തീക്കാറ്റല്ല; മലബാറിലെ തീരപ്രദേശത്ത് ചെടികളും വൃക്ഷങ്ങളും കരിഞ്ഞുണങ്ങാൻ കാരണം ആസിഡ് മഴ

single-img
25 June 2015

acid rainകണ്ണൂര്‍: കഴിഞ്ഞ ദിവസങ്ങളില്‍ മലബാറിലെ തീരപ്രദേശത്ത് ചിലയിടങ്ങളില്‍ ചെടികളും വൃക്ഷങ്ങളും കരിഞ്ഞുണങ്ങുന്ന പ്രതിഭാസത്തിന് പിന്നില്‍ തീക്കാറ്റ് അല്ലെന്നും മറിച്ച് ആസിഡ് മഴയ്ക്ക് സമാനമായ പ്രതിഭാസമാകാമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. കനത്ത മഴയ്ക്കിടയില്‍ പെട്ടെന്നുണ്ടാകുന്ന കനത്ത ചൂടുകാറ്റിന്റെ പ്രവാഹമാണ് ചെടികള്‍ കരിഞ്ഞുണങ്ങാന്‍ കാരണമെന്നാണ് തുടക്കത്തില്‍ പലരും കരുതിയത്.  എന്നാൽ സമാനമായ തീക്കാറ്റ് മറ്റെവിടെയും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മണ്‍സൂണ്‍ സമയത്ത് ഇത്തരം പ്രതിഭാസം മറ്റെവിടെയെങ്കിലും സംഭവിച്ചതായി റിപ്പോര്‍ട്ടില്ല.

മണ്‍സൂണിന്റെ തുടക്കത്തില്‍ അന്തരീക്ഷത്തിലുള്ള ചില രാസധൂളികള്‍ കടല്‍ക്കാറ്റില്‍ തീരദേശങ്ങളിലെ വൃക്ഷങ്ങളിലും ചെടികളിലും പറ്റിപ്പിടിക്കുകയും മഴമാറി ചൂടുവരുമ്പോള്‍ രാസപ്രവര്‍ത്തനം വഴി ഇതു പറ്റിപ്പിടിച്ച ഭാഗം കരിഞ്ഞുണങ്ങുകയും ചെയ്യാനാണ് സാധ്യതയെന്ന് പറയുന്നുണ്ട്. ഇത് ആസിഡ് മഴയ്ക്ക് സമാനമായ പ്രതിഭാസമാണ്. അല്ലാതെ തീക്കാറ്റുകൊണ്ടുള്ളതല്ല.   ലക്ഷദ്വീപിലും മറ്റും മണ്‍സൂണ്‍ കാലഘട്ടത്തില്‍ ചെടികള്‍ കരിയുന്ന പ്രവണത കണ്ടുവന്നതായി തിരുവനന്തപുരം കാലാവസ്ഥാ കേന്ദ്രം ഡയറക്ടര്‍ പറഞ്ഞു.

ചെടികള്‍ കരിയുന്ന സംഭവത്തെ കുറിച്ച് കാലാവസ്ഥാ കേന്ദ്രം ഇതുവരെ പരിശോധന നടത്തിയിട്ടില്ല. അതേസമയം ഇത്തരം കാര്യങ്ങള്‍ പരിശോധിക്കേണ്ടത് പൊലൂഷന്‍ കണ്‍ട്രോള്‍ വിഭാഗമാണെന്ന് കാലാവസ്ഥാ കേന്ദ്രം അധികൃതര്‍ പറയുന്നു.