ഇന്ത്യ നയിച്ചു, ലോകം കൂടെ നടന്നു; ഇന്ത്യയുടെ നേതൃത്വത്തില്‍ ഐക്യരാഷ്ട്ര സംഘടനയ്ക്കു കീഴിലുള്ള 192 രാജ്യങ്ങള്‍ യോഗാദിനം ആചരിച്ചു

single-img
22 June 2015

Yoga 1

അന്താരാഷ്ട്ര യോഗാദിനം ലോകം മുഴുവനും ഏറ്റെടുത്തപ്പോള്‍ അതൊരു ചരിത്ര തുടക്കമായി. ഇന്ത്യയുടെ നേതൃത്വത്തില്‍ അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ഓസ്‌ട്രേലിയ, ഇന്‍ഡൊനേഷ്യ, പോളണ്ട്, തായ്‌ലന്‍ഡ് തുടങ്ങിയ യു.എന്നിലെ 192 രാജ്യങ്ങള്‍ വിപുലമായ പരിപാടികളോടെ യോഗാദിനം കൊണ്ടാടി.

ലോകത്തിലെ ഏറ്റവും ഉയരമുള്ള സൈനിക മേഖലയായ സിയാച്ചിനിലെ മൈനസ് ഡിഗ്രി തണുപ്പില്‍ ഇന്ത്യന്‍ സൈനികരും യോഗദിനത്തില്‍ പങ്കാളികളായി ചരിത്രം സൃഷ്ടിച്ചു. ഇന്ത്യന്‍ നാവിക സേനയുടെ പടക്കപ്പലുകളിലും സൈനികര്‍ യോഗാദിനം ആചരിച്ചു.

യോഗാദിനത്തിനനുകൂലമായി യു.എന്നില്‍ വോട്ടുചെയ്തവരാണ് തങ്ങളെന്നും യോഗദിനത്തെ പിന്തുണയ്ക്കുന്നതില്‍ സന്തോഷമുണ്ടെന്നും ബ്രിട്ടനിലെ ലണ്ടനില്‍ തെംസ് നദീതീരത്ത് നടന്ന യോഗാദിനാചരണത്തില്‍ പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ പറഞ്ഞു.ഫ്രാന്‍സിലെ ഈഫല്‍ ഗോപുരത്തിനു താഴെ നടന്ന പരിപാടിയില്‍ 1500 പേര്‍ പങ്കെടുത്തു.

ഇന്തോ-ചൈന സംയുക്താഭിമുഖ്യത്തില്‍ ഒരാഴ്ചമുമ്പ് ചൈനയില്‍ യോഗ കോളേജ് ആരംഭിച്ചതിന് തൊട്ടുപിന്നാലെ ഇന്നലെ ചൈനയിലെ പെക്കിങ്, ഗീലി സര്‍വകലാശാലകളില്‍ േയാഗദിനാചരണം നടന്നു. ഇസ്രായേലിലെ ടെല്‍ അവീവില്‍ നടന്ന യോഗദിനാചരണത്തില്‍ 20,000പേര്‍ പങ്കാളികളായി.

കനത്ത മഴയ്ക്കിടയിലാണ് നേപ്പാളില്‍ യോഗദിനം ശകാണ്ടാടിയത്. നടി മനീഷാ കൊയ്രാള, മുതിര്‍ന്ന നടന്‍ ഹരി ബന്‍സ ആചാര്യ ഉള്‍പ്പെടെയുള്ളവര്‍ ഇന്ത്യന്‍ എംബസി സംഘടിപ്പിച്ച ചടങ്ങില്‍ നേപ്പാള്‍ വൈസ് പ്രസിഡന്റ് പര്‍മാനന്ദ് ഝായ്‌ക്കൊപ്പം പങ്കെടുത്തു. തായ്‌ലന്‍ഡിലെ ബാങ്കോക്കില്‍ ഇന്ത്യന്‍ സ്ഥാനപതി ഹര്‍ഷ് വര്‍ധന്‍ ശൃംഗ്ലയ്‌ക്കൊപ്പം ഏഴായിരത്തിലേറെപ്പേര്‍ പങ്കെടുത്തു. കായികവിനോദസഞ്ചാര മന്ത്രി കോബ്കാണ്‍ വട്ടാണവ്‌റങ്കുലാണ് ദിനനാചരണം ഉദ്ഘാടനം ചെയ്തത്.

ഇന്‍ഡൊനീഷ്യയില്‍ ഇന്ത്യഇന്‍ഡൊനീഷ്യ ബന്ധം വിവരിക്കുന്ന കഥാചിത്രപുസ്തകം പുറത്തിറക്കിക്കൊണ്ടാണ് യോഗദിനാചരണത്തിനു തുടക്കമിട്ടത്. ഓസ്‌ട്രേലിയയില്‍ പ്രധാനമന്ത്രി ടോണി ആബട്ടിന്റെ കീഴില്‍ ആയിരത്തിലേറെപ്പേര്‍ പങ്കെടുത്തു. മെല്‍ബന്‍, സിഡ്‌നിയിലെ ബോണ്ടി ബീച്ച്, കാന്‍ബറ എന്നിവിടങ്ങളിലും യോഗാദിനം സമുചിതമായി കൊണ്ടാടി.