ഒരു മകള്‍ അമ്മയോട് ചെയ്തത്; അതും കുറച്ച് ഭൂമിക്ക് വേണ്ടി

single-img
6 June 2015

Amma

ചെങ്ങന്നൂര്‍ കീഴ്‌ച്ചേരി മേല്‍ ഹരിഭവനിലെ എഴുപത്തിയഞ്ചുകാരിയായ രാജമ്മാള്‍ ഇന്ന് സങ്കടത്തിന്റെ നടുകടലിലാണ്. ഒരിക്കലും സംഭവിക്കരുതേയെന്ന് പ്രാര്‍ത്ഥിച്ചിരുന്ന കാര്യങ്ങള്‍ സത്യമായ ദുഃഖത്തിലാണ് ഇവര്‍. കിടന്നുറങ്ങിയിരുന്ന കിടക്കയില്‍ മൂത്രം തളിച്ചും അവര്‍ വെള്ളമെടുക്കാതിരിക്കാന്‍ കിണര്‍ അടച്ചുമൂടിയും വീട് ജെ.സിബികൊണ്ട് ഇടിച്ചു നിരത്തിയശേഷം കഴിഞ്ഞിരുന്ന തൊഴുത്തില്‍ നിന്നും ഇറക്കിവിട്ടും സ്വത്തിന് വേണ്ടി ഒരു മകള്‍ ഈ അമ്മയോട് ചെയ്ത ക്രൂരതകള്‍ അത്രയ്ക്ക് ഭീകരമാണ്. തെരുവില്‍ കണ്ണുനിറഞ്ഞു നില്‍ക്കുന്ന രാജമ്മാളിനെ നാട്ടുകാരും മനുഷ്യാവകാശ പ്രവര്‍ത്തകരും ഇടപെട്ട് ഇപ്പോള്‍ ബന്ധുവീട്ടിലേക്ക് മാറ്റിയിരിക്കുകയാണ്.

50 വര്‍ഷം മുന്‍പ് ഭര്‍ത്താവ് മരണമടഞ്ഞതോടെ തന്റെ പേരിലുണ്ടായിരുന്ന 14 സെന്റ് സ്ഥലം രാജമ്മാള്‍ തന്റെ രണ്ട് പെണ്‍മക്കള്‍ക്കായി വീതിച്ചു നല്‍കുകയായിരുന്നു. ഇത്കൂടാതെ ടൗണില്‍ രാജമ്മാളിന് കുടുംബം വകയായി കുറച്ച് സ്ഥലം കൂടിയുണ്ട്. ഇതിന്റെ വീതം കൂടി വാങ്ങി നല്‍കണമെന്നാവശ്യപ്പെട്ടാണ് മൂത്തകള്‍ റാണിയും റാണിയുടെ എം.ബി.എ വിദ്യാര്‍ത്ഥിയായ മകനും ചേര്‍ന്ന് രാജമ്മാളിനെ ക്രൂരമായി പീഡിപ്പിച്ചത്.

കിണര്‍ പൂട്ടിയിടുകയും മരുന്നും ആഹാരവും നിഷേധിക്കുകയും ചെയ്യുന്ന ഇവരുടെ ഇവരുടെ പീഡനം സഹിക്കാതായതോടെ രാജമ്മാള്‍ ഇളയ മകളുടെ വീട്ടിലേക്ക് ഇടയ്ക്ക് താമസം മാറ്റിയിരുന്നു. ഈ സമയത്താണ് രാജമ്മാളിന്റെ വീട് റാണി ജെ.സി.ബി ഉപയോഗിച്ച് ഇടിച്ച് തകര്‍ത്തത്. ഈ പ്രശ്‌നത്തില്‍ നാട്ടുകാര്‍ അന്ന് ഇടപെട്ടതോടെ ആര്‍.ഡി.ഒയും പൊലീസും സ്ഥലത്ത് എത്തുകയും ആര്‍.ഡി.ഒ റാണിക്ക് എഴുതി നല്‍കിയ വസ്തുവിന്റെ പോക്കുവരവ് റദ്ദാക്കുകയും ചെയ്തു. തുടര്‍ന്ന് മടങ്ങിയെത്തിയ രാജമ്മാള്‍ വീടിനോടു ചേര്‍ന്ന ഇടുങ്ങിയ പഴയ തൊഴുത്തിലാണ് ഒതുങ്ങി കഴിഞ്ഞിരുന്നത്. എന്നാല്‍ ഇവിടെ നിന്നും കഴിഞ്ഞ ദിവസം അവരെ റാണി ിറക്കിവിടുടയാനയിരുന്നു.

കുടുംബ വീടിന്റെ ഒരു ഭാഗം വാടകയ്ക്ക് നല്‍കി കിട്ടുന്ന പണവും ബാങ്ക് പലിശയുമായിരുന്നു രാജമ്മാളിന്റെ വരുമാനമാര്‍ഗം . ബാങ്കിലുണ്ടായിരുന്ന പണം റാണി കൈക്കലാക്കി. കുടുംബ വീട് ഇടിച്ചു നിരത്തിയതോടെ വാടകയും ഇല്ലാതായി. എന്നാല്‍ ഒരു ലക്ഷത്തോളം രൂപ പ്രതിമാസ ശമ്പളമുള്ള കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് റാണിയുടെ ഭര്‍ത്താവ്.

നാട്ടില്‍ അലഞ്ഞു തിരിഞ്ഞ് നടന്ന രാജമ്മാളെ ഹ്യൂമന്‍ റൈറ്റ് പ്രൊട്ടക് ഷന്‍ മിഷന്‍ പ്രവര്‍ത്തകരായ പുലിയൂര്‍ ഉണ്ണികൃഷ്ണന്‍, ഇലഞ്ഞിമേല്‍ രാജ്‌മോഹന്‍, വിശ്വനാഥന്‍ നായര്‍, പ്രേംദാസ് ചെങ്ങന്നൂര്‍, സുനില്‍ വള്ളിയില്‍ എന്നിവര്‍ ചേര്‍ന്ന് ചെങ്ങന്നൂര്‍ അര്‍.ഡി.ഒ രാജന്‍ സഹായി, സി.ഐ ആര്‍ ബിനു, എസ്. ഐ ഒ.ഡി ബേബി, സിവില്‍ പൊലീസ് ഓഫീസര്‍ സിന്ധു എന്നിവരുടെ സഹായത്തോടെ ബന്ധുവീട്ടിലേയ്ക്കു മാറ്റുകയായിരുന്നു.

എന്നാല്‍ സംഭവം അറിഞ്ഞ ഇളയമകള്‍ സ്ഥലത്ത് എത്തുകയും അമ്മയെ സംരക്ഷിക്കാന്‍ തയ്യാറാണെന്ന് അധികൃതശര അറിയിക്കുകയും ചെയ്തു. പരിമിതമായ സൗകര്യങ്ങളേയുള്ളൂവെങ്കിലും അമ്മയെ നേരത്തെ സംരക്ഷിച്ചുകൊണ്ടിരുന്നത് ഇളയമകള്‍ തന്നെയാണ്. കായംകുളത്താണ് വിവാഹം ചെയ്തയച്ചിരിക്കുന്ന ഇളയമകുളുടെ ഭര്‍ത്താവ് സ്വകാര്യബാങ്കിലെ താല്‍ക്കാലിക ജീവനക്കാരനാണ്.