വി.എസ്… വി.എസ്… എന്ന് പറഞ്ഞ് ശ്രദ്ധ തിരിച്ച് വിടാന്‍ നോക്കരുത്; പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായാല്‍ അത് ഇടത് പക്ഷത്തിന് ഗുണം ചെയ്യും- ഇ.പി ജയരാജന്‍

single-img
30 May 2015

ep-jayarajanതിരുവനന്തപുരം: വി.എസ്… വി.എസ്… എന്ന് പറഞ്ഞ് ശ്രദ്ധ തിരിച്ച് വിടാന്‍ നോക്കരുതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജന്‍. ഇപ്പോള്‍  നടക്കുന്നത് നിലവാരമില്ലാത്ത രാഷ്ട്രീയമാണ്.ഇനി ഇങ്ങനെ പറയരുതെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായാല്‍ അത് ഇടത് പക്ഷത്തിന് ഗുണം ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജനങ്ങളും ജനശത്രുക്കളും തമ്മിലുള്ള പോരാട്ടമാണ് അരുവിക്കരയില്‍ നടക്കുന്നത്. കോണ്‍ഗ്രസും യുഡിഎഫും തോല്‍വി സമ്മതിച്ചു കഴിഞ്ഞു. അതുകൊണ്ടാണ് അവര്‍ സഹതാപ വോട്ട് ലഭിക്കാന്‍ ശ്രമം നടത്തുന്നതെന്നും ജയരാജന്‍ ചൂണ്ടിക്കാട്ടി.

അധികാരം മുന്‍നിര്‍ത്തി മാത്രം യുഡിഎഫിലേക്ക് പോയ ആര്‍എസ്പി തെറ്റ് തിരുത്തി വന്നാല്‍ മാത്രമെ ഇടതുപക്ഷത്തേക്ക് പരിഗണിക്കൂ. അവരുടെ പിന്നാലെ ഒരിക്കലും സിപിഎം പോകില്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാരിലെ ആറ് മന്ത്രിമാരും അഴിമതി ആരോപണം നേരിടുന്നവരാണ്. ആര്‍എസ്പിയിലെ അണികള്‍ക്ക് യുഡിഎഫിന് വോട്ട് ചെയ്യാനാകില്ല. അവര്‍ യുഡിഎഫിനെതിരെ ഇടതുപക്ഷത്തിനൊപ്പം അണിനിരക്കും. സര്‍ക്കാരിനെതിരായ വിധിയെഴുത്തായിരിക്കും അരുവിക്കരയില്‍ നടക്കുകയെന്നും ജയരാജന്‍ പറഞ്ഞു.

യുഡിഎഫിന്റെ കാലിനടിയിലെ മണ്ണ് ഒലിച്ചു പോവുകയാണ്. ഇടത് പക്ഷത്ത് നിന്ന് ഒരാളും യുഡിഎഫിലേക്ക് പോകില്ല. കഴിഞ്ഞ ഇടത് സര്‍ക്കാരിന്റെ തുടര്‍ച്ച പാര്‍ട്ടി നേതൃത്വം നഷ്ടപ്പെടുത്തിയതായ പ്രചാരണം ശരിയല്ലെന്നും ജയരാജന്‍ പറഞ്ഞു.
മനപൂര്‍വ്വം ഒരു സ്ഥാനാര്‍ത്ഥിയെയും തോല്‍പ്പിച്ചിട്ടില്ല. അധികാരം നുണഞ്ഞവര്‍ക്ക് വീണ്ടും അത് നഷ്ടപ്പെടുമ്പോള്‍ ഉണ്ടാകുന്ന വിഭ്രാന്തിയാണ് ഇത്തരം ആശയക്കുഴപ്പങ്ങള്‍ക്ക് പിന്നിലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭരണ തുടര്‍ച്ചയുണ്ടാകാതിരുന്നത് സംബന്ധിച്ച വി.എസിന്റെ നിലപാട് ശ്രദ്ധയില്‍ പെടുത്തിയപ്പോഴായിരുന്നു ഈ അഭിപ്രായ പ്രകടനം.