മോഷണശ്രമത്തിനിടെ പിടിക്കപ്പെടുമെന്ന് ഭയന്നോടിയ മോഷ്‌ടാവ്‌ കിണറ്റില്‍ വീണു

single-img
30 May 2015

theifകൊയിലാണ്ടി: മോഷണശ്രമത്തിനിടെ പിടിക്കപ്പെടുമെന്ന് ഭയന്നോടിയ മോഷ്‌ടാവ്‌ കിണറ്റില്‍ വീണു.   ഇന്നലെ പുലര്‍ച്ചയോടെയാണ്‌ ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന്‌ മോഷ്ടിക്കാനുള്ള ശ്രമം നടന്നത്‌. വയനാട്‌ തരുനവണ സ്വദേശി കുഞ്ഞിക്കണ്ടി അബ്‌ദുള്ള (53) യാണ്‌ പോലീസ്‌ വലയിലായത്‌. കൊയിലാണ്ടി മുത്താമ്പിക്ക്‌ സമീപമുള്ള ചെറിയപ്പുറത്ത്‌ ക്ഷേത്രത്തിലെ സ്‌റ്റീല്‍ ഭണ്ഡാരം തകര്‍ത്തതിനുശേഷം കോണ്‍ക്രീറ്റ്‌ ഭണ്ഡാരം കുത്തിപ്പൊളിക്കുന്ന ശബ്‌ദം ക്ഷേത്ര ജീവനക്കാരന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.

ഇയാള്‍ ബഹളം വെച്ചതോടെ പിടിക്കപ്പെടുമെന്ന്‌ ഉറപ്പാക്കിയ മോഷ്‌ടാവ്‌ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ്‌ സമീപത്തെ പൊട്ടക്കിണറ്റില്‍ വീണത്‌. ഇതോടെ നാട്ടുകാര്‍ ഓടിക്കൂടുകയും കള്ളനെ പുറത്തെടുക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന്‌ കൊയിലാണ്ടി പോലീസും പേരാമ്പ്ര ഫയര്‍ യൂണിറ്റും സ്‌ഥലത്തെത്തി പാട്‌പെട്ടാണ്‌ കള്ളനെ കരകയറ്റിയത്‌.

പ്രതിയെ പരുക്കുകളോടെ കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊയിലാണ്ടി മേഖലയില്‍ സമീപ ദിവസങ്ങളില്‍ വര്‍ധിച്ചു വരുന്ന മോഷണ പരമ്പരയുടെ പശ്‌ചാത്തലത്തില്‍ പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുമെന്ന്‌ പോലീസ്‌പറഞ്ഞു.