അധോലോക നേതാവ് അബു സലീമിനെ വിവാഹം ചെയ്യണമെന്ന ആവശ്യവുമായി 26 കാരി പ്രത്യേക ടാഡ കോടതിയെ സമീപിച്ചു

single-img
25 June 2015

ABUSALEM-AFP1അധോലോക നേതാവ് അബു സലീമിനെ വിവാഹം ചെയ്യാന്‍ അനുവദിക്കണമെന്ന് 26 കാരി പ്രത്യേക ടാഡ കോടതിയെ സമീപിച്ചു. മുംബൈ സ്വദേശിനിയായ യുവതി കോടതിയെ സമീപിച്ച വിവരം യുവതിയുടെ അഭിഭാഷക സ്ഥിരീകരിച്ചു. അബു സലീം മുംബൈ സ്വദേശിനിയായ യുവതിയെ വിവാഹം കഴിക്കുന്നുവെന്ന് ചില പ്രാദേശിക പത്രങ്ങളിൽ വാര്‍ത്ത വന്നതിനെ തുടര്‍ന്ന് പോലീസ് ഈ സ്ത്രീയെ കുറിച്ച് അന്വേഷിച്ചിരുന്നു. പോലീസിന്റെ അന്വേഷണത്തെ തുടര്‍ന്ന് മാനക്കേടുണ്ടായെന്നും മറ്റാരും വിവാഹത്തിന് തയ്യാറാവുന്നില്ലെന്നും കാണിച്ചാണ് യുവതി കോടതിയില്‍ അപേക്ഷ നല്‍കിയിരിക്കുന്നത്.

2002 ല്‍ പോര്‍ച്ചുഗലില്‍ വെച്ചാണ് അബു സലിം(47) അറസ്റ്റിലാകുന്നത്. തുടര്‍ന്ന് ഇന്ത്യക്ക് കൈമാറിയ അബു സലിം 13 വര്‍ഷത്തോളമായി തടവുശിക്ഷ അനുഭവിക്കുകയാണ്. മുംബൈയില്‍ നിന്നും ലക്‌നൗവിലേക്ക് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെ കഴിഞ്ഞ വര്‍ഷം ജനുവരി എട്ടിന് ട്രെയിനില്‍ വെച്ച് അബു സലിം മുംബൈ സ്വദേശിനിയായ യുവതിയെ വിവാഹം കഴിച്ചെന്നാണ് വാര്‍ത്തകള്‍ വന്നത്.

കഴിഞ്ഞ വര്‍ഷം പുറത്തുവന്ന അബുസലീമുമൊത്തുള്ള യുവതിയുടെ ചിത്രം മോര്‍ഫിങ് ചെയ്തതാണെന്ന് സി.ബി.ഐ ടാഡ കോടതിയില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.  ഈ വാര്‍ത്തയെ കുറിച്ച് അന്വേഷണം നടത്തണമെന്ന് ടാഡ കോടതി താനെ പോലീസിനോട് ആവശ്യപ്പെട്ടിരുന്നു.

കെട്ടിടനിര്‍മ്മാതാവ് പ്രദീപ് ജെയിനെ വധിച്ച കേസില്‍ അധോലോക നേതാവ് അബു സലിമിന് മുംബൈയിലെ പ്രത്യേക ടാഡ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. കുറ്റവാളികളെ കൈമാറുന്നതിന് ഇന്ത്യയും പോര്‍ച്ചുഗലും തമ്മിലുള്ള കരാറിലെ വ്യവസ്ഥകള്‍ പരിഗണിച്ചാണ് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. അധോലോക നായകന്‍ ദാവൂദ് ഇബ്രാഹീം സംഘാംഗമായിരുന്നു അബു സലീം.