കുരുന്നുകൾക്കിടയിൽ പുഞ്ചിരി തൂകി “മേക്ക് എ സ്‌മൈൽ” കൂട്ടായ്മ

single-img
18 July 2015

edefe23d-5fbb-4339-84ba-dc6f4e41bec7

തിരുവനതപുരം: ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ഉള്ള തത്രപ്പാടിനിടയിലും സാമൂഹ്യ സേവനവും സഹജീവി സംരക്ഷണവും ദിനചര്യയാക്കി മാറ്റിയ ഒരു പറ്റം യുവജന സുഹൃദ് കൂട്ടായ്മയായ “മേക്ക് എ സ്‌മൈൽ” വേറിട്ട കാഴ്ചയാവുന്നു.

തിരുവന്തപുരത്തെ തൈക്കാട് കേന്ദ്രികരിച്ചു പ്രവർത്തിക്കുന്ന ഈ കൂട്ടായ്മയ്ക്ക് പാലോട് സബ്‌ജില്ലയിലെ പ്രീ പ്രൈമറി വിഭാഗം പണി പൂർത്തിയാകാത്ത ഞാറനീലി കാണി സ്കൂളിലെ കുരുന്നുകളുടെയും അധ്യാപകരുടെയും തിക്താനുഭവങ്ങൾക്കു നേരെ കണ്ണടച്ചു കണ്ടില്ലയെന്നു നടിക്കാൻ കഴിഞ്ഞില്ല.

സ്കൂളിലെ പേര് സൂചിപ്പിക്കുന്ന പോലെ കാണി വിഭാഗത്തിലെ വിദ്യാർത്ഥികളാണ് കൂടുതലും ഇവിടെ പഠിക്കുന്നത്.

സ്കൂളിലെ ക്ലാസ്സ് മുറികളിൽ നിലമിട്ടിട്ടില്ലാത്തതുകൊണ്ടു പൊടിപടലങ്ങളാൽ മൂടപ്പെട്ട അന്തരീക്ഷത്തിലായിരുന്നു ക്ലാസ്സ് നടന്നിരുന്നത്. ഇതു ശ്രദ്ധയിൽ പെട്ടിട്ടാണ് മേക്ക് എ സ്‌മൈൽ” കൂട്ടായ്മ അഗങ്ങൾ അവരുടെ ഒരു മാസത്തെ ശമ്പളം മാറ്റിവച്ചു ഇവിടം ടൈൽസ് പാകിയത്.

“വളരെ പരിമിതപ്പെട്ട സാഹചര്യത്തിലാണ് ഈ സ്കൂൾ പ്രവർത്തിച്ചു വരുന്നത്. ഒരു കുട്ടിക്ക് പെട്ടെന്നൊരു അസുഖം ഉണ്ടായാൽ പോലും ആസ്പത്രിയിൽ എത്തിക്കണമെങ്കിൽ അധ്യാപകർ കൈയിലെ കാശു മുടക്കിയാണ് കൊണ്ടു പോകേണ്ടത്, അതിൽ നമ്മുക്ക് പരാതിയുമില്ല കാരണം അവർ ഞങ്ങളുടെ സ്വന്തം കുഞ്ഞുങ്ങളല്ലേ…പക്ഷെ ഇപ്പോൾ നിലവിലുള്ള സാഹചര്യം ഒന്നു മാറി കിട്ടണം. അതു കൊണ്ടു പറഞ്ഞെന്നു മാത്രം,” സ്കൂളിലെ ഹെഡ് മിസ്ട്രസ് ചാർജ് വഹിക്കുന്ന റസിയ ടീച്ചർ ഈ വാർത്തയോട് പറയുന്നു.

സ്കൂൾ ഇപ്പോൾ സ്ഥിതി ചെയ്യുന്നതിന് തൊട്ടടുത്തായി തന്നെ മറ്റൊരു കെട്ടിടം മുൻപ് നിർമിച്ചുവെങ്കിലും ടെൻഡർ ഏറ്റെടുത്ത എൻഞ്ചിനീയരുടെ കെടുകാര്യസ്ഥതയിൽ അതു ഉപയോഗ ശൂന്യമായിരിക്കുകയാണ്.

ഈ പുഞ്ചിരി കൂട്ടായ്മ ഇവിടം മാത്രമല്ല, മറ്റു മൂന്നു സ്കൂളുകളിൽ കൂടി സൗജന്യ പുസ്തകങ്ങളും മറ്റു പഠനോപകരണങ്ങളും വിതരണം ചെയ്യുകയുണ്ടായി.

“ഇക്കഴിഞ്ഞ ജൂൺ 1ന് പുഞ്ചിരി തൂകുക എന്ന സന്ദേശവുമായി ഞങ്ങൾക്ക് തിരുവന്തപുരം ജില്ലയിലെ മൂന്നു സ്കൂളുകളിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യാൻ സാധിച്ചു. തുടർന്നും ഞങ്ങളാൽ കഴിയും വിധം ക്ഷേമ പ്രവർത്തനങ്ങളിൽ സജ്ജരായിരിക്കും,” മേക്ക് എ സ്‌മൈൽ അംഗം അരവിന്ദ് പറഞ്ഞു.

അരവിന്ദ് ആർ വി, ലിനിൽ എൽ എം, കല്യാൺ എസ് ആർ, രാഹുൽ സ്റ്റീഫൻ, അണുവിന്ദ് ആദിത്യൻ, അരുൺ സി ജെ, സിബിൻ ചന്ദ്, കിരൺ സത്യ, അരുൺ ഡേവിഡ്സൺ, മിഥുൻ മുരളി എന്നിവരാണ് ഈ കൂട്ടായ്മയിലെ മുഖ്യ അമരക്കാർ.