മഞ്ഞലോഹത്തിന്റെ അധീശത്വം

single-img
5 June 2015

350x350_IMAGE39684257സ്ത്രീകളുടെ പ്രശ്നപരിഹാരങ്ങള്ക്കും നീതി സംരക്ഷണത്തിനും വേണ്ടി ഒട്ടേറെ സാധ്യതകളും സ്വപ്നങ്ങളുമായി രൂപം കൊണ്ടതാണ് വനിതാകമ്മീഷന്. നിര്ഭാഗ്യമെന്ന് പറയട്ടെ, അത്യാസന്ന ഘട്ടങ്ങളില് പോലും അത് മന്ദതയും ആലസ്യവും വിട്ടുണരുന്നത് വിരളമാണ്. എന്നാല് വളരെ ശക്തവും സാമൂഹ്യപ്രസക്തവും മാനവികവുമായ ഒരു പ്രഖ്യാപനത്താല് ആ ദുഷ് പേരിനെ അതിപ്പോള് മറികടന്നിരിക്കുന്നു. വനിതാ കമ്മീഷന് അദ്ധ്യക്ഷയായ ശ്രീമതി. കെ.റോസക്കുട്ടി ഈയിടെ നടത്തിയ ഒരു പ്രഖ്യാപനമാണിവിടെ വിവക്ഷിതം. വിവാഹവേളയില് വധു അണിയുന്ന സ്വര്ണ്ണം 10 പവനില് കൂടരുതെന്നും അതിന് നിയമംകൊണ്ടുവരണമെന്നുമായിരുന്നു, ആ പ്രഖ്യാപനം. പ്രഖ്യാപിക്കുക മാത്രമല്ല, സര്ക്കാരിനോട് ശുപാര്ശയും ചെയ്തു, അവര്. അധിക സ്വര്ണ്ണം കൊടുത്തവരില് നിന്നും വാങ്ങിയവരില് നിന്നും കച്ചവടക്കാരില് നിന്നും നികുതി ഈടാക്കണമെന്നും ആ ശുപാര്ശയ്ക്ക് അനുബന്ധവുമുണ്ടായിരുന്നു.

image 2014-03-13 at 11.21.46 AMകെട്ടുകാഴ്ചകളുടേയും, ധൂര്ത്തിന്റേയും രാക്ഷസന്മാര് അരങ്ങുവാഴുന്ന വിവാഹവേദിയില് സ്വര്ണ്ണം മാത്രമല്ല പ്രതി; മറ്റനേകം കൂട്ടുപ്രതികളുമുണ്ട്. ലക്ഷങ്ങള് വിലമതിക്കുന്ന വസ്ത്രങ്ങള്, പതിനായിരങ്ങള്ക്കുവേണ്ടിയൊരുക്കി പകുതിയോളം പാഴായിപ്പോകുന്ന സദ്യ, മദ്യസല്ക്കാരം, വി.ഐ.പി.കളെ എഴുന്നെള്ളിക്കല് ചെലവേറിയ ക്ഷണക്കത്ത്. വാടകയ്ക്കെടുക്കുന്ന ഓഡിറ്റോറിയം, തലേന്നാളിലെ കോണ്വെജ് പാര്ട്ടി, വിവാഹത്തിന്റെ റിഹേഴ്സല് എന്നപോലെ സര്വ്വമാനധൂര്ത്തോടും കൂടിയൊരുക്കപ്പെടുന്ന വിവാഹനിശ്ചയം, ബ്യൂട്ടീഷന്റെ വക വധുവിനെ ഒരുക്കല് എന്നിങ്ങനെപ്പോകുന്നു കൂട്ടുപ്രതികളുടെ പട്ടിക. ഈ വക അമിതചെലവ് വരുത്തുന്നവരില് നിന്ന് ചെലവിന്റെ 25% പിഴ ഈടാക്കണമെന്നും ചെലവിനെക്കുറിച്ച് വധൂവരന്മാരില് നിന്ന് മുന്കൂട്ടി സത്യവാങ്ങ്മൂലം വാങ്ങണമെന്നും വനിതാകമ്മീഷന് നിര്ദ്ദേശിക്കുന്നു.

