ബാംഗ്ലൂരിനെ മൂന്ന് വിക്കറ്റിന് തകര്‍ത്ത് ചെന്നൈ ഫൈനലില്‍

single-img
23 May 2015

msറാഞ്ചി: രണ്ടാം ക്വാളിഫയറില്‍ ബാംഗ്ലൂരിനെ മൂന്ന് വിക്കറ്റിന് തകര്‍ത്ത് ചെന്നൈ ഐപിഎല്‍ എട്ടാം സീസണിന്റെ ഫൈനലില്‍ പ്രവേശിച്ചു. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 140 റണ്‍സ് വിജയലക്ഷ്യം ചെന്നൈ ഒരു പന്ത് ശേഷിക്കേ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ചെന്നൈ മുംബൈയെ നേരിടും. ഇതോടെ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ തമ്മിലുള്ള ഫൈനലിനാണ് കളമൊരുങ്ങിയിരിക്കുന്നത്. ആദ്യ ക്വാളിഫയറില്‍ ചെന്നൈയെ തോല്‍പിച്ചാണ് മുംബൈ ഫൈനലിലെത്തിയത്.

140 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ചെന്നൈക്ക് തുണയായത് ഓപ്പണര്‍ മൈക്ക് ഹസിയുടെ അര്‍ധസെഞ്ച്വറിയാണ്(46 പന്തില്‍ 56 റണ്‍സ്).ക്യാപ്റ്റന്‍ എംഎസ് ധോനി (29 പന്തില്‍ 26), ഫാഫ് ഡുപ്ലസിസ് (22 പന്തില്‍ 21), ഡ്വെയ്ന്‍ സ്മിത്ത് (12 പന്തില്‍ 17) എന്നിവരാണ് ചെന്നൈക്ക് വേണ്ടി സ്‌കോര്‍ ചെയ്തത്. ബാംഗ്ലൂര്‍ ബൗളര്‍മാരില്‍ യുസ്വീന്ദ്ര ചാഹല്‍ രണ്ടും മിച്ചല്‍ സ്റ്റാര്‍ക്ക്, ശ്രീനാഥ് അരവിന്ദ്, ഹര്‍ഷല്‍ പട്ടേല്‍, ഡേവിഡ് വീസ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

നേരത്തേ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിന് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ക്രിസ് ഗെയ്ല്‍ (43 പന്തില്‍ 41), സര്‍ഫറാസ് ഖാന്‍ (21 പന്തില്‍ 31), ദിനേശ് കാര്‍ത്തിക് (26 പന്തില്‍ 28) എന്നിവരാണ് ബാംഗ്ലൂരിന്റെ പ്രധാന സ്‌കോറര്‍മാര്‍. ക്യാപ്റ്റന്‍ വിരാട് കോലിയും (9 പന്തില്‍ 12) ഡിവില്ല്യേഴ്‌സും (3 പന്തില്‍ 1) വേഗത്തില്‍ മടങ്ങി.

ചെന്നൈക്കായി 28 റണ്‍ വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആശിശ് നെഹ്‌റയാണ് കളിയിലെ കേമന്‍. രവി അശ്വിന്‍, മോഹിത് ശര്‍മ, സുരേഷ് റെയ്‌ന, ഡ്വെയ്ന്‍ ബ്രാവോ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.