അച്ഛനും അമ്മയും നഷ്ടപ്പെട്ട് ആരോരും സഹായത്തിനില്ലാതെ ഒരു വീട്ടില്‍ ഒറ്റയ്ക്കു കഴിയുന്ന പതിനൊന്നുകാരി പെണ്‍കുട്ടി തന്റെ അച്ഛന്റെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ വിറക് വിറ്റ് പഠിക്കുന്നു

single-img
9 June 2015

SOMBARI-nnഅച്ഛനും അമ്മയും നഷ്ടപ്പെട്ട് ആരോരും സഹായത്തിനില്ലാതെ ഒരു വീട്ടില്‍ ഒറ്റയ്ക്കു കഴിയുന്ന പതിനൊന്നുകാരിയായ സോംബാരി സബര്‍ തന്റെ പ്രാരാബ്ദങ്ങള്‍ക്കിടയില്‍ ഒരു ദിവസം പോലും സ്‌കൂള്‍ ക്ലാസ് മുടക്കിയിട്ടില്ല. തന്റെ അന്നന്നത്തെ ഭക്ഷണത്തിന് വിറക് വിറ്റ് വക കണ്ടെത്തുന്ന ഈ പെണ്‍കുട്ടി ഝാര്‍ഖണ്ഡ് സംസ്ഥാനത്തിലെ ഇപ്പോഴത്തെ സംസാര വിഷയമാണ്.

ഝാര്‍ഖണ്ഡിലെ സിങ്ഭം ജില്ലയില് ദുമുരിയ ബ്ലോക്കിലെ ആസ്തക്‌വാലിയില്‍ താമസിക്കുന്ന സോംബരി, മകളെ പഠിപ്പിച്ച് വലിയ ആളാക്കണമെന്ന അച്ഛന്റെ ആഗ്രഹം സാക്ഷാത്കരിക്കാനാണ് രപതിസന്ധി ഘട്ടങ്ങളിലും വിദ്യാഭ്യാസത്തെ കൈവിടാത്തത്. ഇതുവരെ വൈദ്യുതിവെളിച്ചം പോലും എത്തിയിട്ടില്ലാത്ത സോംബരിയുടെ വീട്ടില്‍ തന്റെ അച്ഛന്റെ ശ്രാദ്ധദിനം അടുത്തുവരുന്നതും രപതീക്ഷിച്ചിരിക്കുകയാണ് ഈ പെണ്‍കുട്ടി.

കുട്ടിക്കാലത്ത് തന്നെ മാതാവിനെ നഷ്ടപ്പെട്ട സോംബരിക്ക് ഒരുമാസം മുമ്പ് അച്ഛനെയും നഷ്ടപ്പെട്ടത്. അച്ഛന്റെ മരണത്തോടെ അനാഥയായ ഈ പെണ്‍കുട്ടിയെ ബന്ധുക്കള്‍ തിരിഞ്ഞു നോക്കിയതുകൂടിയില്ല. പകുതി പണി പൂര്‍ത്തിയായ ജീര്‍ണിച്ച വീട്ടില്‍ അവള്‍ ഒറ്റയ്ക്ക് താമസം തുടങ്ങുകയായിരുന്നു. ജീവിതച്ചെലവിനുള്ള വരുമാനം മറ്റെങ്ങുനിന്നും കിട്ടാതായപ്പോള്‍ അവള്‍ വിറക് ശേഖരിച്ച് വില്‍ക്കാന്‍ തുടങ്ങി.

എന്നാല്‍ തന്റെ വിദ്യാഭ്യാസം അപ്പോഴും അവള്‍ ഉപേക്ഷിച്ചില്ല. അവള്‍ എല്ലാദിവസവും കൃത്യമായി സ്‌കൂളിലെത്തുന്നുണ്ടെന്ന് അധ്യാപകനായ അനില്‍ റായ് പറയുന്നു. ഇപ്പോള്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന സോംബരി ഇതുവരെ ഒരു ക്ലാസ് പോലും മുടങ്ങിയിട്ടില്ലെന്ന് മറ്റദ്ധ്യാപകരും സാക്ഷ്യപ്പെടുത്തുന്നു.

സോംബരിയുടെ കഥ അദ്ധ്യാപകരിലൂടെ വാര്‍ത്തയായപ്പോള്‍ പല സ്വകാര്യ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും അവളെ സഹായിക്കാനായി മുന്നോട്ടു വന്നിട്ടുണ്ട്. മാത്രമല്ല പലരും സോംബരിയെ ദത്തെടുക്കാനും സന്നദ്ധത അറിയിച്ചിട്ടുണ്ട്. ടാറ്റാ സ്റ്റീല്‍, ആനന്ദ മാര്‍ഗ് ആശ്രമം, സിന്‍ഡിക്കേറ്റ് ബാങ്കിന്റെ ജംഷഡ്പൂര്‍ ബ്രാഞ്ച്, ഒരു അധ്യാപക ദമ്പതികള്‍ എന്നിവരെല്ലാം സോംബരിയയ്ക്ക് വേണ്ടി മുന്നോട്ടു വന്നവരില്‍പ്പെടുന്നു. ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ സോംബരിയെ സന്ദര്‍ശിച്ച ശേഷം ദത്തിനെപ്പറ്റി തീരുമാനിക്കും.