കഴിഞ്ഞ ആറു മാസത്തിനിടെ ഫ്രാന്‍സില്‍ മുസ്‌ലിംകള്‍ക്കെതിരായ ആക്രമണങ്ങള്‍ 23.5 ശതമാനം വര്‍ധിച്ചതായി റിപ്പോര്‍ട്ട്

single-img
5 July 2015

franceപാരിസ്: കഴിഞ്ഞ ആറു മാസത്തിനിടെ ഫ്രാന്‍സില്‍ മുസ്‌ലിംകള്‍ക്കെതിരായ ആക്രമണങ്ങള്‍ 23.5 ശതമാനം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. പാരിസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കളക്ടീവ് എഗെയിന്‍സ്റ്റ് ഇസ്‌ലാമോഫോബിയ എന്ന സംഘടന തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മുസ്‌ലിംകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.

പള്ളികള്‍ക്കെതിരായ ആക്രമണങ്ങളും ശിരോവസ്ത്രം ധരിച്ച സ്ത്രീകള്‍ക്കെതിരായ വധഭീഷണികളും കൂടിക്കൊണ്ടിരിക്കുന്നു. സ്‌കൂളുകളില്‍ അധ്യാപകര്‍ മുസ്‌ലിം കുട്ടികളെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയാണ്. നീളമേറിയ സ്‌കര്‍ട്ടുകള്‍ ധരിക്കുന്നതില്‍നിന്ന് മുസ്‌ലിം പെണ്‍കുട്ടികളെ വിദ്യാലയങ്ങള്‍ തടയുന്നു. മുസ്ലിം വിരുദ്ധ വിദ്വേഷ പ്രചാരണങ്ങളും കൂടാതെ മുസ്ലിംകള്‍ക്കെതിരായ ശാരീരിക അതിക്രമങ്ങള്‍ 500 ശതമാനവും അവരെ അസഭ്യങ്ങള്‍ പറയുന്നത് 100 ശതമാനവും കൂടിയിരിക്കുകയാണ്.

മുസ്ലിംകളുടെ പരാതികള്‍ സ്വീകരിക്കാന്‍ സുരക്ഷാ ഏജന്‍സികള്‍ തയാറാകാത്തതും കുറ്റക്കാരെ വെറുതെവിടുന്നുതും കാരണം ആക്രമണങ്ങള്‍ക്ക് ഇരയായവരില്‍ കുറച്ചുപേര്‍ മാത്രമാണ് പരാതിയുമായി അധികാരികളെ സമീപിക്കാറുള്ളത്.  പരാതിക്കാര്‍ മുസ്‌ലിംകളാണെങ്കില്‍ ഭരണകൂടവും കോടതികളും പ്രതികള്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കാറുള്ളത്. മുസ്‌ലിംകള്‍ വ്യാപകമായി വേട്ടയാടുന്ന വിഷയം ചൂണ്ടിക്കാട്ടി ഫ്രാന്‍സിലെ ഇസ്ലാമിക സംഘടനാ പ്രതിനിധികള്‍ ആഭ്യന്തര മന്ത്രിയെ കണ്ടിരുന്നു.

അതിനു ശേഷം മുസ്ലിംകളുടെ പരാതികള്‍ സ്വീകരിച്ച് തുടര്‍ നടപടി സ്വീകരിക്കാന്‍ ആഭ്യന്തര മന്ത്രാലയം പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയുണ്ടായി. ജനുവരിയില്‍ ഷാര്‍ലി എബ്ദോ വാരികയുടെ ആസ്ഥാനത്തുണ്ടായ ഭീകരാക്രമണത്തിനുശേഷമാണ് മുസ്‌ലിംകള്‍ക്കെതിരെ ആക്രമണങ്ങള്‍ വര്‍ധിച്ചത്.