ലോകത്ത് മറ്റേത് രാജ്യത്തേക്കാളും വിദേശ പണം വരുന്നത് ഇന്ത്യയിലാണെന്നും അതിലേറിയ പങ്കും കേരളീയരായ പ്രവാസികളുടെ അധ്വാനത്തിന്റെ ഫലമാണെന്നും കേന്ദ്രമന്ത്രി സുരേഷ്പ്രഭു

single-img
22 June 2015

prabhu_123_big

ലോകത്ത് മറ്റേത് രാജ്യത്തേക്കാളും വിദേശ പണം വരുന്നത് ഇന്ത്യയിലാണെന്നും അതിലേറിയ പങ്കും കേരളീയരായ പ്രവാസികളുടെ അധ്വാനത്തിന്റെ ഫലമാണെന്നും കേന്ദ്രമന്ത്രി സുരേഷ്പ്രഭു. വിജയികളായ സംരംഭകരെ കേരളത്തിലേക്ക് തിരിച്ചു കൊണ്ടു വരുന്ന പദ്ധതിക്ക് ആഹ്വാനം ചെയ്താണ് സുരേഷ്പ്രഭുവിന്റെ പ്രസ്താവന. രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയ്ക്ക് ഗള്‍ഫ് പ്രവാസികള്‍ നല്‍കുന്ന സംഭാവനകളെ പ്രശംസിച്ച മന്ത്രി സംസ്ഥാനത്തിന്റെ ഉല്‍പാദന മേഖലയില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്താനും അവരെ ആഹ്വാനം ചെയ്തു.

ഗള്‍ഫ് രാജ്യങ്ങളിലൊക്കെ 50 ഡിഗ്രിയിലധികം ഉയര്‍ന്ന ചൂടില്‍ ജോലി ചെയ്യുന്ന ഇത്തരക്കാരേപ്പോലെ രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ക്കായി നിസ്വാര്‍ഥമായി പ്രവര്‍ത്തിക്കുന്ന മറ്റാരുമില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന് സാമ്പത്തിക സുസ്ഥിരത നല്‍കി ദേശീയ പുരോഗതിക്കായി കേരളീയര്‍ നല്‍കുന്ന സംഭാവനകളെക്കുറിച്ച് താന്‍ ഓര്‍ക്കാറുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ വിജയകരമായ രീതിയില്‍ സംരംഭങ്ങള്‍ നടത്തിക്കൊണ്ടു പോകുന്ന മലയാളി സംരംഭകരെ കേരളത്തിലേക്ക് തിരികെയെത്തിക്കുന്ന ഘര്‍വാപ്പസിയാണ് ആവശ്യമെന്ന് കേരളത്തിലെ മേക്ക് ഇന്‍ ഇന്ത്യയുടെ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്ത മന്ത്രി പറഞ്ഞു. ഇത്തരം നടപടികളിലൂടെ സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ഉണര്‍വും കരുത്തും പകരുകയാണ് വേണ്ടതെന്നും അദേഹം ചൂണ്ടിക്കാട്ടി.