ഈ ശുപാര്ശകള് നിയമമാക്കുമ്പോള് കേരളത്തിലെ സാധാരണക്കാരുടെ മുഖങ്ങളില് പടര്ന്നുകയറിയിട്ടുള്ള പല ദുരിതങ്ങളുടേയും കാളിമ ഇല്ലാതാക്കാന് അതിന് കഴിയും. മകളുടെ വിവാഹത്തിന് പൊന്നൊരുക്കാന് കഴിയാത്തതിനാല് ആത്മഹത്യയില് അഭയം പ്രാപിക്കുന്ന പിതാക്കളെ രക്ഷിക്കാന്; അതിനുവേണ്ടി എല്ലാം വിറ്റുപെറുക്കിയിട്ടും മോചനമില്ലാത്ത കടക്കെണിയിലികപ്പെട്ടവര്ക്ക് ആശ്വാസമാകാന്; തനിക്കുവേണ്ടി ജീവിതം ഹോമിക്കുന്ന കുടുംബാംഗങ്ങളെയോര്ത്ത് സ്വന്തം പെണ്ജന്മത്തെ ശപിക്കുന്ന സഹോദരിമാര്ക്ക് പ്രത്യാശയാകാന് എല്ലാം ആ നിയമത്തിന് കഴിയും. നാമിന്ന് മദ്യംപോലെ സ്വര്ണ്ണമെന്ന ലഹരിയിലും മന്ദീഭവിച്ചവരുടെ ജനതയാണല്ലോ?. നമ്മുടെ സമ്പൂര്ണ്ണ സാക്ഷരതയും ഉയര്ന്നവിദ്യാഭ്യാസ ചിന്തയും കാഴ്ചപ്പാടുമെല്ലാം ആ അധീശശക്തിയ്ക്ക് അടിയറവെച്ചവര് – ആ അപമാനത്തില് നിന്ന് നമുക്ക് രക്ഷപ്പെടുകയുമാവാം.
ഭൂമിയ്ക്കടിയില്ക്കിടന്ന ഒരു മഞ്ഞലോഹം എങ്ങനെ നമ്മുടെ സഹോദരിമാരുടെ വിധിനിര്ണ്ണയിക്കുന്ന ജാതകമായി എന്നത് ദുരന്തംപേറുന്ന ഒരു ആശ്ചര്യചിഹ്നമാണ്. വരന് കെട്ടുന്ന താലിച്ചരട് അവര്ക്ക് അഭയമല്ല നല്കുന്നത്; സ്ത്രീധന സ്വര്ണ്ണം കുറഞ്ഞുപോയാല് അതവരുടെ കഴുത്തില് കൊലക്കെണിയായി മുറുകും എന്ന അകം പിളരുന്ന ആശങ്കയോടെയാണവര് വിവാഹവേദിയില് നില്ക്കുന്നത്. താലിയിലൂടെ പുരുഷന് അവരില് സ്ഥാപിച്ചെടുക്കുന്ന അവകാശവും അധികാരവും കൊടും പീഡനങ്ങളായി മാറാം; ഒടുവില് ജീവിതം തന്നെ അതില് പിടഞ്ഞൊടുങ്ങുകയുമാവാം. ഈ ദാരുണ ദൃശ്യങ്ങള് നാമെത്രകണ്ടുകൊണ്ടിരിക്കുകയാണ്. അപ്രകാരം ആ മഞ്ഞലോഹം ഒരു മാരകവസ്തുവാകുന്നു; പൂരുഷാധികാരത്തിന്റെ മര്ദ്ദനോപകരണമാകുന്നു; സ്ത്രീയുടെ വിനാശബിംബമാകുന്നു.

