ഫേസ്‌ഗ്ലോറിയ എന്ന ‘പാപരഹിത’ ഫേസ്ബുക്ക് പ്രവർത്തനം ആരംഭിച്ചു; ലൈക്കിന് പകരം ആമേൻ

single-img
6 July 2015

Facegloria ‘പാപരഹിത’ ഫേസ്ബുക്ക് എന്ന പേരിൽ പുതിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റ് പ്രവർത്തനം ആരംഭിച്ചു. ഫേസ്‌ഗ്ലോറിയ എന്നാണ് ‘പാപരഹിത’ ഫേസ്ബുക്കിന്റെ പേര്. ബ്രസീലില്‍ നിന്നുള്ള ക്രിസ്തീയ സുവിശേഷകരാണ് ഫേസ്‌ഗ്ലോറിയക്ക് പിന്നില്‍.

ഫേസ്ബുക്കിലെ പാപങ്ങള്‍ ഒഴിവാക്കായാണ് തങ്ങളുടെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റ് പ്രവര്‍ത്തിക്കുകയെന്നാണ് ഇവരുടെ അവകാശ വാദം. അശ്ലീല വാക്കുകള്‍ക്കും ചിത്രങ്ങള്‍ക്കും ദൃശ്യങ്ങള്‍ക്കുമെല്ലാം ഫേസ്‌ഗ്ലോറിയയില്‍ ഇടമില്ല. സ്വവര്‍ഗ്ഗാനുരാഗത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഈ സൈറ്റില്‍ നിരോധിച്ചിരിക്കുന്നു.

ഏകദേശം അറുന്നൂറോളം വാക്കുകളെ ഫേസ്‌ഗ്ലോറിയ നിരോധിച്ചിട്ടുണ്ട്. ഡിസൈനില്‍ ഫേസ്ബുക്കുമായി സാമ്യതയുള്ള സൈറ്റ് ഫേസ്ബുക്കിന്റെ ധാര്‍മ്മികതയെ ചോദ്യം ചെയ്യുന്നു. ഫേസ്ബുക്കിലെ ലൈക്ക് ബട്ടണ് പകരം ആമേന്‍ ആണ് ഫേസ്‌ഗ്ലോറിയയിലുള്ളത്. ഫേസ്ബുക്കിന് ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളുള്ള രാജ്യങ്ങളിലൊന്നാണ് ബ്രസീല്‍. ഈ വിപണി തന്നെയാണ് ഫേസ്‌ഗ്ലോറിയയും ലക്ഷ്യം വെക്കുന്നത്.

ഫേസ്‌ഗ്ലോറിയ ആരംഭിച്ച് ആദ്യ മാസത്തില്‍ ഒരു ലക്ഷത്തോളം പേര്‍ സൈറ്റില്‍ ചേര്‍ന്നെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. രണ്ട് വര്‍ഷത്തിനുള്ളില്‍ പത്ത് ദശലക്ഷത്തോളം പേരെ ഫേസ്‌ഗ്ലോറിയ അംഗങ്ങളാക്കുകയാണ് സൈറ്റിന്റെ പ്രഖ്യാപിത ലക്ഷ്യം.