സംസാരത്തിനിടെ കട്ട് ആകുന്ന മൊബൈല്‍ കോളുകള്‍ക്ക് ഈടാക്കിയ തുകയോ സംസാര സമയമോ മടക്കി നല്‍കാന്‍ ടെലികോം കമ്പനികളോട് കേന്ദ്രസര്‍ക്കാര്‍

single-img
3 June 2015

Mobileസംസാരത്തിനിടെ കട്ടായിപ്പോകുന്ന കോളുകള്‍ക്കു നഷ്ടപരിഹാരം നല്‍കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ആലോചനയില്‍. സംസാരത്തിനിടയില്‍ നിന്നു പോകുന്ന കോളുകള്‍ക്ക് ഈടാക്കിയ തുക മടക്കി നല്‍കുകയോ തുല്യമായ ടോക്ക്‌ടൈം സൗജന്യമായി നല്‍കുകയോ ചെയ്യുന്ന തരത്തില്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ ടെലികോം കമ്പനികളോട് നിര്‍ദേശിക്കാനാണ് കേന്ദ്രം ഒരുങ്ങുന്നത്.

ഇന്ത്യയിലെ ഒട്ടുമിക്ക സേവനദാതാക്കളുടെ നെറ്റ്‌വര്‍ക്കുകളിലും ഡ്രോപ്പ് കോളുകള്‍ പതിവായ സാഹചര്യത്തിലാണ് കേന്ദ്രം ഇത്തരത്തില്‍ നീക്കം നടത്തുന്നത്. സേവനദാതാവിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയ്ക്ക് ഉപയോക്താവ് പണം നല്‍കേണ്ടതില്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്.

അതിന്റെ ഭാഗമായാണ് കോളുകള്‍ കട്ടാകുന്നത് നിയന്ത്രിക്കാന്‍ ടെലികോം കമ്പനികളുടെ ഭാഗത്തുനിന്നു നടപടിയുണ്ടാകണമെന്നു കഴിഞ്ഞദിവസവും കേന്ദ്ര ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടത്. മുമ്പും ഇതേ ആവശ്യം മന്ത്രി കമ്പനികള്‍ക്കു മുന്നില്‍ ഉന്നയിച്ചിരുന്നുവെങ്കിലും കേന്ദ്രസര്‍ക്കാര്‍ ഒരു വര്‍ഷം തികച്ച ദിവസം നടത്തിയ പ്രസ്താവനയ്ക്ക് കൂടുതല്‍ ശക്തിയും മൂര്‍ച്ചയുമുണ്ടായിരുന്നു.

എന്ന്ാല്‍ കോള്‍ ഡ്രോപ്പാകുന്നത് കണ്ടെത്താന്‍ കമ്പനികള്‍ക്ക് വേഗത്തില്‍ സാധിക്കില്ലെന്നും നെറ്റ് വര്‍ക്ക് തകരാറുകള്‍ മൂലം കോള്‍ കട്ടാകുന്നത് കണ്ടെത്താന്‍ കമ്പനികള്‍ പുതിയ സോഫ്റ്റ് വെയര്‍ വികസിപ്പിക്കേണ്ടിവരുമെന്നൂം ടെലികോം രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ആവശ്യമായ സ്‌പെക്ട്രവും ടവറുകള്‍ സ്ഥാപിക്കാന്‍ സാഹചര്യവും ഇല്ലാത്തതാണ് നെറ്റ്‌വര്‍ക്കിലെ ഞെരുക്കത്തിനു കാരണമെന്നും ഇതു പരിഹരിക്കേണ്ടതു സര്‍ക്കാര്‍ തന്നെയാണെന്നും അല്ലാതെ കമ്പനികളല്ലെന്നുമാണ് ടെലികോം കമ്പനികളുടെ നിലപാട്.