സ്ത്രീധനം എന്ന ഏറ്റവും പ്രാകൃതവും അപമാനകരവുമായ വ്യവസ്ഥിതിയെ ഊട്ടിയുറപ്പിക്കുന്ന ഒരു പ്രധാനഘടകം സ്വര്ണ്ണമാണ്. പണത്തേക്കാളും ഭൂസ്വത്തിനേക്കാളും സ്ത്രീധനം ആവശ്യപ്പെടുന്നതും നല്കപ്പെടുന്നതും സ്വര്ണ്ണമായിട്ടാണ്. സ്ഥലമോ പണമോ നിറഞ്ഞ സദസ്സില് പ്രദര്ശിപ്പിക്കാനാവില്ലല്ലോ. വധുവിനെ മൂടുന്ന പൊന്നാണവിടെ കണ്നിറയ്ക്കുന്ന സ്റ്റാറ്റസിന്റെ മാറ്റുകൂട്ടുന്ന കാഴ്ചപ്പണ്ടം. വിവാഹവേദിയില് സ്വര്ണ്ണം അങ്ങനെ മറ്റെന്തിനേക്കാളും താരമൂല്യമുള്ള പദവിനേടുന്നു. സ്ത്രീധനം നിയമം മുഖേന നിരോധിച്ചിട്ടും ആ നിയമത്തെ തകര്ത്തു തരിപ്പണമാക്കാന് സ്വര്ണ്ണം എന്ന അധീശശക്തിയ്ക്ക് കഴിയുന്നുണ്ട്, സ്ത്രീധനത്തിന്റെ പരിധിയില് സ്വര്ണ്ണത്തെ ഉള്പ്പെടുത്താത്തതുകൊണ്ട്. സ്വര്ണ്ണത്തിന് നിയമം കൊണ്ടുവരുമ്പോള് മാത്രമേ സ്ത്രീധനനിരോധനനിയമം സംരക്ഷിക്കപ്പെടുകയുള്ളൂ.

ലോകത്തില് ഏറ്റവും കൂടുതല് സ്വര്ണ്ണോപഭോഗമുള്ളനാട് ഇന്ത്യയാണത്രേ.(ഇപ്പോള് ആപദവി ചൈനയും പങ്കിടുന്നു) അതിലധികവും വിവാഹാവശ്യത്തിനാണ്. മതപരമായ ആചാരങ്ങളും അക്ഷയ ത്രിതീയ പോലുള്ള സങ്കല്പങ്ങളും സ്വര്ണ്ണത്തെ ദിവ്യമാക്കുന്നു. 2014 ല് ഇന്ത്യയുടെ ഉപഭോഗം 900-1000 മെട്രിക് ടണ് ആയിരുന്നു. 2012 ലാകട്ടെ അത് 975 ടണ് ആയിരുന്നു വെന്ന കണക്ക് നമ്മുടെ സ്വര്ണ്ണത്തോടുള്ള ഭ്രമം കൂടിക്കൊണ്ടിരിക്കുകയാണെന്നതിന് തെളിവാണ്. സ്വര്ണ്ണം ഏറ്റവുമധികം ഇറക്കുമതി ചെയ്യുന്ന രാജ്യവും ഇന്ത്യയാണ്. ഇറക്കുമതി നിരോധിച്ചിട്ടും കള്ളക്കടത്തുകള് സജീവമായതുകൊണ്ട് ഉപഭോഗത്തോതിന് കുറവില്ല. കസ്റ്റംസില് പിടിക്കുന്നത് അതിന്റെ 1% മാത്രം. അന്തര്ദേശീയമായുളള്ള സ്വര്ണ്ണോപഭോഗത്തിന്റെ 10% കൂടതല് നാം ഉപഭോഗം ചെയ്യുന്നുവെന്നാണ് world gold councilപറയുന്നത്. ഇത് ലോകത്തപ്പാടെയുള്ള സ്വര്ണ്ണത്തിന്റെ 28.3%മാണ്. ഇന്ത്യയിലെ വന്കിട ജ്വല്ലറികള് തന്നെ 5 ലക്ഷത്തോളമുണ്ട്; അവയില് ലൈസന്സുള്ളവ 9,156 എണ്ണം മാത്രം. 5 വര്ഷംകൊണ്ട് ഇന്ത്യയിലെ സ്വര്ണ്ണനിക്ഷേപം 238% വര്ദ്ധിച്ചു. സ്വര്ണ്ണ വിലയിലെ ഭീമമായ വര്ദ്ധനവ് സ്വര്ണ്ണോപഭോഗത്തേയോ നിക്ഷേപത്തേയോ ബാധിച്ചിട്ടില്ല. കേരളീയ സമൂഹമാകട്ടെ സ്വര്ണ്ണത്തിന്റെ മാസ്മരികതയില് കണ്ണുമഞ്ഞളിച്ച് മയങ്ങിക്കിടക്കുകയാണ്. മധ്യവര്ഗ്ഗസ്ഥര് മുതല്ക്കേ വിവാഹവേളയില് സ്ത്രീധനമായികൊടുക്കുന്ന സ്വര്ണ്ണം 500-1000 പവന്വരെയാണ്. സാധാരണക്കാരനാകട്ടെ പവന് രണ്ടക്കത്തിലും മൂന്നക്കത്തലുമെത്തിക്കാന് കിതയ്ക്കുന്നു. വീണും നിരങ്ങിയും ജീവിതമപ്പാടെ കടക്കെണിയിലാക്കിയും അതൊപ്പിച്ച് ഞെളിയുന്നു. സ്വര്ണ്ണോപഭോഗത്തില് ഇന്ത്യയുടെ ‘കാപ്പിറ്റല്’ആണ് നമ്മുടെ കൊച്ചുകേരളം. ഇന്ത്യയുടെ മൊത്തം ഉപഭോഗത്തിന്റെ 20% കേരളം ഉപഭോഗം ചെയ്യുന്നതിന്റെ 14%വും കൊച്ചിയിലാണ്. 2011 ലെ കണക്കില് 75,000 കോടിയുടെ സ്വര്ണ്ണം കേരളത്തില് വിറ്റഴിച്ചു – 245 ടണ്.

