നടി ലിസി വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ മൂലം കഷ്ടപ്പെടുന്ന പിതാവിന് പ്രതിമാസം ചെലവിന് നല്‍കണമെന്ന് കോടതി

single-img
11 June 2015

Lisi_27729വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ മൂലം കഷ്ടപ്പെടുന്ന പിതാവിന് നടി ലിസി പ്രതിമാസം 5500 രൂപ നല്‍കണമെന്ന് കോടതി ഉത്തരവ്. പിണ്ടിമന പഴങ്ങറ നെല്ലിക്കാട്ടില്‍ പാപ്പച്ചന്‍ എന്ന വര്‍ക്കി ഏക മകളായ ലിസിയില്‍ നിന്ന് സാമ്പത്തിക സഹായവും സംരക്ഷണവും ലഭിയ്ക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നഭ്യര്‍ത്ഥിച്ച് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.

വാര്‍ധക്യസഹജമായ അസുഖങ്ങള്‍ അലട്ടുന്ന പരാതിക്കാരന്‍ സ്വന്തമായി വരുമാനമാര്‍ഗമില്ലായാളാണെന്നും അതിനാല്‍ പ്രതിമാസം തുകയോടൊപ്പം വാര്‍ധക്യസഹജമായ അസുഖങ്ങള്‍ മൂലം കഷ്ടപ്പെടുന്ന പിതാവിന് മതിയായ സംരക്ഷണം നല്‍കാന്‍ നടി ലിസിയോട് മെയിന്റനന്‍സ് ട്രിബ്യൂണല്‍ കൂടിയായ മൂവാറ്റുപുഴ ആര്‍ ഡി ഒ: പി എന്‍ സന്തോഷ് ഉത്തരവിട്ടു.

മാത്രമല്ല എതിര്‍കക്ഷി ലിസി മതിയായ സാമ്പത്തിക സ്ഥിതി ഉള്ളയാളും പിതാവിനെ സംരക്ഷിക്കാന്‍ ബാധ്യസ്ഥയുമാണെന്നു ബോധ്യപ്പെട്ട ട്രിബ്യൂണല്‍ മുന്‍ ഉത്തരവ് പുനഃസ്ഥാപിച്ചിരിക്കുകയാണ്. 2010 ജനുവരി മുതലുള്ള കുടിശിക സഹിതം പ്രതിമാസം 5500 രൂപ വീതം നല്‍കാനാണ് ഉത്തരവിട്ടത്.