മോഡിയെയും അമിത് ഷായെയും രൂക്ഷമായി വിമര്‍ശിക്കുന്ന ബിജെപി എംഎല്‍എയുടെ സംസാരം ഒളിക്കാമറയില്‍ കുടുങ്ങി

single-img
27 June 2015

mlമുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും പാർട്ടി അധ്യക്ഷന്‍ അമിത് ഷായെയും രൂക്ഷമായി വിമര്‍ശിക്കുന്ന ബിജെപി എംഎല്‍എയുടെ സംസാരം ഒളിക്കാമറയില്‍ കുടുങ്ങി. മഹാരാഷ്ട്രയിലെ കൊളാബാ എംഎല്‍എ രാജ് പുരോഹിതാണ് മോഡിക്കെതിരെയും അമിത് ഷാക്കെതിരെയും രൂക്ഷവിമര്‍ശനം ഉയര്‍ത്തുന്നത്.

ബിജെപിയില്‍ മോഡിയെയും അമിത് ഷായെയും മാത്രം കേന്ദ്രീകരിച്ചാണ് കാര്യങ്ങള്‍ നടക്കുന്നത്. പാര്‍ട്ടിയില്‍ ജനാധിപത്യം ഇല്ലെന്നും പാര്‍ട്ടി അപകടകരമായ ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നതെന്നും രാജ് പുരോഹിത് പറയുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നിസ്സഹായാവസ്ഥയിലാണെന്നും രാജ് താക്കറെയും പ്രഭാത് ലോധയെയും  പോലുള്ള ചില വ്യക്തികളില്‍ നിന്നും കനത്ത സമ്മര്‍ദ്ദമാണ് അദ്ദേഹം നേരിടേണ്ടി വരുന്നതെന്നും പുരോഹിത് പറയുന്നു.

അതേസമയം പുറത്ത് വന്ന ഒളിക്യാമറാ വീഡിയോക്കെതിരെ രാജ് പുരോഹിത് രംഗത്ത് വന്നു. വീഡിയോ മോര്‍ഫ് ചെയ്തതാണെന്നും ശബ്ദം തന്റെതല്ലെന്നും രാജ് പുരോഹിത് പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് തയ്യാറായില്ല.

വീഡിയോ ഫോറന്‍സിക്ക് പരിശോധനയ്ക്ക് അയച്ചുകൊടുത്തിരിക്കുകയാണെന്നും ഫലം വന്നതിന് ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്നും ബിജെപി വക്താവ് മാധവ് ഭണ്ഡാകി പ്രതികരിച്ചു.
എന്നാൽ രാജ് താക്കറെയുടെ എംഎന്‍എസ് പ്രവര്‍ത്തകര്‍ പുരോഹിത്തിന്റെ കല്‍ബാദേവി ഓഫീസ് ഇന്നലെ തല്ലിതകര്‍ത്തു.