അന്തിയുറങ്ങാന്‍ വീടില്ലാതെ ദുരിതക്കയത്തില്‍ ജീവിക്കുന്ന അമ്മയുടെയും മാനസികാസ്വാസ്ഥ്യമുള്ള മകള്‍ക്കും ഒരു വീട് വെച്ച് നല്‍കി വാര്‍ഡ് കൗസിലര്‍ മാതൃകയായി

single-img
29 May 2015

11351266_781469788639547_7821602123864609266_nആലപ്പുഴ നഗരസഭ ഇരവുകാട് വാര്‍ഡ് കൗണ്‍സിലര്‍ ബഷീര്‍ കോയാപറമ്പില്‍ എന്ന വ്യക്തി ഇന്ന് തൈപ്പറമ്പില്‍ വൃദ്ധയായ ബീമാലത്തീഫിനും മാനസികാസ്വാസ്ഥ്യമുളള മകള്‍ സുനിതയ്ക്കും ദൈവതുല്യനാണ്. അന്തിയുറങ്ങാന്‍ ഒരു വീടില്ലാതെ പിടിച്ചാല്‍ കൂടാത്ത മനസ്സുള്ള മകളുമായി ജീവിക്കുന്ന ഈ വൃദ്ധയ്ക്ക് ഒരു വീടെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കിക്കൊടുത്ത വ്യക്തിയാണദ്ദേഹം. അതും മറ്റൊരു സഹായവും തേടാതെ സ്വന്തം കയ്യിലെ കാശ് കൊണ്ട് മാത്രം.

സ്വന്തം കൈയില്‍ നിന്നും നാലുലക്ഷത്തിലധികം തുക ചെലവഴിച്ച് ബഷീര്‍ ഈ വീട് നിര്‍മ്മിച്ചത് ഒരു സര്‍ക്കാര്‍ സഹായവും പറ്റിയിട്ടായിരുന്നില്ല എന്നുള്ളതാണ് വാസ്തവം. കൗണ്‍സിലര്‍ എന്ന നിലയില്‍ നാലുവര്‍ഷത്തിലധികമായി തനിക്ക് ലഭിക്കുന്ന ഓണറേറിയം ബാങ്കില്‍ നിക്ഷേപിച്ചതും ബിസിനസില്‍ നിന്നുളള ലാഭവിഹിതവും ചേര്‍ത്താണ് അമദ്ദഹം ഒരു കുടുംബത്തിന് ജീവിതമുണ്ടാക്കി നല്‍കിയത്.

ഒരു വീടിന് വേണ്ടി എല്ലാ വാതിലുകളും മുട്ടി തളര്‍ന്ന ഈ അമ്മയും മകളും ആലപ്പുഴ നഗരസഭ ഇഎംഎസ് ഭവന പദ്ധതി പ്രകാരം നല്‍കിയ ഒന്നര സെന്റ് സ്ഥലത്ത് ഓലഷീറ്റിനുളളില്‍ വെയിലും മഴയുമേറ്റാണ് കഴിഞ്ഞിരുന്നത്. നോക്കട്ടെ, നല്‍കാം എന്നീ വാക്കുകള്‍ക്കപ്പുറമൊന്നും യഥാര്‍ത്ഥ്യമായതുമില്ല. കഷ്ടപ്പാടിനിടയിലും ബീമ മകള്‍ സുനിതയെ വിവാഹം ചെയ്തയച്ചെങ്കിലും ഭര്‍ത്താവും പിന്നീട് കുഞ്ഞും മരിച്ചതോടെ മാനസികവിഭ്രാന്തിയില്‍ പെടുകയായിരുന്നു.

ആ സമയത്താണ് കൗണ്‍സിലര്‍ ബഷീര്‍ അവിടെയെത്തുന്നത്. നാട്ടുകാര്‍ക്ക് വീടുവയ്ക്കുന്നതിനുളള സാധനമെത്തിക്കാന്‍ പാലം നിര്‍മ്മിച്ച് നല്‍കുന്നതിനായാണ് അദ്ദേഹം എത്തിയത്. പാലവും സ്വന്തം കൈയില്‍ നിന്നും കാശ് മുടക്കി തന്നെയാണ് അദ്ദേഹം നിര്‍മ്മിച്ചത്. മനസ്സ് നിയന്ത്രണം വിട്ട മകളുമെന്നിച്ച് വൃദ്ധയായ താന്‍ എങ്ങനെ ഈ കാലവര്‍ഷം തളളിനീക്കുമെന്ന് കൗണ്‍സിലറിന് മുന്നില്‍ നിന്ന് കരഞ്ഞ ബീമയെ അദ്ദേഹം ആശ്വസിപ്പിച്ചു. ഒരു മലാണിന് ശ്രമിക്കാമെന്ന അദ്ദേഹത്തിന്റെ പദ്ധതി പക്ഷേ പൊളിഞ്ഞു. ആധാരം ബാങ്കിലായതിനാല്‍ അത് നടന്നില്ല.

ഒടുവില്‍ ഈ കുടുംബത്തിന്റെ കഷ്ടപ്പാട് കണ്ടറിഞ്ഞ ബഷീര്‍ സ്വന്തം ചെലവില്‍ വീട് വെച്ച് നല്‍കുകയായിരുന്നു. ഒരുഹാള്‍, രണ്ടുമുറി, അറ്റാച്ചഡ് ബാത്ത് റൂം, സിറ്റൗട്ട്, അടുക്കള എന്നിങ്ങനെ സൗകര്യങ്ങളോടെയുളള വീടിന്റെ ജോലി അതിന്റെ അവസാന ഘട്ടത്തിലാണ്. പുന്നപ്രവയലാര്‍ രക്തസാക്ഷി മണ്ഡപം സ്ഥിതി ചെയ്യുന്ന വാര്‍ഡിലുയരുന്ന ഈ വീടിന്റെ ശിലയിട്ടത് ബഷീറിന്റെ മകന്‍ മുഹമ്മദ് അല്‍തായിഫാണ്.