ലളിത് മോദിയെ അനുകൂലിച്ചെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്; വസുന്ധരാ രാജെയുടെ രാജിക്കായി മുറവിളി ശക്തം

single-img
25 June 2015

vasundhara-rajeന്യൂഡല്‍ഹി: ലളിത് മോദിയെ അനുകൂലിച്ച് ബ്രിട്ടീഷ് സര്‍ക്കാറിന് എഴുതിയിരുന്നതായി തെളിയിക്കുന്ന രേഖകള്‍ പുറത്തുവന്നതോടെ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരാ രാജെയുടെ രാജിക്കായി മുറവിളി ശക്തമായി. ഒപ്പിട്ട രേഖകള്‍ തന്നെ പുറത്തുവന്ന സാഹചര്യത്തില്‍ വസുന്ധര ഉടന്‍ മുഖ്യമന്ത്രിസ്ഥാനം രാജിവെക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

2011 ആഗസ്ത് 18-ന് വസുന്ധരാ രാജെ രാജസ്ഥാനില്‍ പ്രതിപക്ഷനേതാവായിരിക്കെ അവര്‍ ഒപ്പിട്ട ഏഴുപേജുള്ള സത്യവാങ്മൂലം കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് വാര്‍ത്താ സമ്മേളനത്തിൽ പുറത്തുവിട്ടു. എമിഗ്രേഷന്‍ പ്രശ്‌നത്തില്‍ ലളിത് മോദിയെ അനുകൂലിക്കുന്ന തരത്തിലുള്ളതാണ് രേഖകള്‍.

ലളിത് മോദിയുടെ എമിഗ്രേഷനുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍, അദ്ദേഹത്തെ അനുകൂലിച്ച് വസുന്ധരാ രാജെ ബ്രിട്ടീഷ് സര്‍ക്കാറിന് എഴുതിയിരുന്നു എന്ന് സംശയലേശമന്യേ തെളിയിക്കുന്നതാണ് പുറത്തുവന്ന രേഖകളെന്ന് ജയറാം രമേഷ് അവകാശപ്പെട്ടു. സംഭവത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് വസുന്ധരാ രാജെയോട് രാജിവെക്കാന്‍ ബി.ജെ.പി. ആവശ്യപ്പെടണമെന്നും ജയറാം രമേഷ് പറഞ്ഞു.

ഇന്ത്യന്‍ ശിക്ഷാനിയമം, അഴിമതിനിരോധനനിയമം, പാസ്‌പോര്‍ട്ട് നിയമം എന്നിവയടക്കം നാല് നിയമങ്ങള്‍ വസുന്ധരാ രാജെ ലംഘിച്ചിരിക്കുകയാണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. വസുന്ധരാ രാജെ, കേന്ദ്രമന്ത്രിമാരായ സുഷമാ സ്വരാജ്, സ്മൃതി ഇറാനി എന്നിവരുടെ രാജിയാവശ്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

വസുന്ധര രാജെക്കെതിരെ പുറത്തുവന്ന രേഖകള്‍ വിശ്വാസ യോഗ്യമല്ലെന്നും കത്തില്‍ അവരുടെ ഒപ്പില്ലെന്നുമായിരുന്നു ബി.ജെ.പി നേരത്തെ ഉന്നയിച്ചത്. എന്നാൽ ഒപ്പോടുകൂടിയ രേഖകള്‍ പുറത്തുവന്നതോടെ ബി.ജെ.പി വസുന്ധരയോട് ഇക്കാര്യത്തില്‍ കൃത്യമായ വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടതായാണ് വാര്‍ത്ത.