ഐസിഐസിഐ ബാങ്ക് വോയ്‌സ് റെകഗ്‌നീഷന്‍ സേവനം നടപ്പാക്കുന്നു; പാസ്‌വേഡും കാര്‍ഡ് നമ്പറും പിന്‍ നമ്പറും ഒഴിവാക്കി ശബ്ദം പാസ്‌വേഡായി ഉപയോഗിക്കാം

single-img
26 May 2015

icici-atmകൊച്ചി: ഐസിഐസിഐ ബാങ്ക് വോയ്‌സ് റെകഗ്‌നീഷന്‍ സേവനം നടപ്പാക്കുന്നു. അക്കൗണ്ട്, ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് ഇടപാടുകള്‍ നടത്താന്‍ പാസ്‌വേഡും കാര്‍ഡ് നമ്പറും പിന്‍ നമ്പറും ഒഴിവാക്കി ശബ്ദം പാസ്‌വേഡായി ഉപയോഗിക്കാനാണ് ഐസിഐസിഐ തീരുമാനിച്ചിരിക്കുന്നത്. കോള്‍ സെന്റര്‍ വഴി നടത്തുന്ന ഇടപാടുകള്‍ ഇതോടെ വേഗത്തില്‍ നടപ്പിലാക്കാന്‍ കഴിയുമെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.

രാജ്യത്ത് ആദ്യമായിട്ടാണ് ഒരു ബാങ്ക് വോയ്‌സ് റെകഗ്‌നീഷന്‍ സേവനം ലഭ്യമാക്കുന്നത്. ബാങ്കിന്റെ 33 ദശലക്ഷം ഇടപാടുകാര്‍ക്ക് ഈ സൗകര്യം ലഭിക്കും. ശബ്ദത്തിന്റെ വേഗം, ഉച്ചാരണം തുടങ്ങി നൂറോളം ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചിട്ടുള്ളത്. ബാങ്ക് ഉപയോക്താക്കളുടെ ശബ്ദത്തിന്റെ പ്രിന്റ് അക്കൗണ്ടിനൊപ്പം ശേഖരിക്കും.

റജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൊബൈലില്‍ നിന്നു വിളിക്കുമ്പോള്‍ ഈ ശബ്ദം തമ്മില്‍ താരതമ്യപ്പെടുത്തുകയും ഇടപാടു നടക്കുകയും ചെയ്യും. സ്മാര്‍ട്ട് ഫോണില്‍ ഇടപാടു നടത്തുന്നവര്‍ പലപ്പോഴും 16 അക്കമുള്ള കാര്‍ഡ് നമ്പറും നാലക്കമുള്ള പിന്‍ നമ്പറും ടൈപ്പ് ചെയ്യേണ്ടിവരും. ഇതിനു പകരമായാണ് വോയിസ് റെകഗ്‌നീഷന്‍ സേവനം.