അനാഥര്‍ക്കൊപ്പം അവരെ സംരക്ഷിക്കുന്ന സ്ഥാപനത്തില്‍ കഴിയുന്ന ഗൗരിക്കുട്ടിയമ്മ എന്ന എഴുപത്തിയഞ്ചുകാരി തനിക്ക് കുടുംബസ്വത്തായി കിട്ടിയ ഭൂമി തന്റെ കൂടെ അനാഥാലയത്തില്‍ മക്കള്‍ക്കൊപ്പം കഴിയുന്ന മൂന്ന് സ്ത്രീകള്‍ക്ക് വീതിച്ചു നല്‍കി

single-img
7 July 2015

Gouri

അനാഥര്‍ക്കൊപ്പം അവരെ സംരക്ഷിക്കുന്ന സ്ഥാപനത്തില്‍ കഴിയുന്ന ഗൗരിക്കുട്ടിയമ്മ എന്ന എഴുപത്തിയഞ്ചുകാരി തനിക്ക് കുടുംബസ്വത്തായി കിട്ടിയ ഭൂമി അനാഥരായ മുന്ന് ജീവിതങ്ങള്‍ക്ക് വീതിച്ചു നല്‍കിയാണ് മാതൃകകാട്ടിയത്. ചങ്ങനാശേരി വാഴപ്പള്ളി നടുവിലേപ്പറമ്പില്‍ പരേതനായ കൃഷ്ണന്‍നായരുടെ ഭാര്യ ഗൗരിക്കുട്ടിയമ്മ കഷ്ടതയനുഭവിക്കുന്ന മൂന്ന് സ്ത്രീകള്‍ക്ക് വീതിച്ചു നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.

മക്കളില്ലാത്ത ദമ്പതിമാരായിരുന്നു ഗൗരിക്കുട്ടിയമ്മയും കൃഷ്ണന്‍നായരും. വില്ലേജ് ഓഫിസറായി വിരമിച്ച കൃഷ്ണന്‍നായര്‍ മരിച്ചതോടെ ഗൗരിക്കുട്ടിയമ്മ ജീവിതതത്തില്‍ ഒറ്റയ്ക്കാകുകയായിരുന്നു. ആകെയുള്ള വരുമാനം ഭര്‍ത്താവിന്റെ കുടുംബ പെന്‍ഷനും. ഇതിനിടയില്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്നും ഗൗരിക്കുട്ടിയമ്മയെ സഹോദരിമാര്‍ കുടുംബവീടായ വാഴപ്പള്ളിയിലേക്കു കൊണ്ടുവന്നുവെങ്കിലും കുറച്ചു കാലത്തിനു ശേഷം ഇവരുമായി ഒത്തുപോകാന്‍ കഴിയാതെവന്നതോടെ സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കുന്ന ഗാന്ധിനഗറിലെ സാന്ത്വനത്തിലേക്ക് ഗൗരിക്കുട്ടിയമ്മ എത്തുകയായിരുന്നു.

ജീവിതാന്ത്യത്തിലാണെങ്കിലും അനാഥത്വത്തിന്റെ വേദനയറിഞ്ഞ ഗൗരിക്കുട്ടിയമ്മ തന്നോടൊപ്പം സാന്ത്വനത്തില്‍ കഴിയുന്ന മൂന്നു സ്ത്രീകള്‍ക്ക് വാഴപ്പള്ളി ക്ഷേത്രത്തിനു സമീപമുള്ള കുടുംബസ്വത്ത് എഴുതിനല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. പറക്കമുറ്റാത്ത മൂന്നുകുട്ടികളുമായി ഭര്‍ത്താവിന്റെ പീഡനത്തെ തുടര്‍ന്ന് വാടകവീട്ടില്‍നിന്നും സാന്ത്വനത്തില്‍ അഭയം തേടിയ 32 വയസ്സുള്ള മഞ്ജു, ഭര്‍ത്താവിന്റെ മദ്യപാനത്തെ തുടര്‍ന്നുള്ള മര്‍ദ്ദനം മൂലം മൂന്നു മക്കളേയും കൊണ്ട് വീടുവിട്ടിറങ്ങി സാന്ത്വനത്തില്‍ എത്തിയ 38 വയസ്സുള്ള രാധാമണി, അഞ്ചുമക്കളായതിനു ശേഷം ഭര്‍ത്താവ് ഉപേക്ഷിച്ച അഭനിതയെന്ന 32കാരി എന്നിവര്‍ക്കാണ് ഗൗരിക്കുട്ടിയമ്മ തന്റെ ഭൂമി വീതിച്ചു നല്‍കുന്നത്.

അയല്‍പക്കാരുടെ പിടിവാശി മൂലം ഗൗരിക്കുട്ടിയമ്മയുടെ ഭൂമിയിലേക്ക് പ്രവേശിക്കാന്‍ വഴിയുണ്ടായിരുന്നില്ല. ഒടുവില്‍ സാന്ത്വനം ഡയറക്ടര്‍ ആനി ബാബുവിന്റെ ശ്രമഫലമായി ആര്‍ഡിഒയും മറ്റും ഇടപെട്ടാണു നടപ്പാത ലഭ്യമാക്കുകയായിരുന്നു. സ്ഥലം റജിസ്‌ട്രേഷന് ഫീസായ എണ്‍പതിനായിരം രൂപ നല്‍കുന്നതു സാന്ത്വനം നല്‍കുകയും മുന്ന് കുടുംബങ്ങള്‍ക്കും ഈ സ്ഥലത്ത് വീടുയര്‍ത്താനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.