ആനകളുടെ ചികിത്സയ്ക്കായി തൃശ്ശൂരിൽ സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രി തുടങ്ങുന്നു

single-img
31 May 2015

elephant1തൃശ്ശൂര്‍: സംസ്ഥാനത്ത് നാട്ടാനകളുടെ ചികിത്സയ്ക്ക് സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രി സ്ഥാപിക്കാൻ തീരുമാനമായി. ആനകളുടെ സംരക്ഷണത്തിനായി ആന ഉടമസ്ഥ ഫെഡറേഷനാണ് ആരോഗ്യസുരക്ഷാ പദ്ധതിക്ക് തുടക്കമിട്ടത്. തൃശ്ശൂര്‍ ജില്ലയില്‍ ആശുപത്രിക്ക് സ്ഥലം കണ്ടെത്താന്‍ ശ്രമങ്ങൾ ഫെഡറേഷന്‍ തുടങ്ങിയിട്ടുണ്ട്. ഇതോടൊപ്പം ആനകള്‍ക്ക് തീറ്റ ഉറപ്പാക്കാന്‍ പുല്‍കൃഷിയും തുടങ്ങും.

ആന ഉടമകളുടെ നേതൃത്വത്തില്‍ രൂപവത്കരിക്കുന്ന ട്രസ്റ്റിന്റെ കീഴിലാണ് പദ്ധതികള്‍ നടപ്പാക്കുന്നത്. ജൂണ്‍ ഒന്ന് മുതല്‍ 15 വരെ എല്ലാ ആനകളെയും പരിശോധിച്ച് ആരോഗ്യകാര്‍ഡ് നല്‍കും. വനം വകുപ്പിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും സഹായത്തോടെയാണ് പരിശോധന നടത്തുക. അസുഖം കണ്ടെത്തുന്ന ആനകള്‍ക്ക് തുടര്‍ചികിത്സയ്ക്ക് നടപടിയെടുക്കും.  പദ്ധതിക്ക് സര്‍ക്കാരിന്റെയും വനം വകുപ്പിന്റെയും സഹകരണം തേടിയിട്ടുണ്ട്.

ഇത് ലഭിച്ചില്ലെങ്കില്‍ ഫെഡറേഷന്‍ സ്വന്തം നിലയില്‍ നടപ്പാക്കാനാണ് തീരുമാനം. ആനകള്‍ക്ക് സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രി സ്ഥാപിക്കാന്‍ തൃശ്ശൂര്‍ ജില്ലയില്‍ 20 മുതല്‍ 30 ഏക്കര്‍ വരെ സ്ഥലം കണ്ടെത്താനാണ് ശ്രമം. ആനകള്‍ക്ക് പനമ്പട്ടയെക്കാള്‍ നല്ല ഭക്ഷണം പുല്ലാണെന്ന വിദഗ്ധാഭിപ്രായം കണക്കിലെടുത്താണ് പുല്‍കൃഷിക്ക് നടപടിയെടുക്കുന്നത്. പുല്ല് കൂടുതല്‍ നല്‍കിയാല്‍ ആനകള്‍ക്കുണ്ടാകുന്ന എരണ്ടക്കെട്ട് പോലുള്ള അസുഖങ്ങള്‍ ഒഴിവാക്കാമെന്ന് പറയപ്പെടുന്നു.