത്തെ ടാം റേറ്റിംഗിന്റെ മത്സര ഓട്ടത്തിനിടെ പുതുയായി ചാനലിലെത്തുന്ന ട്രയിനി റിപ്പോര്‍ട്ടര്‍ കബനി എന്ന പെണ്‍കുട്ടിയുമായി രൂപേഷ് നമ്പ്യാര്‍ക്കുണ്ടാകുന്ന പ്രണയവും തുടര്‍ സംഭവ വികാസങ്ങളുമാണ് ലവ് 24ഃ7 ന്റെ പ്രമേയം. അല്‍ഫോണ്‍സ് പുത്രന്‍ പ്രേമത്തില്‍ പയറ്റിയ ടീച്ചറും വിദ്യാര്‍ത്ഥിയും തമ്മിലുള്ള പ്രണയത്തിന്റെ മാധ്യമപതിപ്പ്.

ക്യാമറക്കു പിന്നിലെ വാര്‍ത്താവതാരകരുടെ സാധാരണജീവിതത്തിലേക്കു കണ്ണോടിക്കുന്നതാണ് തന്റെ ആദ്യ സിനിമ എന്ന ശ്രീബാലയുടെ അവകാശവാദം ഇവിടെ അസ്ഥാനത്താവുന്നു. ചാനല്‍രംഗത്തെ കിടമല്‍സരങ്ങളെക്കുറിച്ചും വേജ്‌ബോഡ് സമരത്തെക്കുറിച്ചും ഹയര്‍ ആന്റ് ഫയര്‍ സംസ്‌കാരത്തെക്കുറിച്ചുമൊക്കെ അങ്ങിങ്ങ് ചില പരാമര്‍ശങ്ങള്‍ നടത്തിപ്പോകുന്നു.
Love-24x7-movie-stills-dileep-620x330
കേരളത്തിലെ ചാനല്‍രംഗത്തെക്കുറിച്ചുള്ള ചില കമന്റുകള്‍ സ്ഥാനത്തും അസ്ഥാനത്തും കഥാപാത്രങ്ങളുടെ വായില്‍ തിരുകിക്കയറ്റിയിട്ടുണ്ട്. അത്രയേയുള്ളൂ. ചാനല്‍ലോകത്തിന്റെ ഉള്ളറകള്‍ തുറന്നുകാട്ടുന്ന ഒരു ദൃശ്യംപോലും ചിത്രത്തിലില്ല. ദൃശ്യമാധ്യമപ്രവര്‍ത്തനത്തിലെ പോസിറ്റിവോ നെഗറ്റീവോ ആയ, ത്രസിപ്പിക്കുന്ന, ഉദ്വേഗഭരിതമായ ഒരു ചലനം പോലും ഇതില്‍ കാണാനാവില്ല. ഒരു ചാനലിന്റെ ഓഫീസില്‍ നടക്കുന്ന അതിസാധാരണമായ പ്രണയകഥ.

ശ്രീബാല കെ മേനോന്‍ എന്ന സിനിമാ പ്രവര്‍ത്തകയ്ക്ക് മാധ്യമരംഗത്തെക്കുറിച്ച് കുറച്ചെങ്കിലും അറിയാമെന്നാണ് കരുതിയത്. എന്നാല്‍ ബ്രേക്കിംഗ് ന്യൂസുകള്‍ക്ക് പിറകെ പോകാതെ ചാനല്‍ ഡെസ്‌കിലെ സാധാരണ പ്രണയത്തെയും കുശുമ്പും കുന്നായ്മകളെയും കൂട്ടിച്ചേര്‍ത്ത് അവതരിപ്പിച്ചപ്പോള്‍ കണ്ടിരിക്കുന്ന പ്രേക്ഷകന് മടുപ്പുണ്ടാകില്ല. എന്നാല്‍ പ്രധാന കഥയ്ക്കിടയില്‍ കടന്നു വരുന്ന ഉപകഥയിലെ നായികാ നായകന്മാരുടെ പ്രകടനം തീര്‍ത്തും വെറുപ്പിക്കലായിരുന്നു. തെന്നിന്ത്യയിലെ പ്രശസ്ത നടി സുഹാസിനിയുടെ ഡോ. സരയുവും മാധ്യമ പ്രവര്‍ത്തകന്‍ ശശികുമാറിന്റെ ഡോ. സതീഷും പരീക്ഷണങ്ങള്‍ മാത്രമായിപ്പോയി എന്നു വേണം പറയാന്‍.

