കഷ്ടപ്പാടില്‍ നിന്നും പഠിച്ചുയര്‍ന്ന് മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ അഞ്ചാം റാങ്ക് കരസ്ഥമാക്കി ബബിത

single-img
15 June 2015

Babitha

”അച്ഛന്‍ കഷ്ടപ്പെടുന്നത് വെറുതെയാകില്ല, നമ്മുടെ കഷ്ടപ്പാടിന് അവസാനമുണ്ടാകും”: പണ്ട് കുടുംബത്തിനും തന്റെ പഠനത്തിനും വേണ്ടി അച്ഛന്‍ വിയര്‍പ്പൊഴുക്കുന്നത് കണ്ട് ബബിത പിതാവിന് നല്‍കിയ വാക്കാണത്. ഇന്ന് ബബിത ആ ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ പകുതി വഴി താണ്ടിയിരിക്കുന്നു. മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ അഞ്ചാം റാങ്ക് കരസ്ഥമാക്കി മലയോര മേഖലയുടെ അഭിമാനമായി ബബിത മാറിയപ്പോള്‍ കൂലിപ്പണിക്കാരനായ പിതാവിന്റെ മനം സന്തോഷം കൊണ്ട് വീര്‍പ്പുമുട്ടുന്നു.

പാണത്തൂര്‍ ബാപ്പുങ്കയത്തെ കൂലിപ്പണിക്കാരനായ ബാലന്‍-സുമതി ദമ്പതികളുടെ മകളാണ് ബബിത. മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ എസ്ടി കാറ്റഗറി വിഭാഗത്തില്‍ അഞ്ചാം റാങ്ക് നേടിയാണ് ബബിത കുടുംബത്തിനും നാടിനും പ്രതീക്ഷയേകിയത്.

പരവനടുക്കം ബിഎംആര്‍എച്ച്എസ്എസ് ഫോര്‍ ഗേള്‍സില്‍ പഠിച്ച ബബിത പഠിത്തത്തിലെ മികവിനൊപ്പംതന്നെ കലാരംഗത്തും ശോഭിച്ചിരുന്നു. മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂള്‍ കലോത്സവത്തില്‍ സംസ്ഥാനതലത്തില്‍ കലാതിലകമായിരുന്ന ബബിത കലാരംഗത്തും തന്റേതായ കഴിവ് വ്യക്തമാക്കിയിട്ടുണ്ട്. വീടിന്റെ ഏക ആശ്രയം കൂലിപ്പണിക്കാരനായ പിതാവിന്റെ വരുമാനം മാത്രമായതില്‍ നിന്നാണ് ബബിത ഈ സ്വപ്‌ന നേട്ടം വെട്ടിപ്പിടിച്ചത്.

ഒരു ഡോക്ടറാവുകയെന്നുള്ളതായിരുന്നു ബബിതയുടെ സ്വപ്നം. കഷ്ടപ്പാടിലും ഉറക്കമൊഴിഞ്ഞ് പഠിക്കുമ്പോഴും ആ ഒരു സ്വപ്‌നം മാത്രം മനസ്സില കണ്ട ബബിത ഇന്ന് അതിലേക്കുള്ള പകുതി വഴി താണ്ടിക്കഴിഞ്ഞിരിക്കുന്നു. ആ ഒരു സന്തോഷത്തിലാണ് ബബിതയുടെ കുടുംബവും നാട്ടുകാരും.