ദാവൂദ് കീഴടങ്ങാൻ സന്നദ്ധനായിരുന്നു; ശരദ് പവാർ എതിര്‍ത്തത് കൊണ്ട് നടന്നില്ല-രാംജേഠ് മലാനി

single-img
5 July 2015

davoodമുംബൈ: 93ലെ മുംബയ് സ്‌ഫോടന കേസുകളിൽ ഇന്ത്യ തേടുന്ന അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം ഇന്ത്യയിലെത്തി കീഴടങ്ങാനും വിചാരണ നേരിടാനും സന്നദ്ധത പ്രകടിപ്പിച്ചിരുന്നുവെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ രാംജേഠ് മലാനിയുടെ വെളിപ്പെടുത്തല്‍.

അന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന ശരദ് പവാര്‍ എതിര്‍ത്തതുമൂലമാണ് ഇത് നടക്കാതെപോയതെന്നും അദ്ദേഹം പറയുന്നു. എന്നാലിത് പവാറിന്റെമാത്രം തീരുമാനമായിരുന്നില്ല. അന്നത്തെ യു.പി.എ സര്‍ക്കാറിന്റേതുകൂടിയായിരുന്നുവെന്ന് ജേഠ്മലാനി കൂട്ടിച്ചേര്‍ത്തു.

1994-ല്‍ ലണ്ടനില്‍വെച്ചാണ് രാംജേഠ് മലാനിയെ ദാവൂദ് സമീപിച്ചത്. കീഴടങ്ങാന്‍ തയ്യാറാണ്, എന്നാല്‍, പോലീസ് കസ്റ്റഡിയിലെയും ജയിലിലെയും പീഡനം ഒഴിവാക്കണമെന്നായിരുന്നു അയാളുടെ പ്രധാന നിബന്ധന. വീട്ടുതടങ്കലിലാക്കി വിചാരണ നടത്തണമെന്നും ആവശ്യപ്പെട്ടു. പക്ഷേ, നിബന്ധനകളോടെയുള്ള കീഴടങ്ങല്‍ വാഗ്ദാനം അംഗീകരിക്കാനാവില്ലെന്ന് പവാർ അറിയിക്കുകയായിരുന്നു.

ഈ വെളിപ്പെടുത്തല്‍ വിവാദമായതോടെ പ്രതികരണവുമായി പവാറും രംഗത്തെത്തി. ദാവൂദിന്റെ വാഗ്ദാനവുമായി ജേഠ്മലാനി തന്നെ സമീപിച്ചതായി അദ്ദേഹം സമ്മതിച്ചു. എന്നാല്‍, അന്താരാഷ്ട്ര കുറ്റവാളികളുടെ നിബന്ധനകള്‍ അംഗീകരിച്ച് കീഴടങ്ങാന്‍ അനുവദിക്കേണ്ടെന്നായിരുന്നു സര്‍ക്കാറിന്റെ നിലപാട്. ഇന്ത്യയിലൊരു നിയമമുണ്ട്, അതിന് വിരുദ്ധമായിട്ടുള്ള കാര്യങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും പവാര്‍ പറഞ്ഞു.

മുംബൈ സ്‌ഫോടനത്തിനുശേഷം ദാവൂദ് കീഴടങ്ങാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നതായി അയാളുടെ കൂട്ടാളിയായ ഛോട്ടാ ഷക്കീല്‍ കഴിഞ്ഞ ദിവസം ടൈംസ് ഒഫ് ദിനപ്പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിനോടുള്ള പ്രതികരണമായാണ് ജേഠ്മലാനിയുടെ വെളിപ്പെടുത്തല്‍ വന്നത്.

സ്‌ഫോടനപരമ്പര ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതിസ്ഥാനത്തുള്ള ദാവൂദ് ഇബ്രാഹിം ഇപ്പോള്‍ പാകിസ്ഥാനില്‍ ഒളിവില്‍ കഴിയുകയാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ വിശ്വസിക്കുന്നത്. ദാവൂദ് ഇബ്രാഹിമിനെ പിടികൂടാനുള്ള കേന്ദ്രസര്‍ക്കാറിന്റെ ശ്രമങ്ങള്‍ ഇതുവരെ ഫലംകണ്ടിട്ടില്ല.