മാധ്യമ പ്രവര്‍ത്തനം ഇഷ്ടപ്പെടുന്ന ഒരാളുടെ മനസ്സ് ചാനല്‍ ഡെസ്‌കിലേക്ക് അടുപ്പിക്കുന്ന ആദ്യ പകുതിയെ അപേക്ഷിച്ച് രണ്ടാം പകുതി ഇന്റര്‍വെല്ലില്‍ കുടിച്ച കോഫി അത്ര നല്ലതല്ല എന്നു തോന്നിപ്പിക്കും. അരുവിക്കര തിരഞ്ഞെടുപ്പിനിടെ പറഞ്ഞുകേട്ട ബോണക്കാട് എസ്‌റ്റേറ്റിനടുത്ത് താമസിപ്പിക്കുന്ന കബനി കാര്‍ത്തിക എന്ന സാധാരണക്കാരി തെരവന്തോരത്തുകാരിയുടെ സംസാരഭാഷയും മാഹിക്കാരനായ രൂപേഷ് മേനോന്റെ ശൈലിയും ഇടയ്‌ക്കൊന്ന് പ്രേക്ഷനെ രസിപ്പിക്കുന്നു. സാധാരണഗതിയില്‍ ഒരു ചാനല്‍ ഡെസ്‌കില്‍ നടക്കുന്ന സംഭവങ്ങളെ പ്രേക്ഷകര്‍ക്കുമുന്നിലെത്തിക്കുന്നു എന്നതിലപ്പുറം ഒന്നുമില്ല.

ജോലിക്കൊപ്പം രൂപത്തിലും കല്‍ക്കത്താ ന്യൂസിലെ കഥാപാത്രത്തോട് ദിലീപിന്റെ രൂപേഷ് നമ്പ്യാര്‍ക്ക് സാമ്യമുണ്ട്. വിഗ്ഗ് വച്ച വാര്‍ത്താ അവതാരകന്‍. ചാനല്‍ ക്യാമറയ്ക്ക് മുന്നില്‍ അല്ലാത്ത രംഗങ്ങളില്‍ ദിലീപ് സ്വാഭാവികതയുള്ള പ്രകടനമാണ്. ചാനലുകളിലേക്ക് ട്രെയിനികളെ നിയമിക്കാന്‍ അഭിമുഖം നടത്തുന്നത് മുതല്‍ ചാനലുകളില്‍ കോര്‍പ്പറേറ്റ് ഭീമന്മാര്‍ക്കും രാഷ്ട്രീയക്കാര്‍ക്കുമുള്ള സ്വാധീനം വരെ സിനിമയില്‍ മിന്നിമറയുന്നുണ്ട്.

ശ്രീബാല കെ. മേനോന്റെ ’19, കനാല്‍ റോഡ്’ എന്ന പുസ്തകം 2005ലെ മികച്ച ഹാസ്യസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയിരുന്നു. ‘നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക’ എന്ന ചിത്രം മുതല്‍ അവര്‍ സത്യന്‍ അന്തിക്കാടിന്റെ അസിസ്റ്റന്റാണ്. ‘ഭാഗ്യദേവത’ എന്ന ചിത്രത്തോടെ അസോസിയേറ്റ് ഡയരക്ടറായും അവര്‍ സിനിമാരംഗത്തുണ്ട്.
ഒരു എഴുത്തുകാരിയെന്ന നിലയിലും ചലച്ചിത്രകാരിയെന്ന നിലയിലും അഞ്ജലി മേനോന്‍, ഗീതു മോഹന്‍ദാസ് തുടങ്ങിയ സിനിമാപ്രവര്‍ത്തകരോട് വിദൂരമായ താരതമ്യംപോലും അര്‍ഹിക്കുന്നില്ല സംവിധായക. ഒരു സ്ത്രീ പക്ഷ ചിന്തയെന്നു പോലും സിനിമയില്‍ തോന്നിപ്പിക്കുന്നില്ല. ഇടയ്ക്ക് ലെന അവതരിപ്പിക്കുന്ന കഥാപാത്രത്തിലൊതുങ്ങുന്നു സ്ത്രീ പക്ഷത.