ഈ സമൂഹം ഒച്ചവെയ്ക്കുന്ന ഓട്ടപ്പാത്രങ്ങളുടേതാണ്. ധൂര്ത്തും ആഡംബരങ്ങളും കെട്ടുകാഴ്ചകളുമാണതിന്റെ മുഖശൈലി. മനുഷ്യന്റെ ആഴവും ഉയരവും കുറയുമ്പോഴാണ് – അവന്റെ ആന്തരീകസത്ത ദുര്ബലമാകുമ്പോഴാണ് – അവന് ഓട്ടപ്പാത്രങ്ങളെപ്പോലെ ഒച്ചവെയ്ക്കുന്നത്. സ്വന്തം സത്തയെന്ന സ്വര്ണ്ണം മങ്ങുമ്പോള് അവന് ബാഹ്യമായ കാഴ്ചപ്പണ്ടങ്ങള് തേടുന്നു; സ്വയം കാഴ്ചപ്പണ്ടമാകുന്നു. അതിന്റെ ഏറ്റവും ബീഭത്സമായ ദൃശ്യമാണിന്ന് വിവാഹവേദികളില് കാണുന്നത്. ഭീകരമായ ധൂര്ത്തും പ്രദര്ശനപരതയും അവിടം കയ്യേറുന്നു. ലാളിത്യം, ശുദ്ധി, സൌഹാര്ദ്ദം തുടങ്ങിയ മൂല്യങ്ങള് മങ്ങുന്നു. വരനും വധുവിനും ഇടയില് സ്വര്ണ്ണവും ധനവും മറ്റും അധീശശക്തികളായി നില്ക്കുമ്പോള് അവര് തമ്മില് സ്നേഹത്തിന്റേയും സഹവര്ത്തിത്വത്തിന്റേതുമായ ദാമ്പത്യം എങ്ങനെ സാധ്യമാകും?. ഇത്രയും സ്വത്തിന്റെ അധികാരിയാണ് ഞാന് എന്ന ധാര്ഷ്ട്യവും അഹങ്കാരവുമല്ലാതെ? കുടുംബകോടതികളുടെ എണ്ണം വര്ദ്ധിക്കാന് ഇതുമൊരുകാരണം. വിവാഹത്തേക്കാള് വലിയൊരു പാഴ് ചെലവ് ഇന്നീ സമൂഹത്തിലില്ല. വിവാഹത്തിന് ശരീരം മൂടുന്ന സ്വര്ണ്ണം, വധു പിന്നീടൊരിക്കലും അണിയുന്നില്ല. വിലപിടിച്ച വസ്ത്രങ്ങളുടെ കാര്യവും അങ്ങനെതന്നെ. ഒരൊറ്റ ദിവസത്തിനുവേണ്ടിയാണ് ലക്ഷങ്ങളുടേയും കോടികളുടേയും ധൂര്ത്ത്.

