വേനലവധി കഴിഞ്ഞ് സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറന്നു

single-img
1 June 2015

schoolതിരുവനന്തപുരം: വേനലവധി കഴിഞ്ഞ് സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും.  36.5 ലക്ഷം കുട്ടികള്‍ തിങ്കളാഴ്ച സ്കൂൾ അങ്കണത്തിലെത്തുമ്പോൾ ഇതില്‍ മൂന്ന് ലക്ഷത്തിലേറെ കുട്ടികള്‍ അറിവിന്റെ ആദ്യക്ഷരം കുറിക്കാനെത്തുന്ന കുരുന്നുകളാണ്.

പ്രവേശനോത്സവത്തിന് സ്വാഗതമേകാന്‍ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും തയ്യാറായിക്കഴിഞ്ഞു. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വയനാട് കമ്പളക്കാട് ഗവ. യു.പി. സ്‌കൂളില്‍ നടക്കും. ഇതിനൊപ്പം ജില്ലാ, സബ് ജില്ലാ തലങ്ങളിലും പ്രവേശനോത്സവം നടക്കും. 200 അധ്യയന ദിനങ്ങള്‍ ലക്ഷ്യമിട്ടുള്ള വിദ്യാഭ്യാസ കലണ്ടറിനാണ് ഇത്തവണ പൊതുവിദ്യാഭ്യാസ വകുപ്പ് അംഗീകാരം നല്‍കിയിരിക്കുന്നത്.

സ്‌കൂള്‍ പീരിഡുകള്‍ ഏഴില്‍ നിന്ന് എട്ടാക്കിയാണ് പുതിയ അധ്യയന വര്‍ഷം തുടങ്ങുന്നത്. കലാ-കായിക വിദ്യാഭ്യാസത്തിന് പാഠ്യപദ്ധതിയില്‍ ഇടംനല്‍കാനാണ് നിലവിലുളള പീരിഡുകളുടെ സമയം ക്രമീകരിച്ച് എട്ടാക്കിയത്.

പാഠ്യപദ്ധതി പരിഷ്‌കരണത്തിലൂടെയുള്ള പുസ്തകങ്ങളാണ് തയ്യാറാക്കിയത്.  2,4,6,8,12 ക്ലാസുകളിലേക്കുള്ള പുസ്തകങ്ങളുടെ അച്ചടിയാണ് പുരോഗമിക്കുന്നത്. പുസ്തകങ്ങള്‍ ജൂണ്‍ അവസാനത്തിനകം ലഭ്യമാക്കാനാണ് ശ്രമം. തുടക്കത്തില്‍ പുസ്തകങ്ങള്‍ ലഭിക്കാത്തവര്‍ക്ക് വിദ്യാഭ്യാസ വകുപ്പിന്റെ വെബ് സൈറ്റില്‍ നിന്ന് പുസ്തകത്തിന്റെ പൂര്‍ണ ഭാഗം ഡൗണ്‍ലൗഡ് ചെയ്യാം.

ഡിജിറ്റല്‍ പാഠപുസ്തകങ്ങളാണ് പുതിയ അധ്യയന വര്‍ഷത്തിന്റെ പ്രധാന പ്രത്യേകത. ഒമ്പത്, പത്ത് ക്ലൂസുകളിലും ഹയര്‍ സെക്കന്‍ഡറി തലത്തിലുമാണ് ഐ.ടി. അറ്റ് സ്‌കൂളിന്റെ സഹകരണത്തോടെ ഡിജിറ്റല്‍ പാഠപുസ്തകങ്ങള്‍ തയ്യാറാക്കുന്നത്. വിദ്യാര്‍ഥിക്ക് അനുബന്ധമായി അറിയേണ്ട വിവരങ്ങള്‍ പ്രമുഖരുടെ വിവരണങ്ങളോടെ ഉള്‍പ്പെടുത്തിയാണ് ഡിജിറ്റല്‍ പുസ്തകം തയ്യാറാക്കിയത്.

ഒന്നു മുതല്‍ എട്ട് വരെ ക്ലാസുകളിലെ എല്ലാ പെണ്‍കുട്ടികള്‍ക്കും സൗജ്യ യൂണിഫോം നല്‍കും. ഇതിനൊപ്പം പട്ടികജാതി-പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കും ബി.പി.എല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ആണ്‍കുട്ടികള്‍ക്കും സൗജന്യ യൂണിഫോമിന് അര്‍ഹതയുണ്ട്.  ഈ അധ്യയന വര്‍ഷം സര്‍ക്കാര്‍ സ്‌കൂളിന് പുറമേ ആദ്യമായി എയ്ഡഡ് മേഖലയിലെ സ്‌കൂളുകള്‍ക്കും സൗജന്യ യൂണിഫോം ഉണ്ടാകും.സ്‌കൂള്‍ വാഹനങ്ങള്‍ പരിശോധന പൂര്‍ത്തിയാക്കിയതിന് ശേഷമേ നിരത്തിലിറക്കാവൂ എന്ന് നിര്‍ദേശമുണ്ട്.