പ്രധാനമന്ത്രി നരേന്ദ്രമോദിയെയും രാഷ്ട്രപതിയുടെ ഓഫീസിനെയും പ്രതിരോധത്തിലാക്കി ലളിത് മോദിയുടെ ട്വീറ്റ്

single-img
25 June 2015

Lalit-modiന്യൂഡല്‍ഹി:  പ്രധാനമന്ത്രി നരേന്ദ്രമോദിയെയും രാഷ്ട്രപതിയുടെ ഓഫീസിനെയും പ്രതിരോധത്തിലാക്കി ലളിത് മോദിയുടെ ട്വിറ്റര്‍ സന്ദേശങ്ങള്‍ പുറത്തുവന്നു. ബിജെപി കോൺഗ്രസ് എംപിമാരുകൾ പരാമർശിക്കുന്നതായിരുന്നു ട്വീറ്റ്. കോണ്‍ഗ്രസ് നേതാക്കളായ രാജീവ് ശുക്ല, ശശി തരൂര്‍, ബി.സി.സി.ഐ. മുന്‍ മേധാവി എന്‍. ശ്രീനിവാസന്‍, ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ തുടങ്ങിയവരെല്ലാം വിവാദത്തിലുള്‍പ്പെട്ടിട്ടുണ്ടെന്നും തന്നെ ഏതെങ്കിലും കോടതിയോ ഏജന്‍സിയോ ഇതുവരെ കുറ്റക്കാരനെന്ന് പരാമര്‍ശിച്ചിട്ടില്ലെന്നും ‘ട്വീറ്റി’ല്‍ ലളിത് മോദി വ്യക്തമാക്കി.

ഹവാല ഇടപാടുകാരന്‍ വിവേക് നാക്പാല്‍ രാഷ്ട്രപതിയുടെ സെക്രട്ടറി ഒമിത പോളിന്റെ പിരിവുകാരനാണെന്ന് ലളിത് മോദി പറയുന്നു.

2009-ല്‍ രാജസ്ഥാന്‍ റോയല്‍സിനുവേണ്ടി അന്നത്തെ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച തരപ്പെടുത്തിയത് താനാണ്. 2010-ല്‍ ഐ.പി.എല്‍ നാലാംസീസണിലേക്ക് പുതിയ രണ്ട് ഫ്രാഞ്ചൈസികളെ ഉള്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട വിവാദമുണ്ടാകുന്നതിന്റെ തൊട്ടടുത്ത ദിവസം അമിത് ഷായുമായി മൂന്നുമിനിറ്റ് നീണ്ടുനില്‍ക്കുന്ന ഫോണ്‍സംഭാഷണം താന്‍ നടത്തിയിട്ടുണ്ട്.

രാജീവ് ശുക്ല, അരുണ്‍ ജെയ്റ്റ്‌ലി, ബി.ജെ.പി. നേതാവ് അനുരാഗ് താക്കൂര്‍, ജഗ്മോഹന്‍ ഡാല്‍മിയ, എന്‍. ശ്രീനിവാസന്‍ എന്നിവരടങ്ങുന്ന ക്രിക്കറ്റ് കൂട്ടുകെട്ടിനെ ‘അഞ്ചംഗ ഗാങ്’ എന്നാണ് ലളിത് മോദി വിശേഷിപ്പിച്ചിരിക്കുന്നത്.

കോണ്‍ഗ്രസ് നേതാവ് രാജീവ് ശുക്ല പത്രപ്രവര്‍ത്തകനില്‍നിന്ന് കോടീശ്വരനായതിനെക്കുറിച്ചുള്ള കഥകള്‍ വരാനിരിക്കുന്നതേയുള്ളുവെന്നും മോദി, ‘ട്വിറ്ററി’ല്‍ പറയുന്നു.  അരുണ്‍ ജെയ്റ്റ്‌ലി കോണ്‍ഗ്രസ് ഏജന്റാണെന്നും ഒട്ടനവധി തെളിവുകളുണ്ടായിരുന്നിട്ടും ജെയ്റ്റ്‌ലി, ശ്രീനിവാസനെ രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും മോദിയുടെ മറ്റൊരു ‘ട്വീറ്റി’ലുണ്ട്. ധനമന്ത്രി തന്റെ ഫോണ്‍സംഭാഷണങ്ങള്‍ പുറത്തുവിടണമെന്നും മോദി വെല്ലുവിളിക്കുന്നു.

ലളിത് മോദി കേസില്‍ ഏറ്റവും പുതിയ വിവരങ്ങള്‍ കൈമാറാന്‍ കള്ളപ്പണത്തെക്കുറിച്ചന്വേഷിക്കുന്ന പ്രത്യേകസംഘം എന്‍ഫോഴ്‌സ്‌മെന്റ് അധികൃതരോടാവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് കൂടുതല്‍ വെളിപ്പെടുത്തലുമായി മോദി രംഗത്തുവരുന്നതെന്ന് കരുതുന്നത്.