ടീം ഇന്ത്യയുടെ ജേഴ്‌സിയേക്കാള്‍ അതുല്യമായി മറ്റൊന്നില്ലെന്ന് ഹര്‍ഭജന്‍ സിംഗ്

single-img
21 May 2015

harbhajan-singhടീം ഇന്ത്യയുടെ ജേഴ്‌സിയേക്കാള്‍ അതുല്യമായി മറ്റൊന്നില്ലെന്ന് രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തിയ ഹര്‍ഭജന്‍സിംഗിന്റെ വാക്കുകള്‍. കഴിഞ്ഞ രണ്ട് വര്‍ഷമായി താന്‍ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവിനുള്ള കഠിന പരിശ്രമത്തിലായിരുന്നെന്നും ഇതിനിടയില്‍ ഇനി ഇന്ത്യന്‍ ടീമിലെത്താനാകില്ലെന്ന് ഒരു നിമിഷം പോലും താന്‍ ചിന്തിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

2013 മാര്‍ച്ചില്‍ ഓസ്‌ട്രേലിയക്ക് എതിരായ ടെസ്റ്റിലാണ് ഹര്‍ഭജന്‍ ഒടുവില്‍ ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞത്. ബംഗ്ലാദേശ് പര്യടനത്തിനായി രണ്ട് വര്‍ഷത്തിന് ശേഷം വീണ്ടും ടീമിലെത്തിയപ്പോള്‍ ഒരു പുതിയ തുടക്കമായാണ് തോന്നുന്നതെന്നും ഹര്‍ഭജന്‍ പറഞ്ഞു. ഇപ്പോള്‍ കിട്ടിയ അവസരം പരമാവധി പ്രയോജനപ്പെടുത്തുക എന്നുള്ളതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

101 ടെസ്റ്റ് മത്സരങ്ങളില്‍ 413 വിക്കറ്റുകള്‍ നേടിയ ഹര്‍ഭജന്‍ സിംഗ് 619 വിക്കറ്റുകളുള്ള അനില്‍ കുംബ്ലെയ്ക്കും 434 വിക്കറ്റുകളുള്ള കപില്‍ ദേവിനും പിറകില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകളുള്ള ഇന്ത്യയുടെ മൂന്നാമത്തെ ബൗളറാണ്.