സമൂഹത്തിന്റെ അന്തസ്സാരശൂന്യത അതിന്റെ ബാഹ്യചേഷ്ടകളില് ധ്വനിക്കപ്പെടുന്നു. വസ്ത്രധാരണം, വിനോദങ്ങള്, ജിവിത ശൈലികള്, ഗൃഹനിര്മ്മാണം, മറ്റ് പലപ്രവണതകളും – എല്ലാം സൌന്ദര്യത്തേക്കളുപരി വൈകൃതത്തെയാണിപ്പോള് പിന്പറ്റുന്നത്. ശരീരമാസകലം പൊന്നിലും പളപളപ്പിലും പൊതിഞ്ഞു നില്ക്കുന്ന വധുവിനെ വൈരൂപ്യത്തിലല്ലാതെ സൌന്ദര്യത്തിലും ശാലീനതയിലും ആര്ക്ക് കാണാനാകും? നമ്മുടെ സഹോദരിമാര് വിദ്യാസമ്പന്നരും സ്വയം പര്യാപ്തരും സ്വതന്ത്ര ചിന്തകരുമാണ്. തങ്ങളുടെ വ്യക്തിത്വത്തിനുമേല് സ്വര്ണ്ണത്തിന്റെ അധീശത്വം വേണ്ട എന്ന് അവര് തീരുമാനിക്കണം. അത്തരമൊരു സ്വത്വബോധം സംസ്കാരത്തിലേക്കും അഭിമാനത്തിലേക്കും മാത്രമല്ല അവരെ നയിക്കുക – ആരോഗ്യപരമായ ഒരു സമൂഹികമാറ്റത്തിന്റെ കാര്മ്മികത്വത്തിലേക്കും കൂടിയാണ്. സ്ത്രീ വിമോചനത്തിന്റെ ഊര്ജ്ജം അതില് സംഭരിക്കപ്പെടും.
സ്വന്തം വീട്ടില്, ലളിതമായൊരു ചടങ്ങില്, ഏറ്റവും വേണ്ടപ്പെട്ടവരുടെ മാത്രം സാന്നിദ്ധ്യത്തില് സാധാരണമായൊരു സദ്യയൊരുക്കി, സ്വന്തം കൂട്ടികാരികളാല് അണിയിച്ചൊരുക്കപ്പെട്ടും, മാതാപിതാക്കള് സന്തോഷത്തോടെ നല്കിയ അത്യാവശ്യം ആഭരണങ്ങളണിഞ്ഞ് മനസ്സില് നിറയെ മധുരസ്വപ്നങ്ങളുമായി വധു വരന് നീട്ടിക്കൊടുക്കുന്ന അഭയകരങ്ങളില് സ്വയമര്പ്പിക്കുമ്പോള്, ആ വിവാഹം എത്രമേല് മൂല്യവത്തും മംഗളകരവുമായിരിക്കും. സമൂഹത്തിലെ ഉന്നതസ്ഥാനീയര് അതിന് മാതൃക കാണിക്കണം. മുന്മന്ത്രി ബിനോയ് വിശ്വം മകളുടെ കല്ല്യാണത്തിന് അങ്ങനെയൊരു സംസ്കാരം നമുക്കീയിടെ കാണിച്ചുതന്നു. പക്ഷേ, അത് പിന്തുടരാന് അധികമാരും മുന്നോട്ടുവന്നില്ല എന്നത് എത്ര ഖേദകരം! ദുരഭിമാനപൂരിതം!

വിവാഹധൂര്ത്ത് ആക്ഷേപകരം മാത്രമല്ല,
അധാര്മ്മികവും കൂടിയാണ്, അത് സാമൂഹ്യവിരുദ്ധമായ കുറ്റകൃത്യമാണ്
എന്നൊരു ബോധം നമ്മില് ഉദിക്കേണ്ടിയിരിക്കുന്നു.

[quote arrow=”yes”]ശാന്തിഗിരി ആശ്രമം ഓർഗനൈസിംഗ് സെക്രട്ടറിയാണു ലേഖകൻ.[/quote]