സിബി മലയിലിന്റെ ഇഷ്ടം, ബ്ലെസിയുടെ പ്രണയം, ലാല്‍ ജോസിന്റെ ഇമ്മാനുവല്‍, ജോഷിയുടെ റണ്‍ബേബിറണ്‍ ഇവയൊക്കെ കൂട്ടിച്ചേര്‍ത്ത ഒരു അവിയലാണോ സിനിമയെന്നും സംശയിക്കാം.പ്രധാനകഥ പാതിവഴിയിലും അതിനിടെ എവിടെനിന്നോ ആരംഭിക്കുന്ന ഉപകഥയും സമാന്തരമായി യോജിപ്പിക്കാന്‍ നടത്തിയ ഒരു പരിശ്രമം മാത്രം.

നായികയുടെ തീരുമാനങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിച്ച് സ്വയം ജയിക്കുന്ന നായകന്‍. സിനിമയിലെ ആണ്‍കോയ്മാ സംസ്‌കാരത്തെ ഒന്നുകൂടി ജയിപ്പിച്ചുവിടുന്നു ഈ പെണ്‍സംവിധായികയും. നായകന്റെ നിഴലായി ഒളിക്കുന്ന പതിവു നായിക തന്നെ അവള്‍. എന്നാല്‍, ഡോ. സരയുവിന്റെ സംഭാഷണങ്ങളില്‍ ഏകാകിയായ ഒരു സ്ത്രീമനസ്സിന്റെ ചില വെളിപ്പെടലുകളുണ്ട്. ‘സ്പര്‍ശം എനിക്കു പ്രധാനമാണ്. നമ്മള്‍ മലയാളികള്‍ ആരെയും സ്പര്‍ശിക്കാറില്ലല്‌ളോ. സ്വന്തം അമ്മയെയും അച്ഛനെയും വരെ’.

മാധ്യമപ്രവര്‍ത്തകന്‍ കെ.പി മോഹനനെ ആക്ഷേപഹാസ്യപരമായി ചിത്രീകരിക്കാന്‍ പ്രമുഖ നാടകസംവിധായകന്‍ ജയപ്രകാശ് കുളൂരിനെ ഉപയോഗിച്ചു സംവിധായിക. മലയാള മാധ്യമലോകത്ത് ഏറ്റവും അശഌലമായി കാണുന്നത് ബൈലൈനിലെ ജാതിവാലുകളെ കണക്കിന് വിമര്‍ശിക്കുന്നു. ഇതിനിടെ എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാര്‍ എന്ന് പറഞ്ഞ പോലെ ഒരു ദളിത് സ്ത്രീയെ കൂടി പരിചയപ്പെടുത്തുന്നു.

ഉല്‍സവചിത്രങ്ങളിലെ പതിവ് കോമഡിവേഷങ്ങള്‍ക്ക് ഇടവേള നല്‍കിയ ദിലീപ് തന്റെ വേഷത്തോടു നീതിപുലര്‍ത്തി. പുതുമുഖം നിഖില വിമല്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. ശ്രീനിവാസന്‍, സുഹാസിനി, ശശികുമാര്‍, ലെന, സിദ്ധാര്‍ത്ഥ് ശിവ, സുധീര്‍ കോപ അതിഥി വേഷത്തിലെത്തിയ ശങ്കര്‍ രാമകൃഷ്ണന്‍ തുടങ്ങിയവരും തങ്ങളുടെ വേഷം ഭംഗിയാക്കി. സമീര്‍ ഹഖിന്റെ ഛായാഗ്രഹണം പ്രശംസയര്‍ഹിക്കുന്നു. അതിനേക്കാള്‍ പ്രധാനം ചിത്രത്തിന്റെ കലാ സംവിധാനം നിര്‍വ്വഹിച്ചവിനീഷ് ബംഗ്ലാന്റെ കഴിവ് എടുത്തുപറയേണ്ടതാണ്. സിനിമയ്ക്കായി പ്രത്യേകം തയാറാക്കിയ ന്യൂസ് റൂം സ്റ്റുഡിയോ കൃത്രിമമായി ഉണ്ടാക്കിയതാണെന്ന് ഒരിക്കല്‍ പോലും അനുഭവപ്പെടുന്നില്ല. ബിജിപാലാണ് പശ്ചാത്തല സംഗീതം.