ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത അധ്യായമായിരുന്നു അടിയന്തരാവസ്ഥ; അന്ന് ഇതിനെ പ്രതിരോധിച്ചവരെക്കുറിച്ചോര്‍ത്ത് അഭിമാനമുണ്ട്-പ്രധാനമന്ത്രി നരേന്ദ്ര മോദി

single-img
25 June 2015

narendra-modi5_apന്യൂഡല്‍ഹി: ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത അധ്യായമായിരുന്നു അടിയന്തരാവസ്ഥയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനാധിപത്യത്തെ അന്നത്തെ ഭരണാധികാരികൾ ചവിട്ടിത്താഴ്ത്തി. എന്നാൽ ഇതിനെ പ്രതിരോധിച്ചവരെക്കുറിച്ചോര്‍ത്ത് അഭിമാനമുണ്ടെന്ന് അടിയന്തരാവസ്ഥയുടെ നാല്‍പതാം വര്‍ഷികത്തിലാണു മോദി ഇക്കാര്യങ്ങള്‍ ട്വിറ്ററില്‍ കുറിച്ചത്. അടിയന്തരാവസ്ഥക്കാലത്തെ രാഷ്ട്രീയ നേതൃത്വം ജനാധിപത്യത്തെ തകര്‍ത്തുവെന്നും കോണ്‍ഗ്രസിനെ ലക്ഷ്യം വെച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി.

അടിയന്തരാവസ്ഥയുടെ നാല്‍പതാം വാര്‍ഷിക ദിനത്തില്‍ വിപുലമായ പരിപാടികളാണ് കേന്ദ്രസര്‍ക്കാര്‍ ആസൂത്രണം ചെയ്തിട്ടുള്ളത്.

ഊർജസ്വലമായ, വിശാലമായ ജനാധിപത്യമാണ് വികസനത്തിന്റെ താക്കോൽ. അടിയന്തരാവസ്ഥയെ എതിർത്ത ലക്ഷക്കണക്കിനു ജനങ്ങളെ ഓർത്ത് അഭിമാനിക്കുന്നു. അവരുടെ പ്രയത്നങ്ങളാണ് നമ്മുടെ ജനാധിപത്യത്തിന്റെ അടിസ്ഥാനഘടകത്തെ സംരക്ഷിക്കുന്നത്, മോഡി വ്യക്തമാക്കി.

തന്റെ യൗവന കാലഘട്ടത്തിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അതിനെതിരായ പ്രതിഷേധങ്ങളിലൂടെ നിരവധി കാര്യങ്ങൾ പഠിക്കാൻ സാധിച്ചു. നിരവധി നേതാക്കളുടെയും സംഘടനകളുടെയുമൊപ്പം പ്രവർത്തിക്കാൻ സാധിച്ചതായും മോഡി കൂട്ടിച്ചേർത്തു.