അവിശ്വസനീയമായ ഒരു പഞ്ചായത്ത് വൈസ് പ്രസിഡന്റ് അവരോധം

single-img
8 July 2015

Gowthamma

കര്‍ണ്ണാടകയിലെ ചാമരഞ്ചന്‍ നഗര്‍ ജില്ലയിലെ കൊല്ലഗല്‍ താലൂക്കിലുളള ദൊദ്ദലത്തൂര്‍ ഗ്രാമപഞ്ചായത്തിലെ വൈസ് പ്രസിഡന്റായി ഗൗതമ്മ സ്ഥാനമേറ്റു. സ്ത്രീകള്‍ സാധാരണയായി ത്രിതല പഞ്ചായത്ത് സംവിധാനങ്ങളിലേക്ക് കടന്നു വരുന്ന ഈ അവസരത്തില്‍ ഇക്കാര്യത്തിന് എന്താണ് പ്രസക്തിയെന്ന് തോന്നാം. പ്രസക്തി ഗൗതമ്മയുടെ പ്രായം തന്നെയാണ്. ഗൗതമ്മയ്ക്ക് പ്രായം 102 ആണ്.

ഗ്രാമപഞ്ചായത്തംഗമായി തെരഞ്ഞെടുത്ത ഈ മുത്തശ്ശിയെ ഏകകണ്ഠമായാണ് മറ്റംഗങ്ങള്‍ വൈസ് പ്രസിഡന്റായി നാമനിര്‍ദേശം ചെയ്തത്. ഹലസുരു ഗ്രാമത്തിലെ ഇവരുടെ തെരഞ്ഞെടുപ്പ് വിജയം വലിയ ചര്‍ച്ചകള്‍ക്ക് വഴി വച്ചിരുന്നു. അവരുടെ പ്രായത്തെ മാനിച്ച് പഞ്ചായത്ത് പ്രസിഡന്റാക്കാനായിരുന്നു നേരത്തെ ഗ്രാമവാസികള്‍ തീരുമാനിച്ചതെങ്കിലും ഭരണപരമായ ചില പ്രായോഗിക ബുദ്ധിമുട്ടികളുള്ളതിനാല്‍ വൈസ് പ്രസിഡന്റ് സ്ഥാനം നല്‍കുകയായിരുന്നു.

കുടിവെളളം, വൈദ്യസഹായം, മികച്ച റോഡുകള്‍ എന്നിവയ്ക്ക് പ്രാമുഖ്യം നല്‍കി തന്റെ പഞ്ചായത്തിനെ രാജ്യത്തെ മികച്ച മാതൃകാ പഞ്ചായത്താക്കണമെന്ന മോഹമാണ് ഗൗതമ്മയ്ക്കുള്ളത്. ഇതിനായി സഹപ്രവര്‍ത്തകരുടെയും ഉദ്യോഗസ്ഥരുടെയും സംസ്ഥാന സര്‍ക്കാരിന്റെയും സഹകരണവും അവര്‍ തേടുന്നുമുണ്ട്.
പ്രശസ്തമായ അവലനായിക്കന്‍ഹളളി കുടുംബത്തിലെ പരേതനായ അവലനായികയുടെ ഭാര്യയാണ് ഗൗതമ്മ.

അറിയപ്പെടുന്ന രാഷ്ട്രീയ നേതാവായിരുന്ന ഭര്‍ത്താവിന്റെ സ്വപ്‌നങ്ങളും തനിക്ക് സാക്ഷാത്കരിക്കാനുണ്ടെന്നു പറയുന്ന ഗൗതമ്മ സര്‍ക്കാര്‍ നല്‍കുന്ന വാര്‍ദ്ധ്യപെന്‍ഷനായ 500 രൂപ കൊണ്ടാണ് ജീവിക്കുന്നത്. കുറച്ച് കൃഷിഭൂമിയുളളതില്‍ ബന്ധുക്കള്‍ കൃഷി ചെയ്യുന്നുണ്ട്. ഇപ്പോള്‍ ഒരു വാടകവീട്ടില്‍ താമസിക്കുന്ന മുത്തശ്ശിയുടെ ആറ് മക്കളില്‍ മൂന്നുപേരും മരണപ്പെട്ടിരുന്നു.