എരുമേലിയില്‍ വിശപ്പുകൊണ്ട് പെരുന്നാള്‍ ആഘോഷിക്കുന്നവര്‍ക്ക് താങ്ങായി എം.ഇ.എസ് കോളേജിലെ വിദ്യാര്‍ത്ഥികളുണ്ട്

single-img
14 July 2015

MES

ഒരു നാടിനു വേണ്ടി എരുമേലി എംഇഎസ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ പ്രയത്‌നത്തിലാണ്. ദിവസവും അവര്‍ നിക്ഷേപിക്കുന്ന അരിയും പണവും പെരുന്നാളിന്റെ തലേനാള്‍ പാവങ്ങള്‍ക്ക് വീതിച്ചു നല്‍കി തങ്ങളുടെ നാടിനോടുള്ള പ്രതിബദ്ധത അവര്‍ നിറവേറ്റുകയാണ്. റംസാന്‍ മാസാരംഭം മുതല്‍ കുട്ടികള്‍ മുന്‍കൈയെടുത്ത് കോളേജില്‍ സ്ഥാപിച്ച പെട്ടികളില്‍ അരിയും പണവും നിറഞ്ഞുകൊണ്ടിരിക്കുന്നു. എല്ലാ വിദ്യാര്‍ത്ഥികളും തങ്ങളാല്‍ കഴിയുന്ന അരിയും തുകയും കോളേജില്‍ എത്തിച്ചുകൊണ്ടിരിക്കുന്നു. തങ്ങള്‍ക്കൊപ്പം മറ്റൊരാളും ഭക്ഷണം കഴിക്കണമെന്ന ചിന്തയോടെ.

നോമ്പനുഷ്ഠിക്കുന്ന കുട്ടികളും അല്ലാത്തവരും ഈ പ്രവൃത്തിയില്‍ ഭാഗമാകുന്നുണ്ട്. കുട്ടികള്‍ എത്തിക്കുന്ന കുത്തരിയും ചാക്കരിയും വെവ്വേറെ പാത്രങ്ങളിലായാണ് നിക്ഷേപിക്കുന്നത്. പണം സ്വീകരിക്കാന്‍ മറ്റൊരു പെട്ടിയും വിദ്യാര്‍ത്ഥികള്‍ സ്ഥാപിച്ചിട്ടുണ്ട്.

കോളേജില്‍ കഴിഞ്ഞവര്‍ഷം മുതല്‍ ആരംഭിച്ച മഅ്‌ലൂന്‍ പദ്ധതിയുടെ ഭാഗമായാണ് ഇത്തവണയും റംസാന്‍ മാസാരംഭത്തില്‍ ഈ പദ്ധതി തുടങ്ങിയത്. കഴിഞ്ഞതവണത്തെ മഅ്‌ലൂന്‍ പദ്ധതി വന്‍ വിജയമായിരുന്നു. പാവപ്പെട്ടവരായ നൂറില്‍പരം പേര്‍ക്കാണ് വിദ്യാര്‍ത്ഥികള്‍ അന്ന് വീടുകളില്‍ ധാന്യം എത്തിച്ച് നല്‍കാന്‍ കഴിഞ്ഞത്.

നിര്‍ധനരായ രോഗികളുടെ ചികിത്സക്കുവേണ്ടിയാണ് ഇത്തവണ പണംകൂടി ശേഖരിക്കുന്നതെന്ന് പ്രിന്‍സിപ്പല്‍ ഡോ. എസ്. സുജാബീഗം അറിയിച്ചു.