സിംബാബ്‌വെ-പാകിസ്ഥാന്‍ ക്രിക്കറ്റ് മത്സരത്തിനിടെ ഗദ്ദാഫ് സ്റ്റേഡിയത്തിന് പുറത്ത് ചാവേര്‍ സ്‌ഫോടനം

single-img
30 May 2015

PAKISTAN-NEWലാഹോര്‍: സിംബാബ്‌വെ-പാകിസ്ഥാന്‍ ക്രിക്കറ്റ് മത്സരത്തിനിടെ ഗദ്ദാഫ് സ്റ്റേഡിയത്തിന് പുറത്ത് ചാവേര്‍ സ്‌ഫോടനം. സംഭവത്തില്‍ രണ്ട്  പേര്‍ മരിച്ചു. കൊല്ലപ്പെട്ടവരില്‍ ചാവേറിനെ തടഞ്ഞു നിര്‍ത്താന്‍ ശ്രമിച്ച പോലീസുകാരനും ഉള്‍പ്പെടുന്നു. ഡേ-നൈറ്റ് മത്സരത്തിനിടെ രാത്രി ഒമ്പത് മണിയോടെ സ്‌റ്റേഡിയത്തിലേക്ക് ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് ചാവേര്‍ പൊട്ടിത്തെറിച്ചത്.

സ്‌ഫോടനം നടക്കുമ്പോള്‍ 20,000ത്തിലധികം ആളുകള്‍ സ്‌റ്റേഡിയത്തിനുളളിലുണ്ടായിരുന്നു.  ഏറെനാളുകള്‍ക്ക് ശേഷം ഒരു അന്താരാഷ്ട്ര മത്സരം നടകക്കുന്നതിനിടെയാണ് പാകിസ്ഥാനെ ആശങ്കയിലാഴ്ത്തി വീണ്ടും ചാവേര്‍ സ്‌ഫോടനം ഉണ്ടായിരിക്കുന്നത്. സ്‌ഫോടനവിവരം പാക് അധികൃതര്‍ ആദ്യം മറച്ചുപിടിക്കാന്‍ ശ്രമിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്‌ഫോടന വിവരത്തിനു പകരം വൈദ്യൂത ട്രാന്‍സ്‌ഫോമര്‍ പൊട്ടിത്തെറിച്ചതാണ് എന്നായിരുന്നു ആദ്യ വിശദീകരണം.

പരിഭ്രാന്തരായി സ്‌റ്റേഡിയത്തില്‍ തിക്കും തിരക്കും ഉണ്ടാകുന്നത് ഒഴിവാക്കാനാണ് പാക് അധികൃതര്‍ ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്നാണ് സൂചന.

2009ല്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം സഞ്ചരിച്ച ബസ്സിന് നേരെ തീവ്രവാദികള്‍ നടത്തിയ അക്രമണത്തെ തുടര്‍ന്നാണ് മറ്റ് രാജ്യങ്ങള്‍ പാകിസ്ഥാനിലുളള ക്രിക്കറ്റ് മത്സരങ്ങള്‍ ഒഴിവാക്കിയത്. അതിനുശേഷം ഇപ്പോഴാണ് ഒരു ടെസ്റ്റ് പദിവിയുളള ടീം പാകിസ്ഥാനില്‍ ക്രിക്കറ്റ് കളിക്കാന്‍ തയ്യാറാകുന്നത്.